ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: “ഇമാമിന് പുറമെയുള്ളവര്‍ക്ക് (മുസ്വല്ലയിലേക്ക്) നേരത്തെ പുറപ്പെടലും, ഇമാമിനോട് അടുത്താകുന്നതുമാണ് സുന്നത്ത്. നേരത്തെ പുറപ്പെട്ടതിന്റെയും നിസ്കാരം കാത്തിരിക്കുന്നതിന്റെയും ജനങ്ങളുടെ പിരടികള്‍ ചവിട്ടിക്കടക്കാതെ ഇമാമിന് അടുത്തെത്താന്‍ കഴിയുന്നതിന്റെയും പ്രതിഫലം ലഭിക്കാന്‍ അതിലൂടെ കഴിയും.” (മുഗ്നി: 3/261)

സുബഹി നിസ്കാരത്തിന് ശേഷം നേരെ ഒരാള്‍ മുസ്വല്ലയിലേക്ക് പുറപ്പെടുന്നുവെങ്കില്‍ അതാണ്‌ കൂടുതല്‍ ശ്രേഷ്ഠം. ശൈഖ് ഇബ്‌നു ഉസൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “സുബഹ് നിസ്കാര ശേഷം മുസ്വല്ലയിലേക്ക് പുറപ്പെടുന്നത് സുന്നത്താണ് എന്ന് അറിയിക്കുന്ന തെളിവുകള്‍ ഇവയാണ്:

ഒന്ന്: സ്വഹാബികളുടെ പ്രവര്‍ത്തനം. കാരണം നബി -ﷺ- സൂര്യന്‍ ഉദിച്ചാല്‍ മുസ്വല്ലയിലേക്ക് പുറപ്പെടാറുണ്ടായിരുന്നു. അവിടുന്ന് എത്തുമ്പോള്‍ ജനങ്ങള്‍ മുസ്വല്ലയില്‍ സന്നിഹിതരായിരിക്കും. അതിന്റെ അര്‍ഥം അവര്‍ നബി -ﷺ- യേക്കാള്‍ മുന്‍പ് അവിടേക്ക് പുറപ്പെട്ടിരുന്നു എന്നാണല്ലോ?

രണ്ട്: (മുസ്വല്ലയിലേക്ക് നേരത്തെ പുറപ്പെടുക) എന്നതില്‍ നന്മയിലേക്ക് ഏറ്റവും മുന്‍പന്തിയിലാകലുണ്ട്.

മൂന്ന്: അവന്‍ നിസ്കാര സ്ഥലത്ത് എത്തുകയും നിസ്കാരം കാത്തിരിക്കുകയും ചെയ്‌താല്‍ ആ സമയമെല്ലാം അവന്‍ നിസ്കാരത്തിലായിരുന്നതായി കണക്കാക്കപ്പെടും.

നാല്: നേരത്തെ പുറപ്പെട്ടാല്‍ അവന് ഇമാമിന്റെ അടുത്ത് ഇരിക്കാന്‍ കഴിയും.

മേല്‍ പറഞ്ഞ ഈ കാര്യങ്ങളെല്ലാം മതം പ്രോത്സാഹിപ്പിച്ചവയില്‍ പെട്ടതാണ്.” (ശര്‍ഹുല്‍ മുംതിഅ: 5/163-164)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment