ആഘോഷങ്ങള്‍

പെരുന്നാള്‍ നിസ്കാരത്തിന് അദാനോ ഇഖാമതോ ഉണ്ടോ?

عَنْ جَابِرِ بْنِ سَمُرَةَ، قَالَ: «صَلَّيْتُ مَعَ رَسُولِ اللهِ –ﷺ- الْعِيدَيْنِ، غَيْرَ مَرَّةٍ وَلَا مَرَّتَيْنِ، بِغَيْرِ أَذَانٍ وَلَا إِقَامَةٍ»

ജാബിര്‍ ബ്നു സമുറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- യോടൊപ്പം -ഒന്നും രണ്ടും തവണയല്ല; അതിലധികം തവണ- രണ്ട് പെരുന്നാളുകളിലും അദാനോ ഇഖാമതോ ഇല്ലാതെ ഞാന്‍ നിസ്കരിച്ചിട്ടുണ്ട്.” (മുസ്ലിം: 887)

عَنِ ابْنِ عَبَّاسٍ، وَعَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالاَ: «لَمْ يَكُنْ يُؤَذَّنُ يَوْمَ الفِطْرِ وَلاَ يَوْمَ الأَضْحَى»

ഇബ്നു അബ്ബാസ്, ജാബിര്‍ -رَضِيَ اللَّهُ عَنْهُمْ- എന്നിവര്‍ പറഞ്ഞു: “ഈദുല്‍ ഫിത്വറിന്റെയോ അദ്വ്-ഹയുടെയോ നിസ്കാരത്തിന് അദാന്‍ കൊടുക്കാറില്ലായിരുന്നു.” (ബുഖാരി: 960, മുസ്ലിം: 886)

ജാബിര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഈദുല്‍ ഫിത്വറിന്റെ ദിവസം (പെരുന്നാള്‍) നിസ്കാരത്തിനോ, ഇമാം മുസല്ലയിലേക്ക് പ്രവേശിക്കുമ്പോഴോ, പ്രവേശിച്ചു കഴിഞ്ഞാലോ അദാനോ ഇഖാമതോ വിളിച്ചു പറയലോ ഒന്നുമില്ല.” (മുസ്ലിം: 886)

ഇമാം ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- മുസ്വല്ലയിലേക്ക് എത്തിയാല്‍ അദാനോ ഇഖാമയോ ഇല്ലാതെ നിസ്കാരത്തിലേക്ക് പ്രവേശിക്കാറായിരുന്നു. ‘അസ്സ്വലാതു ജാമിഅ (നിസ്കാരം ആയി)’ എന്നും പറയാറില്ലായിരുന്നു. അത്തരം ഒന്നും ചെയ്യാതിരിക്കലാണ് സുന്നത്ത്.” (സാദുല്‍ മആദ്‌: 1/442)

അങ്ങനെ -പെരുന്നാള്‍ നിസ്കാരത്തിന് അദാനോ ഇഖാമതോ മേല്‍ പറഞ്ഞ വിളിച്ചു പറയലുകളോ- ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് ബിദ്അതാണ് എന്ന് ചില പണ്ഡിതന്മാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. (സുബുലുസ്സലാം/സന്‍ആനി: 3/229)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: