പെരുന്നാളിന് പുതിയ വസ്ത്രം ധരിക്കല്‍ നിര്‍ബന്ധമില്ല. ഒരാള്‍ പെരുന്നാള്‍ ദിവസം അവനുള്ളതില്‍ വെച്ച് ഏറ്റവും നല്ല വസ്ത്രം ധരിച്ചാല്‍ തന്നെ നബി -ﷺ- യുടെ സുന്നത്തിനോട് യോജിച്ചവനായി. എന്നാല്‍ ആര്‍ക്കെങ്കിലും അല്ലാഹു സമ്പത്തില്‍ വിശാലത നല്‍കിയിട്ടുണ്ടെങ്കില്‍ അവന് പെരുന്നാളിനായി പുതിയ വസ്ത്രം വാങ്ങാം. അതും നല്ലത് തന്നെ. കാരണം പെരുന്നാള്‍ ദിവസം സന്തോഷം പ്രകടിപ്പിക്കുക എന്നത് നബി -ﷺ- യില്‍ നിന്ന് സ്ഥിരപ്പെട്ട സുന്നത്താണ്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ قَالَ: أَخَذَ عُمَرُ جُبَّةً … تُبَاعُ فِي السُّوقِ، فَأَخَذَهَا، فَأَتَى بِهَا رَسُولَ اللَّهِ –ﷺ- فَقَالَ: يَا رَسُولَ اللَّهِ، ابْتَعْ هَذِهِ تَجَمَّلْ بِهَا لِلْعِيدِ وَالوُفُودِ.

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരിക്കല്‍ ഉമര്‍ -رَضِيَ اللَّهُ عَنْهُ- അങ്ങാടിയില്‍ നിന്ന് … ഒരു ജുബ്ബ എടുത്തു കൊണ്ട് നബി -ﷺ- യുടെ അടുക്കല്‍ ചെന്നു. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! ഇത് നിങ്ങള്‍ വാങ്ങിക്കുക! പെരുന്നാളിനും നിവേദകസംഘങ്ങളെ സ്വീകരിക്കുന്നതിനും അങ്ങേക്ക് ഇത് കൊണ്ട് ഒരുങ്ങാമല്ലോ?” … (ബുഖാരി: 886, മുസ്‌ലിം: 2068)

“ഈ ഹദീസില്‍ നിന്ന് പെരുന്നാള്‍ ദിവസം ഭംഗിയുള്ള വസ്ത്രം ധരിക്കുക എന്നത് അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ശീലമായിരുന്നു എന്ന് മനസ്സിലാക്കാം.” (ഹാശിയതുസ്സിന്തി അലന്നസാഈ: 3/181)

ഇബ്‌നു ഉമര്‍ -رَضِيَ اللَّهُ عَنْهَا- തന്റെ ഏറ്റവും നല്ല വസ്ത്രമായിരുന്നു രണ്ടു പെരുന്നാളുകളിലും ധരിച്ചിരുന്നതെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. (ഫത്ഹുല്‍ ബാരി: 2/439)

ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “നബി -ﷺ- രണ്ട് പെരുന്നാളുകളിലും പുറത്തിറങ്ങുമ്പോള്‍ തന്റെ വസ്ത്രങ്ങളില്‍ ഏറ്റവും ഭംഗിയുള്ളത് ധരിക്കുമായിരുന്നു. അവിടുത്തേക്ക് രണ്ട് പെരുന്നാളുകള്‍ക്കും ജുമുഅക്കും ധരിക്കാന്‍ പ്രത്യേകം വസ്ത്രമുണ്ടായിരുന്നു. ഒരിക്കല്‍ അവിടുന്ന് പച്ച നിറത്തിലുള്ള മേല്‍മുണ്ട് ധരിച്ചു. മറ്റൊരിക്കല്‍ -തനിച്ച ചുവപ്പല്ലാത്ത- ചുവപ്പ് നിറത്തിലുള്ളതും.” (സാദുല്‍ മആദ്: 1/441)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment