ഫവാഇദ്

നസ്വീഹഃ

എന്തിനെയെല്ലാമാണ് ഭയക്കേണ്ടത്!

1. അല്ലാഹുവിനെ ഭയക്കുക.

2. അല്ലാഹുവിൻ്റെ ശിക്ഷയെ ഭയക്കുക.

3. നന്മകൾ അല്ലാഹു സ്വീകരിക്കുമോ എന്ന് ഭയക്കുക.

4. മുസ്ലിമായിട്ടല്ലാതെ മരിക്കുമോ എന്ന് ഭയക്കുക.

പ്രതീക്ഷ ഏതിലെല്ലാം?

1. അല്ലാഹുവിൽ പ്രതീക്ഷ അർപ്പിക്കുക.

2. സ്വർഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുക.

3. നന്മകൾ അല്ലാഹു സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുക.

4. തിന്മകൾ അല്ലാഹു പൊറുക്കുമെന്ന് പ്രതീക്ഷിക്കുക.

മുസ്ലിമിന്റെ കാര്യം എത്ര അത്ഭുതം!

عَنْ صُهَيْبٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ»

സ്വുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മുഅ്മിനിന്‍റെ കാര്യം അത്ഭുതം തന്നെ. അവന്‍റെ എല്ലാ കാര്യങ്ങളും നന്മയാണ്. അതൊരു മുഅ്മിനിനല്ലാതെ ഉണ്ടാവുകയുമില്ല. അവനൊരു നന്മ ലഭിച്ചാല്‍ അവനതില്‍ നന്ദി പ്രകടിപ്പിക്കും; അങ്ങനെ അതവനൊരു നന്മയായി. അവനൊരു പ്രയാസം ബാധിച്ചാല്‍ അതിലവന്‍ ക്ഷമിക്കും; അതുമവന് നന്മയായി.”

(മുസ്ലിം: 2999)

നന്മകൾ ചെയ്തിട്ടും ഭയന്നു വിറക്കുന്നവർ!

അല്ലാഹു -تَعَالَى- പറഞ്ഞു:

وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ ﴿٦٠﴾ أُولَـٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ ﴿٦١﴾

“തങ്ങള്‍ തങ്ങളുടെ റബ്ബിലേക്ക് മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവര്‍ ആരോ; അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.” (മുഅമിനൂന്‍: 60-61)

ഈ ആയത്തിനെ കുറിച്ച് ആഇഷ -ِرَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിക്കുകയുണ്ടായി. “മദ്യപിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നവരാണോ അവര്‍ (ഹൃദയങ്ങള്‍ ഭയന്നു വിറക്കുന്നവര്‍)? നബി -ﷺ- പറഞ്ഞു:

لاَ يَا بِنْتَ الصِّدِّيقِ، وَلَكِنَّهُمُ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ، وَهُمْ يَخَافُونَ أَنْ لاَ تُقْبَلَ مِنْهُمْ

“അല്ല സിദ്ധീഖിന്റെ മകളേ! അവര്‍ നോമ്പ് നോല്‍ക്കുകയും, നിസ്കരിക്കുകയും, സ്വദഖ നല്‍കുകയും ചെയ്യുന്നവരാണ്. (എന്നാല്‍) തങ്ങളില്‍ നിന്ന് സ്വീകരിക്കപ്പെടില്ല എന്ന് അവര്‍ ഭയക്കുന്നു.” (തിര്‍മിദി: 3175)

പരീക്ഷണങ്ങൾ സ്വർഗത്തിലേക്കുള്ള വഴി

عَنْ سَعْدِ بْنِ أَبِي وَقَّاصٍ، قَالَ: قُلْتُ: يَا رَسُولَ اللَّهِ أَيُّ النَّاسِ أَشَدُّ بَلَاءً؟ قَالَ: «الْأَنْبِيَاءُ، ثُمَّ الْأَمْثَلُ فَالْأَمْثَلُ، يُبْتَلَى الْعَبْدُ عَلَى حَسَبِ دِينِهِ، فَإِنْ كَانَ فِي دِينِهِ صُلْبًا، اشْتَدَّ بَلَاؤُهُ، وَإِنْ كَانَ فِي دِينِهِ رِقَّةٌ، ابْتُلِيَ عَلَى حَسَبِ دِينِهِ، فَمَا يَبْرَحُ الْبَلَاءُ بِالْعَبْدِ، حَتَّى يَتْرُكَهُ يَمْشِي عَلَى الْأَرْضِ، وَمَا عَلَيْهِ مِنْ خَطِيئَةٍ»

സഅ്ദ് ബ്നു അബീ വഖാസ്വ് -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: ഒരിക്കല്‍ നബി -ﷺ- യോട് ഞാൻ ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ! ജനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കഠിനമായി പരീക്ഷിക്കപ്പെടുക ആരാണ്? അവിടുന്ന് പറഞ്ഞു: “നബിമാരാണ് (ഏറ്റവും ശക്തമായി പരീക്ഷിക്കപ്പെടുക). പിന്നീട് അവരോട് ഏറ്റവും സാമ്യമുള്ളവര്‍. പിന്നീട് അവരോട് ഏറ്റവും സാമ്യമുള്ളവര്‍. ഒരു മനുഷ്യന്‍ തന്‍റെ ദീന്‍ അനുസരിച്ച് പരീക്ഷിക്കപ്പെടും.

അവന്‍ തന്‍റെ ദീനില്‍ ഉറച്ചു നിലകൊള്ളുന്നവനാണെങ്കില്‍ അവന്‍റെ പരീക്ഷണം ശക്തമാകും. അവന്‍റെ ദീനില്‍ ബലക്ഷയമുണ്ടെങ്കില്‍ അതിന് അനുസരിച്ചേ പരീക്ഷിക്കപ്പെടുകയുള്ളൂ. പ്രയാസങ്ങള്‍ ഒരു അടിമയെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരിക്കും; അവസാനം ഭൂമിക്ക് മുകളിലൂടെ നടക്കവെ ഒരു തിന്മ പോലും അവന്‍റെ മേല്‍ ബാക്കിയുണ്ടാകാത്ത അവസ്ഥയില്‍ (അവനാകുന്നത് വരെ).”

(ഇബ്നു മാജ: 4023)

അഞ്ചു തിന്മകളും അഞ്ചു ശിക്ഷകളും

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ: أَقْبَلَ عَلَيْنَا رَسُولُ اللَّهِ -ﷺ- فَقَالَ: «يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا، وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ، إِلَّا أُخِذُوا بِالسِّنِينَ، وَشِدَّةِ الْمَئُونَةِ، وَجَوْرِ السُّلْطَانِ عَلَيْهِمْ، وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ، إِلَّا مُنِعُوا الْقَطْرَ مِنَ السَّمَاءِ، وَلَوْلَا الْبَهَائِمُ لَمْ يُمْطَرُوا، وَلَمْ يَنْقُضُوا عَهْدَ اللَّهِ، وَعَهْدَ رَسُولِهِ، إِلَّا سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ، فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ، وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ، وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ، إِلَّا جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْ»

നബി -ﷺ- പറഞ്ഞു: “ഹേ മുഹാജിറുകളുടെ സമൂഹമേ! അഞ്ചു കാര്യങ്ങള്‍; അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍… നിങ്ങള്‍ക്ക് അവ ബാധിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് ശരണം തേടുന്നു.

വ്യഭിചാരം ഒരു സമൂഹത്തില്‍ വ്യാപകമാവുകയും, അതവര്‍ പരസ്യമാക്കുകയും ചെയ്താല്‍, അവരില്‍ മുന്‍സമൂഹങ്ങളില്‍ കാണപ്പെടാത്ത പ്ലേഗും മറ്റു രോഗങ്ങളും പടരാതിരിക്കില്ല.

അവര്‍ തൂക്കത്തിലും അളവിലും കൃത്രിമം കാട്ടിയാല്‍, വരള്‍ച്ചയും ഉയര്‍ന്ന ജീവിതച്ചിലവുകളും, ഭരണാധികാരികളുടെ അതിക്രമവും അവരെ ബാധിക്കാതിരിക്കുകയില്ല.

തങ്ങളുടെ സമ്പത്തിലെ സകാത് അവര്‍ തടഞ്ഞു വെച്ചാല്‍ ആകാശത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല; കന്നുകാലികള്‍ ഇല്ലായിരുന്നെങ്കിലും മഴ പെയ്യുകയേ ഇല്ലായിരുന്നു.

അല്ലാഹുവിന്‍റെ കരാറും, റസൂലിന്‍റെ കരാറും അവര്‍ ലംഘിച്ചാല്‍, അവര്‍ക്ക് പുറമെ നിന്നുള്ള ശത്രുക്കള്‍ക്ക് അല്ലാഹു അവരുടെ മേല്‍ അധികാരം നല്‍കാതിരിക്കില്ല; അങ്ങനെ അവര്‍ (ശത്രുക്കള്‍) അവരുടെ (മുസ്ലിമീങ്ങളുടെ) കൈകളിലുള്ള ചിലത് തട്ടിയെടുക്കും.

അവരിലെ നേതാക്കന്മാര്‍ അല്ലാഹുവിന്‍റെ ഗ്രന്ഥം കൊണ്ട് വിധിക്കാതിരിക്കുകയും, അക്കാര്യത്തില്‍ തന്നിഷ്ടങ്ങള്‍ സ്വീകരിക്കുകയും ചെയ്താല്‍, അല്ലാഹു അവര്‍ക്കിടയില്‍ പരസ്പരം പ്രശ്നങ്ങള്‍ നിശ്ചയിക്കാതിരിക്കില്ല.”

(ഇബ്നു മാജ: 4019)

നിന്നെ നീ തന്നെ വഞ്ചിക്കാതിരിക്കട്ടെ!

قَالَ أَبُو مُسْلِمٍ الْخَوْلَانِيُّ: «أَرَأَيْتُمْ نَفْسًا إِنْ أَنَا أَكْرَمْتُهَا، وَنَعَّمْتُهَا، وَوَدَعْتُهَا، ذَمَّتْنِي غَدًا عِنْدَ اللَّهِ وَإِنْ أَنَا أَسْخَطْتُهَا وَأَنْصَبْتُهَا وَأَعْمَلْتُهَا رَضِيَتْ عَنِّي غَدًا» قَالُوا: مَنْ تِيكُمْ يَا أَبَا مُسْلِمٍ؟ قَالَ: «تِيكُمْ وَاللَّهِ نَفْسِي»

അബൂ മുസ്ലിം അല്‍-ഖൗലാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഒരാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളെ ഞാന്‍ ആദരിക്കുകയും, സുഖങ്ങള്‍ കൊണ്ട് മൂടുകയും, സ്വസ്ഥത നല്‍കുകയും ചെയ്താല്‍; നാളെ അല്ലാഹുവിന്‍റെ അടുക്കല്‍ അയാളെന്നെ കുറ്റപ്പെടുത്തും. എന്നാല്‍, അയാളെ ഞാന്‍ ദേഷ്യം പിടിപ്പിക്കുകയും, പ്രയാസപ്പെടുത്തുകയും, അയാളെ കൊണ്ട് പണിയെടുപ്പിക്കുകയും ചെയ്താലോ; നാളെ എന്നെ കുറിച്ച് അയാള്‍ തൃപ്തനായിരിക്കുകയും ചെയ്യും.”

കേട്ടവര്‍ ചോദിച്ചു: “അബൂ മുസ്ലിം! ആരാണ് ഇയാള്‍?!”

അദ്ദേഹം പറഞ്ഞു: “അത് -അല്ലാഹു സത്യം- എന്‍റെ മനസ്സ് തന്നെയാണ്.”

(മുഖ്തസ്വറുല്‍ ഹിൽയ: 1/315)

അല്ലാഹുവിനോട് ചോദിക്കുക; അവൻ്റെ ഖജാനകളത്രെ നിറഞ്ഞിരിക്കുന്നത്!

നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന്‍റെ കൈ നിറഞ്ഞതാണ്. എത്ര നല്‍കിയാലും അതില്‍ കുറവു വരികയില്ല. രാത്രിയിലും രാവിലെയുമായി അവന്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. ആകാശഭൂമികള്‍ സൃഷ്ടിച്ചതിന് ശേഷം എന്തു മാത്രമാണ് അവന്‍ ദാനം ചെയ്തതെന്ന് നിങ്ങള്‍ കാണുന്നില്ലേ? അതൊന്നും അവന്‍റെ കൈയ്യിലുള്ളത് കുറവു വരുത്തിയിട്ടില്ല.” (ബുഖാരി: 7411.)

عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «يَدُ اللَّهِ مَلْأَى لاَ يَغِيضُهَا نَفَقَةٌ، سَحَّاءُ اللَّيْلَ وَالنَّهَارَ، وَقَالَ: أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ»

സൃഷ്ടികളുടെ കൈകളെല്ലാം ശൂന്യമാണ്. തങ്ങളുടെ നേര്‍ക്ക് നീട്ടിയിരിക്കുന്ന കൈകളിലേക്ക് നല്‍കാന്‍ അവരുടെ കയ്യില്‍ ഒന്നും തന്നെയില്ല. അത് കൊണ്ട് കൈകള്‍ ശൂന്യമാകാത്ത, കാലിയാകാത്ത ഖജാനകളുള്ള അല്ലാഹുവിനോട് ചോദിക്കുക.

ഈ ദിവസത്തിനായി നീ എന്താണ് ഒരുക്കി വെച്ചിട്ടുള്ളത്?!

അബൂഹുറൈറ -تَعَالَى- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു ഭൂമിയെ പിടിക്കും; ആകാശത്തെ തന്‍റെ വലതു കൈ കൊണ്ട് ചുരുട്ടി പിടിക്കും. എന്നിട്ട് അവന്‍ പറയും: ഞാനാണ് രാജാവ്; എവിടെ ഭൂമിയിലെ രാജാക്കന്മാര്‍?” (ബുഖാരി: 4812, മുസ്ലിം: 2787)

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-، أَنَّ رَسُولَ اللَّهِ -ﷺ- قال: «يَقْبِضُ اللَّهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ: أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ»

മക്കളോടുള്ള സ്നേഹം അവരെ നശിപ്പിക്കാതിരിക്കട്ടെ..!

قَالَ الإِمَامُ ابْنُ القَيِّمِ رَحِمَهُ اللَّهُ تَبَارَكَ وَتَعَالَىٰ: «وَكَمْ مِمَّنْ أَشْقَىٰ وَلَدَهُ وَفِلْذَةَ كَبِدِهِ فِي الدُّنْيَا وَالآخِرَةِ بِإِهْمَالِهِ وَتَرْكِ تَأْدِيبِهِ، وَإِعَانَتِهِ لَهُ عَلَىٰ شَهَوَاتِهِ، وَيَزْعُمُ أَنَّهُ يُكْرِمُهُ وَقَدْ أَهَانَهُ، وَأَنَّهُ يَرْحَمُهُ وَقَدْ ظَلَمَهُ وَحَرمَهُ ، فَفَاتَهُ انْتِفَاعُهُ بِوَلَدِهِ، وَفَوَّتَ عَلَيْهِ حَظَّهُ فِي الدُّنْيَا وَالآخِرَةِ، وَإِذَا اعْتَبَرْتَ الفَسَادَ فِي الأَوْلَادِ رَأَيْتَ عَامَّتَهُ مِنْ قِبَلِ الآبَاءِ»

ഇമാം ഇബ്നുൽ ഖയ്യിം -رَحِمَهُ اللهُ- പറഞ്ഞു: “എത്രയെത്ര മാതാപിതാക്കളാണ് തങ്ങളുടെ പ്രിയപ്പെട്ട മക്കളെ അവരുടെ കാര്യത്തിൽ അലസത കാണിച്ചു കൊണ്ടും, അവരെ മര്യാദകൾ പഠിപ്പിക്കാതെയും, അവരുടെ എല്ലാ ആഗ്രഹങ്ങൾക്കും സഹായം നൽകിക്കൊണ്ടും ഈ ലോകത്തും പരലോകത്തും അവരെ നഷ്ടക്കാരാക്കി മാറ്റിയിട്ടുള്ളത്..?!

തങ്ങൾ മക്കളെ ആദരിക്കുകയാണ് എന്നാണ് അതിനവരുടെ ന്യായം. യഥാർത്ഥത്തിൽ അവരെ അപമാനിക്കുകയാണ് അവർ ചെയ്യുന്നത്. ഇത് കരുണയാണ് എന്നാണ് അവർ ജൽപ്പിക്കുന്നത്; യഥാർത്ഥത്തിൽ അവർ മക്കളോട് അതിക്രമം കാണിക്കുകയും, നന്മകളിൽ നിന്ന് അവരെ തടയുകയുമാണ് ചെയ്യുന്നത്.

ഇതിലൂടെ തൻ്റെ മക്കളെ കൊണ്ടുള്ള ഉപകാരം പിന്നീട് അവന് നഷ്ടമാകുന്നു. മക്കൾക്ക് ഇഹലോകത്തും പരലോകത്തും ലഭിക്കേണ്ട അനേകം വിഹിതങ്ങൾ അവർക്ക് അവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. മക്കൾ നശിച്ചു പോവുന്നതിന്റെ കാരണങ്ങളെ കുറിച്ച് നീ ചിന്തിച്ച് നോക്കിയാൽ, അതിൽ മിക്കതിനും മാതാപിതാക്കളായിരിക്കും കാരണക്കാർ എന്ന് നിനക്ക് കാണാൻ സാധിക്കും!!” (തുഹ്ഫതുൽ മൗലൂദ്: 242)

നാവിൻ്റെ ഉപയോഗം സൂക്ഷിച്ചില്ലെങ്കിൽ...!!

قَالَ الْإِمَامُ ابْنُ الْقَيِّمِ رَحِمَهُ اللهُ تَعَالَى: «وَمِنَ الْعَجَبِ أَنَّ الْإِنْسَانَ يَهُونُ عَلَيْهِ التَّحَفُّظُ وَالِاحْتِرَازُ مِنْ أَكْلِ الْحَرَامِ وَالظُّلْمِ وَالزِّنَى وَالسَّرِقَةِ وَشُرْبِ الْخَمْرِ، وَمِنَ النَّظَرِ الْمُحَرَّمِ وَغَيْرِ ذَلِكَ، وَيَصْعُبُ عَلَيْهِ التَّحَفُّظُ مِنْ حَرَكَةِ لِسَانِهِ، حَتَّى تَرَى الرَّجُلَ يُشَارُ إِلَيْهِ بِالدِّينِ وَالزُّهْدِ وَالْعِبَادَةِ، وَهُوَ يَتَكَلَّمُ بِالْكَلِمَاتِ مِنْ سَخَطِ اللَّهِ لَا يُلْقِي لَهَا بَالًا، يَنْزِلُ بِالْكَلِمَةِ الْوَاحِدَةِ مِنْهَا أَبْعَدَ مِمَّا بَيْنَ الْمَشْرِقِ وَالْمَغْرِبِ، وَكَمْ تَرَى مِنْ رَجُلٍ مُتَوَرِّعٍ عَنِ الْفَوَاحِشِ وَالظُّلْمِ، وَلِسَانُهُ يَفْرِي فِي أَعْرَاضِ الْأَحْيَاءِ وَالْأَمْوَاتِ، وَلَا يُبَالِي مَا يَقُولُ، وَإِذَا أَرَدْتَ أَنْ تَعْرِفَ ذَلِكَ فَانْظُرْ …» [الجواب الكافي:159]

ഇമാം ഇബ്നുല്‍ ഖയ്യിം- رَحِمَهُ اللهُ- പറഞ്ഞു: “ഹറാമുകള്‍ ഭക്ഷിക്കുന്നതും, മറ്റൊരാളോട് അതിക്രമം ചെയ്യുന്നതും, വ്യഭിചാരവും മോഷണവും മദ്യപാനവും ഹറാമായ നോട്ടവും, അത് പോലെയുവയുമെല്ലാം വളരെ എളുപ്പത്തിൽ ഒഴിവാക്കുകയും, അവയിൽ നിന്നെല്ലാം സൂക്ഷ്മത കൈക്കൊള്ളുകയൂം ചെയ്യുന്ന ചിലർക്ക് തൻ്റെ നാവിൻ്റെ ചലനം നിയന്ത്രിക്കുക എന്നത് വളരെ പ്രയാസകരമാവുന്നു എന്നത് വളരെ അത്ഭുതകരമായ കാര്യം തന്നെ!

ദീന്‍ പാലിക്കുന്നതിലും ദുന്യവിനോടുള്ള വിരക്തിയിലും ഇബാദത്തുകളിലും മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ചിലർ പോലും അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന വാക്കുകൾ സംസാരിക്കുന്നത് നിനക്ക് കാണാൻ സാധിക്കും. അയാൾ അതിന് യാതൊരു ഗൗരവവും കൽപ്പിച്ചിട്ടില്ലെങ്കിലും, ആ ഒരു വാക്ക് അയാളെ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ദൂരം അകലേക്ക് നരകത്തിൽ വീഴ്ത്തിയേക്കാം!

എത്രയെത്ര ആളുകളാണ് വൃത്തികേടുകളില്‍ നിന്നും അക്രമങ്ങളില്‍ നിന്നുമൊക്കെ വളരെ ജാഗ്രത പാലിക്കുന്നത്! എന്നാല്‍ അയാളുടെ നാവാകട്ടെ ജീവിച്ചിരിക്കുന്നവരുടെയും മരണപ്പെട്ടവരുടെയും അഭിമാനത്തെ പിച്ചിച്ചീന്തുന്നതായിരിക്കും. താൻ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ചിന്തയുമുണ്ടാവില്ല.,!

ഇമാം മുസ്ലിം അദേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ജുന്ദുബ് ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- ൻ്റെ ഹദീഥ് ശ്രദ്ധിക്കുക:

عَنْ جُنْدَبٍ، أَنَّ رَسُولَ اللَّهِ -ﷺ- حَدَّثَ أَنَّ رَجُلًا قَالَ: «وَاللَّهِ! لَا يَغْفِرُ اللَّهُ لِفُلَانٍ، وَإِنَّ اللَّهَ تَعَالَى قَالَ: مَنْ ذَا الَّذِي يَتَأَلَّى عَلَيَّ أَنْ لَا أَغْفِرَ لِفُلَانٍ، فَإِنِّي قَدْ غَفَرْتُ لِفُلَانٍ، وَأَحْبَطْتُ عَمَلَكَ» أَوْ كَمَا قَالَ.

നബി -ﷺ- അറിയിച്ചു: ഒരാള്‍ പറഞ്ഞു: ഇന്നയാള്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയില്ല. അപ്പോള്‍ അല്ലാഹു പറഞ്ഞു: ഞാന്‍ അയാള്‍ക്ക് പൊറുത്തു കൊടുക്കുകയില്ല എന്ന് എൻ്റെ കാര്യത്തില്‍ സത്യം ചെയ്യുന്നവന്‍ ആരാണ്? തീര്‍ച്ചയായും അയാള്‍ക്ക് ഞാന്‍ പൊറുത്തു കൊടുക്കുകയും, നിൻ്റെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പൊളിച്ചു കളയുകയും ചെയ്തിരിക്കുന്നു.”

അല്ലാഹുവിനെ അവന്‍ കല്‍പിച്ചത്‌ പോലെ ഇബാദത്ത് ചെയ്തിരുന്ന ഈ മനുഷ്യന്‍! ഒരൊറ്റ വാക്ക് അയാളുടെ അമലുകള്‍ മുഴുവനും പൊളിച്ചു കളഞ്ഞു.” [അല്‍-ജവാബുല്‍ കാഫീ :159]

ഹദീഥുകൾ കേട്ടാൽ ഉറപ്പു വരുത്തുക

സലഫുകള്‍ ഹദീഥുകള്‍ കേട്ടുകഴിഞ്ഞാല്‍ അതിന്റെ സ്രോതസ്സ് ഉറപ്പു വരുത്തുന്നതിന് വേണ്ടി ദീര്‍ഘദൂര യാത്രകള്‍ വരെ നടത്തിയവരായിരുന്നു.

عَنْ أَبِي العَالِيَةِ قَالَ: «كُنَّا نَسْمَعُ الرِّوَايَةَ عَنْ أَصْحَابِ رَسُولِ اللَّهِ -ﷺ- فِي البَصَرَةِ، فَلَمْ نَرْضَ حَتَّى رَكِبْنَا إِلَى المَدِينَةِ فَسَمِعْنَاهَا مِنْ أَفْوَاهِهِمْ»

അബുല്‍ ആലിയ -رَحِمَهُ اللَّهُ- പറയുന്നത് നോക്കൂ: “നബി-ﷺ-യുടെ സ്വഹാബിമാരില്‍ നിന്നുള്ള നിവേദനങ്ങള്‍ ബസറയില്‍ നിന്ന് ഞങ്ങള്‍ കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ മദീനയിലേക്ക് യാത്ര ചെയ്ത് അവരുടെ നാവുകളില്‍ നിന്ന് അത് കേട്ടാലല്ലാതെ ഞങ്ങള്‍ തൃപ്തരാവില്ലായിരുന്നു.” (ഖത്തീബുല്‍ ബഗ്ദാദിയുടെ അല്‍-കിഫായ ഫീ ഇല്‍മിരിവായ:402)

ഇതായിരുന്നു സലഫുകളുടെ സൂക്ഷമതയെങ്കില്‍, ഇന്നുള്ള അവസ്ഥയെന്താണ്?!

ഫെയ്സ്ബുക്ക് ഷെയറുകളായും, ട്വീറ്റുകളായും ജനങ്ങള്‍ മതത്തിൻ്റെ പേരില്‍ പ്രചരിപ്പിക്കുന്ന നബി -ﷺ- യുടെ പേരിലുള്ള ഹദീഥുകളുടെയും, മറ്റു വാര്‍ത്തകളുടെയും അവസ്ഥ വളരെ ദയനീയമാണ്. ചിലർ എപ്പോഴെങ്കിലും ഈമാന്‍ കുറച്ച് കൂടിയ സന്ദര്‍ഭത്തില്‍ ഇസ്ലാമുമായി ബന്ധമുണ്ടെന്ന് തോന്നിക്കപ്പെടുന്ന എന്തും ഷെയര്‍ ചെയ്യുന്നത് കാണാം; അതിന് പിന്നെ ലൈക്കും ഷെയറുമായി പിന്നാലെ കൂടാന്‍ അനേകമാളുകള്‍. ഇത് ഒരു മുസ്ലിമിന് ഒട്ടും യോജിച്ചതല്ല.

ദീൻ പറഞ്ഞു തരുന്നവരെ ശ്രദ്ധിക്കുക

قَالَ الإِمَامُ ابْنُ سِيرِين: «لَمْ يَكُونُوا يَسْأَلُونَ عَنِ الإِسْنَادِ، فَلَمَّا وَقَعَتِ الفِتْنَةُ قَالُوا : سَمُّوا لَنَا رِجَالَكُمْ، فَيُنْظَرُ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ حَدِيثُهُمْ، وَيُنْظَرُ إِلَى أَهْلِ البِدَعِ فَلَا يُؤْخَذُ حَدِيثُهُمْ»

ഇബ്നു സീരീന്‍ -رَحِمَهُ اللَّهُ- പറയുന്നു: “അവര്‍ (സലഫുകള്‍) സനദ് ചോദിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഫിത്ന ഉണ്ടായപ്പോള്‍ ‘നിങ്ങളുടെ (ഹദീഥിന്റെ നിവേദകപരമ്പരയിലെ) നിവേദകരുടെ പേര് പറയൂ’ എന്ന് അവര്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ശേഷം അഹ്ലുസ്സുന്നയുടെ വക്താക്കളാണെങ്കില്‍ അവരുടെ ഹദീഥുകള്‍ സ്വീകരിക്കുകയും, ബിദ്അത്തിന്റെ വക്താക്കളുടെ ഹദീഥുകളാണെങ്കില്‍ അവരുടെ ഹദീഥ് തള്ളുകയും ചെയ്യും.” (മുഖദ്ദിമതു മുസ്ലിം:1/8.)

ഖാലഖീലകൾ സൂക്ഷിക്കുക!

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ اللَّهَ يَرْضَى لَكُمْ ثَلَاثًا، وَيَكْرَهُ لَكُمْ ثَلَاثًا، فَيَرْضَى لَكُمْ: أَنْ تَعْبُدُوهُ، وَلَا تُشْرِكُوا بِهِ شَيْئًا، وَأَنْ تَعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا، وَيَكْرَهُ لَكُمْ: قِيلَ وَقَالَ، وَكَثْرَةَ السُّؤَالِ، وَإِضَاعَةِ الْمَالِ»

നബി -ﷺ- പറഞ്ഞു: “അല്ലാഹു മൂന്ന് കാര്യങ്ങള്‍ നിങ്ങളില്‍ തൃപ്തിപ്പെടുകയും, മൂന്ന് കാര്യങ്ങള്‍ വെറുക്കുകയും ചെയ്തിരിക്കുന്നു.

അവനെ മാത്രം നിങ്ങള്‍ ആരാധിക്കുക, അവനില്‍ നിങ്ങള്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക, അല്ലാഹുവിന്റെ പാശത്തില്‍ നിങ്ങളെല്ലാവരും മുറുകെ പിടിക്കുകയും ഭിന്നിക്കാതിരിക്കുകയും ചെയ്യുക എന്നത് അവന്‍ നിങ്ങളില്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ‘ഖാല-ഖീലകളും’, ചോദ്യങ്ങള്‍ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവന്‍ നിങ്ങളില്‍ വെറുത്തിരിക്കുന്നു.” (മുസ്ലിം:1715.)

ഖാല-ഖീലകള്‍ എന്നാല്‍ വ്യക്തമായ സ്രോതസ്സ് അറിഞ്ഞിട്ടില്ലാത്ത വാര്‍ത്തകളും, അടിസ്ഥാനമില്ലാത്ത നിവേദനങ്ങളുമാണ്. അടിസ്ഥാനമില്ലാത്ത എല്ലാ വാര്‍ത്തകളും അവയിൽ ഉൾപ്പെടും. വാര്‍ത്തകളില്‍ ഏറ്റവും ശ്രേഷ്ഠമായ അല്ലാഹുവിന്റെ വാക്കുകളെ വിശദീകരിക്കുന്ന നബി-ﷺ-യുടെ ഹദീഥുകളുടെ കാര്യത്തിലാണ് മേല്‍ പറഞ്ഞ ‘ഖാല-ഖീലകള്‍’ കടന്നു വരുന്നതെങ്കില്‍ അതിന്റെ ഗൗരവം എത്ര മാത്രമാണെന്ന് ചിന്തിച്ചു നോക്കുക!

നബി -ﷺ- യുടെ മേൽ കളവ് പറയുന്നതിൻ്റെ ഗൗരവം

ഹദീഥുകള്‍ സ്വഹീഹാണോ ദഈഫാണോ എന്ന സംശയത്തോടെ നിവേദനം ചെയ്യുന്നത് നബി -ﷺ- വിലക്കിയിട്ടുണ്ട്.

عَنْ سَمُرَةَ بْنِ جُنْدَبٍ، عَنْ رَسُولِ اللَّهِ -ﷺ- قَالَ: «مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ، فَهُوَ أَحَدُ الْكَاذِبِينَ»

അവിടുന്ന് പറഞ്ഞു: “ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്.” (മുസ്ലിം തന്റെ മുഖദ്ദിമയില്‍:1/9.)

عَنْ عَلِيٍّ قَالَ: قَالَ رَسُولُ اللَّهِ -ﷺ- : «لَا تَكْذِبُوا عَلَيَّ، فَإِنَّهُ مَنْ يَكْذِبْ عَلَيَّ يَلِجِ النَّارَ»

നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ എന്റെ മേല്‍ കളവ് പറയരുത്. നിശ്ചയം! എന്റെ മേല്‍ കളവ് പറയുന്നവന്‍ നരകത്തില്‍ പ്രവേശിക്കും.” (മുസ്ലിം മുഖദ്ദിമയില്‍:1/9)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ كَذَبَ عَلَيَّ مُتَعَمِّدًا، فَلْيَتَبَوَّأْ مَقْعَدَهُ مِنَ النَّارِ»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും എന്റെ മേല്‍ ബോധപൂര്‍വ്വം കളവ് കെട്ടിച്ചമച്ചാല്‍, അവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ.” (മുഖദ്ദിമതു മുസ്ലിം:1/10.)

നൂറില്‍ പരം സ്വഹാബികള്‍ ഈ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ടെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അറുപത്തിരണ്ട് സ്വഹാബികള്‍ ഇത് നിവേദനം ചെയ്തിട്ടുണ്ടെന്ന് ഇമാം ഇബ്നുസ്സ്വലാഹ് പറഞ്ഞിരിക്കുന്നു. ഇമാം നവവിയുടെ അഭിപ്രായപ്രകാരം ഇരുനൂറിന്റെ അടുത്ത് സ്വഹാബികള്‍ ഈ ഹദീഥ് നിവേദനം ചെയ്തിട്ടുണ്ട്. എഴുപതില്‍ പരം സ്വഹാബികള്‍ ഈ ഹദീഥ് ഉദ്ദരിച്ചത് പൂര്‍ണമായും പദം യോജിച്ച് കൊണ്ടാണെന്ന് ഇമാം അല്‍-ഇറാഖി പറഞ്ഞിട്ടുണ്ട്.

നബി-ﷺ-യില്‍ നിന്ന് ഞാന്‍ കേട്ട ധാരാളം ഹദീഥുകള്‍ നിങ്ങളോട് പറയുന്നതില്‍ നിന്ന് എന്നെ തടയുന്നത് “എന്റെ മേല്‍ ബോധപൂര്‍വ്വം കളവ് പറയുന്നവന്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു കൊള്ളട്ടെ” എന്ന നബി-ﷺ-യുടെ ഹദീഥാണ് എന്ന് അനസ് ബ്നു മാലിക്ക് -ِرَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന്നു. (മുഖദ്ദിമതുമുസ്ലിം:1/10)

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى، قَالَ: قُلْنَا لِزَيْدِ بْنِ أَرْقَمَ: حَدِّثْنَا عَنْ رَسُولِ اللَّهِ -ﷺ-، قَالَ: «كَبِرْنَا وَنَسِينَا، وَالْحَدِيثُ عَنْ رَسُولِ اللَّهِ –ﷺ- شَدِيدٌ»

സയ്ദ് ബ്നു അര്‍ഖം എന്ന മഹാനായ സ്വഹാബിയോട് നബി-ﷺ-യില്‍ നിന്നുള്ള ഹദീഥുകള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തരൂ എന്നാവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ക്ക് പ്രായമായി, (പലതും) മറക്കുകയും ചെയ്തു. നബി-ﷺ-യില്‍ നിന്നുള്ള ഹദീഥ് (നിവേദനം ചെയ്യലാകട്ടെ) വളരെ ഗൗരവമുള്ള കാര്യമാണ്.” (ഇബ്നു മാജ:25, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ബോധപൂര്‍വ്വം കളവ് പറയുന്നവരായി സ്വഹാബികളില്‍ ഒരാള്‍ പോലുമില്ലാതിരുന്നിട്ടും, പ്രവാചകന്‍-ﷺ-യുടെ ഗൗരവമേറിയ താക്കീത് സംശയമുള്ളതോ ചെറിയ ഓര്‍മ്മ മാത്രമുള്ളതോ ആയ ഹദീഥുകള്‍ ഉദ്ദരിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. പക്ഷേ, ജനങ്ങളെ ‘അത്ഭുതപ്പെടുത്തുകയോ വിസ്മയിപ്പിക്കുകയോ’ ചെയ്യുന്ന ‘ഹദീഥുകള്‍’ കേട്ടുകഴിഞ്ഞാല്‍ അത് ദുര്‍ബലമോ സ്വീകാര്യമോ ആണെന്ന പരിശോധന നടത്താതെ പ്രചരിപ്പിക്കുന്നവർ വര്‍ദ്ധിക്കുകയാണ്. സത്യനിഷേധികളും വേദക്കാരും നടത്തുന്ന പത്രങ്ങളില്‍ മഹദ്വചനങ്ങള്‍ എന്ന പേരില്‍ കൊടുക്കുന്ന കോളങ്ങളിലും മറ്റും നബിവചനം എന്ന പേരില്‍ അച്ചടിച്ചു വിടുന്ന പലതും യാതൊരു അന്വേഷണവും കൂടാതെ പ്രചരിപ്പിക്കാന്‍ വരെ പലര്‍ക്കും പേടിയില്ലാതായിരിക്കുന്നു.

കള്ളഹദീഥുകൾ പ്രചരിപ്പിക്കുന്ന പിശാചുക്കൾ

തനിക്ക് വ്യക്തമായ ബോധ്യവും അറിവും ഇല്ലാത്ത ഇത്തരക്കാരില്‍ നിന്ന് മതവിഷയങ്ങളോ, ഹദീഥുകളോ ഉദ്ദരിക്കുന്നത് സ്വഹാബികളടക്കമുള്ളവര്‍ വിലക്കിയിട്ടുണ്ട്. മതരംഗത്തുള്ള സൂക്ഷ്മതയില്ലായ്മയാണ് അതെന്നതിന് പുറമേ മറ്റൊരു കാരണം കൂടി അവര്‍ പറഞ്ഞതായി കാണാം.

عَنْ عَبْدُ اللَّهِ: «إِنَّ الشَّيْطَانَ لَيَتَمَثَّلُ فِي صُورَةِ الرَّجُلِ، فَيَأْتِي الْقَوْمَ، فَيُحَدِّثُهُمْ بِالْحَدِيثِ مِنَ الْكَذِبِ، فَيَتَفَرَّقُونَ، فَيَقُولُ الرَّجُلُ مِنْهُمْ: سَمِعْتُ رَجُلًا أَعْرِفُ وَجْهَهُ، وَلَا أَدْرِي مَا اسْمُهُ يُحَدِّثُ»

അബ്ദുല്ലാഹിബ്നു മസ്ഊദ് -ِرَضِيَ اللَّهُ عَنْهُ- വിന്റെ വാക്കുകള്‍ നോക്കുക: “പിശാച് മനുഷ്യ രൂപത്തില്‍ ഒരു സമൂഹത്തിന്റെ അരികില്‍ ചെല്ലുകയും, അവരോട് കള്ള ഹദീഥുകള്‍പറഞ്ഞു കൊടുക്കുകയും ചെയ്യും. (പറഞ്ഞതെല്ലാം കേട്ട ശേഷം) ജനങ്ങള്‍ പിരിഞ്ഞു പോകും. പിന്നീട് അവരില്‍ ഒരാള്‍ പറയും: “ഞാന്‍ ഒരാള്‍ ഹദീഥ് പറയുന്നത് കേട്ടു, എനിക്ക് അയാളുടെ മുഖം അറിയാം, പേരറിയില്ല.” (മുഖദ്ദിമതു മുസ്ലിം: 1/12)

عَنْ عَبْدِ اللَّهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: «إِنَّ فِي الْبَحْرِ شَيَاطِينَ مَسْجُونَةً، أَوْثَقَهَا سُلَيْمَانُ، يُوشِكُ أَنْ تَخْرُجَ، فَتَقْرَأَ عَلَى النَّاسِ قُرْآنًا»

അംറുബ്നുല്‍ ആസ്വ് -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “സുലൈമാന്‍ നബി — ബന്ധിച്ച ചില പിശാചുക്കള്‍ കടലില്‍ ബന്ധനസ്ഥരായുണ്ട്. അവര്‍ പുറപ്പെടാന്‍ സമയമായിട്ടുണ്ട്. അവര്‍ ജനങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുന്നതായിരിക്കും.” (മുഖദ്ദിമതു മുസ്ലിം:1/12)

എങ്ങനെയാണ് നമ്മെ പരാജയം ബാധിച്ചത്..?

«أَوَلَمَّا أَصَابَتْكُمْ مُصِيبَةٌ قَدْ أَصَبْتُمْ مِثْلَيْهَا قُلْتُمْ أَنَّى هَذَا قُلْ هُوَ مِنْ عِنْدِ أَنْفُسِكُمْ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ»

“നിങ്ങള്‍ക്ക് ഒരു വിപത്ത് നേരിട്ടു. അതിന്റെ ഇരട്ടി നിങ്ങള്‍ ശത്രുക്കള്‍ക്ക് വരുത്തിവെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും നിങ്ങള്‍ പറയുകയാണോ; ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന്? ( നബിയേ, ) പറയുക: അത് നിങ്ങളുടെ പക്കല്‍ നിന്ന് തന്നെ ഉണ്ടായതാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ആലു ഇംറാന്‍: 165)

ഉഹുദ് യുദ്ധത്തിന്റെ വിഷയത്തിലാണ് മേല്‍ പറഞ്ഞ ആയത്ത് അവതരിച്ചത്. മുസ്ലിംകള്‍ എഴുപത് മുശ്രിക്കുകളെ വധിക്കുകയും അത്ര തന്നെ ആളുകളെ തടവുകാരാക്കുകയും ചെയ്തെങ്കിലും അവരില്‍ നിന്ന് എഴുപത് പേരും വധിക്കപ്പെട്ടു.

യുദ്ധ വേളയില്‍ മലമുകളില്‍ നില്‍ക്കുന്നതിന് വേണ്ടി നബി -ﷺ- ഒരു വിഭാഗം സ്വഹാബികളെ ഏല്‍പ്പിച്ചിരുന്നു. അവിടുത്തെ കല്‍പ്പന വരുന്നതു വരെ അവിടെ നിന്ന് മാറരുതെന്നും അവരോട് കല്‍പ്പിച്ചിരുന്നു. എന്നാല്‍ യുദ്ധം മുസ്ലിംകള്‍ക്ക് അനുകൂലമായത് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ താഴേക്ക് ഇറങ്ങി വന്നു. നബി-ﷺ-യുടെ കല്‍പ്പന ധിക്കരിച്ചതിന്റെ ഫലമാണ് നിങ്ങള്‍ക്ക് സംഭവിച്ച പ്രയാസമെന്നാണ് അല്ലാഹു -تعالى- ഈ ആയത്തില്‍ അറിയിച്ചതെന്ന് സലഫുകളില്‍ ഒരു വിഭാഗം പറഞ്ഞിട്ടുണ്ട്. (തഫ്സീര്‍ ഇബ്നി കഥീര്‍: 2/159)

നോക്കൂ! മലമുകളില്‍ നിന്ന് താഴേക്കിറങ്ങരുതെന്ന -യുദ്ധവുമായി മാത്രം ബന്ധപ്പെട്ട- റസൂലുല്ലയുടെ -ﷺ- ഒരു കല്‍പ്പന ധിക്കരിച്ചതിന്റെ ഫലം എഴുപത് ജീവനുകളായിരുന്നെങ്കില്‍; ഇന്ന് കുരുതി കഴിക്കപ്പെടുന്ന അനേകായിരം മുസ്ലിം ജീവനുകളുടെ കാരണക്കാരും ആരാണെന്ന് നിനക്ക് മനസ്സിലാക്കാന്‍ കഴിയും.

«وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ»

“നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടുതന്നെയാണ്. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.” (ശൂറ: 30)

മുസ്ലിംകള്‍ അനുഭവിക്കുന്ന ഈ അപമാനത്തിന്റെ കാരണം വിശ്വാസപരമായി നമ്മെ പിടികൂടിയിട്ടുള്ള ജീര്‍ണതയും, ഭിന്നിപ്പും ചിദ്രതയുമല്ലാതെ മറ്റൊന്നുമല്ല. ഇത് മാറാതെ എന്തു മാത്രം യുദ്ധക്കോപുകള്‍ കൂട്ടിയിട്ടും കാര്യമില്ല. വിജയം മുസ്ലിം ഉമ്മത്തിനെ സംബന്ധിച്ചിടത്തോളം അകലെ തന്നെ നില്‍ക്കും.

ഹറാമുകൾ നമ്മെ തകർക്കുന്നത് നീ അറിയുന്നുണ്ടോ?

عَنْ زَيْنَبَ بِنْتِ جَحْشٍ، رَضِيَ اللَّهُ عَنْهُنَّ أَنَّ النَّبِيَّ -ﷺ- دَخَلَ عَلَيْهَا فَزِعًا يَقُولُ: «لاَ إِلَهَ إِلَّا اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ، فُتِحَ اليَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ» وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا، قَالَتْ زَيْنَبُ بِنْتُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ: أَنَهْلِكُ وَفِينَا الصَّالِحُونَ؟ قَالَ: «نَعَمْ إِذَا كَثُرَ الخَبَثُ»

സയ്നബ് -رضي الله عنها- പറഞ്ഞു: ഒരിക്കല്‍ നബി -ﷺ- എന്റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു. “അടുത്തു കൊണ്ടിരിക്കുന്ന തിന്മയില്‍ നിന്ന് അറബികള്‍ക്ക് നാശം!” തന്റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: “യഅ്ജൂജ് മഅ്ജൂജിന്റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.”

ഞാന്‍ (സയ്നബ്) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?!” 

നബി -ﷺ- പറഞ്ഞു: “അതെ! അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍.”

(ബുഖാരി: 3346, മുസ്ലിം: 2880)

മുസ്ലിംകളേ! നമ്മെ തകർത്തു കളയുന്ന രണ്ട് രോഗങ്ങൾ!

عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ -ﷺ- «يُوشِكُ الأُمَمُ أَنْ تَدَاعَى عَلَيْكُمْ كَمَا تَدَاعَى الأَكَلَةُ إِلَى قَصْعَتِهَا» فَقَالَ قَائِلٌ وَمِنْ قِلَّةٍ نَحْنُ يَوْمَئِذٍ قَالَ «بَلْ أَنْتُمْ يَوْمَئِذٍ كَثِيرٌ وَلَكِنَّكُمْ غُثَاءٌ كَغُثَاءِ السَّيْلِ وَلَيَنْزِعَنَّ اللَّهُ مِنْ صُدُورِ عَدُوِّكُمُ الْمَهَابَةَ مِنْكُمْ وَلَيَقْذِفَنَّ اللَّهُ فِى قُلُوبِكُمُ الْوَهَنَ» فَقَالَ قَائِلٌ يَا رَسُولَ اللَّهِ وَمَا الْوَهَنُ قَالَ «حُبُّ الدُّنْيَا وَكَرَاهِيَةُ الْمَوْتِ»

അവിടുന്ന് പറഞ്ഞു: “(കുഫ്റന്‍) സമൂഹങ്ങള്‍ നിങ്ങള്‍ക്കെതിരെ തിരിയാനായിരിക്കുന്നു; ഭക്ഷണം കഴിക്കുന്നവര്‍ തങ്ങളുടെ പാത്രത്തിലേക്ക് കൈ നീട്ടുന്നത് പോലെ.” ഒരാള്‍ ചോദിച്ചു: “അന്നേ ദിവസം ഞങ്ങളുടെ (എണ്ണ)ക്കുറവ് കൊണ്ടാണോ (ഇങ്ങനെ സംഭവിക്കുന്നത്?)”

അവിടുന്ന് പറഞ്ഞു: “അല്ല. നിങ്ങളന്ന് ധാരാളമുണ്ടായിരിക്കും. പക്ഷേ ഒഴുകുന്ന വെള്ളത്തിന് മുകളിലെ ചപ്പുചവറുകളെ പോലെയായിരിക്കും നിങ്ങള്‍. അല്ലാഹു നിങ്ങളുടെ ശത്രുവിന്റെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങളെ കുറിച്ചുള്ള ഭയം എടുത്തു നീക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഹൃദയത്തില്‍ അവന്‍ ‘വഹ്ന്‍’ ഇടുകയും ചെയ്യും.”

ഒരാള്‍ ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! എന്താണ് ‘വഹ്ന്‍’?”

നബി -ﷺ- പറഞ്ഞു: “ദുനിയാവിനോടുള്ള ഇഷ്ടവും, മരണത്തോടുള്ള വെറുപ്പും.”

(അബൂ ദാവൂദ്: 4297)

ദുനിയാവിനോടുള്ള ഇഷ്ടം; അതെന്തു മാത്രമാണ് നമ്മെ പിടികൂടിയിട്ടുള്ളത്. എസി റൂമുകളും വില പിടിപ്പുള്ള കാറുകളും പ്രൗഢി തെളിയിക്കുന്ന വസ്ത്രങ്ങളും -അവസാനം- വലിയൊരു വീടുമാണ് സ്വപ്നങ്ങളിലുള്ളത്. ഊണും ഉറക്കവും അതിന് വേണ്ടിയാണ്. ഓട്ടവും വിശ്രമവും ആ ചിന്തയിലാണ്.

മരണമാകട്ടെ; അതിനെ വെറുക്കാനല്ലാതെ നമുക്ക് കഴിയുന്നില്ല. അതിനെ കുറിച്ചുള്ള ചിന്തകള്‍ പോലും നമുക്കിഷ്ടമല്ല. മരണവീടുകള്‍ പോലും നമ്മെ മരണത്തെയല്ല ഓര്‍മ്മിപ്പിക്കുന്നത്; ബാക്കി വെച്ച ഫയലുകളെയും ചെയ്തു തീര്‍ക്കാനുള്ള ജോലികളെയും മാത്രമാണ്.

നബി -ﷺ- പറഞ്ഞതെത്ര സത്യം! ഈ രണ്ട് മാരകമായ രോഗങ്ങള്‍ നമ്മെ വരിഞ്ഞു മുറുക്കിയപ്പോള്‍ നമ്മുടെ പ്രതാപം എടുത്തു നീക്കപ്പെട്ടു. ശത്രുക്കള്‍ക്ക് നമ്മെ പരാജയപ്പെടുത്തുക എന്നത് ഏറെ എളുപ്പമുള്ളതായി.

ദീനിലേക്ക് തിരിച്ചു പോവുക; എങ്കിൽ രക്ഷപ്പെടാം!

عَنِ ابْنِ عُمَرَ قَالَ سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «إِذَا تَبَايَعْتُمْ بِالْعِينَةِ وَأَخَذْتُمْ أَذْنَابَ الْبَقَرِ وَرَضِيتُمْ بِالزَّرْعِ وَتَرَكْتُمُ الْجِهَادَ سَلَّطَ اللَّهُ عَلَيْكُمْ ذُلاًّ لاَ يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ»

അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ ‘ഈനത്’ (പലിശയുടെ രൂപങ്ങളിലൊന്ന്) കച്ചവടം നടത്തുകയും, കന്നുകാലികളുടെ വാലു പിടിക്കുകയും (വെറും കൃഷിയില്‍ മാത്രമൊതുങ്ങിയാല്‍ എന്നുദ്ദേശം), കൃഷിയില്‍ നിങ്ങള്‍ തൃപ്തരാവുകയും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദ് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍; അല്ലാഹു നിങ്ങളുടെ മേല്‍ അപമാനം വരുത്തി വെക്കും. നിങ്ങളുടെ ദീനിലേക്ക് തിരിച്ചു പോകുന്നത് വരെ അല്ലാഹു അത് നിങ്ങളുടെ മേല്‍ നിന്ന് എടുത്തുമാറ്റില്ല.”

(അബൂദാവൂദ്: 3464)

അല്ലാഹുവിന്റെ ദീനിലേക്ക് തിരിച്ചു പോവുകയല്ലാതെ മറ്റൊരു മാര്‍ഗം മുസ്ലിം ഉമ്മത്തിന്റെ മുന്നിലില്ല. വിശ്വാസത്തിലും പ്രവര്‍ത്തനങ്ങളിലും സ്വഭാവങ്ങളിലും ഇടപാടുകളിലുമെന്ന് വേണ്ട; എല്ലാ മേഖലകളിലും ഇസ്ലാമിന് മുന്‍ഗണന നല്‍കുകയും, ഐഹികജീവിതത്തിന്റെ ചങ്ങലക്കെട്ടുകള്‍ തന്നെ വരിഞ്ഞു മുറുക്കുന്നതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്താലല്ലാതെ ഈ ഉമ്മത്തിന് രക്ഷയില്ല; ഈ അപമാനത്തില്‍ നിന്ന് മോചനവുമില്ല.

അല്ലാഹു നാമേവരെയും സഹായിക്കട്ടെ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: