ഗുരുതരമായ രോഗ ചികിത്സകളിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തു കഴിഞ്ഞാൽ ചികിത്സിച്ചവർ അവസാനം പറയും: ഞങ്ങളെ കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു; ഇനി നമുക്കൊന്നും ചെയ്യാനില്ല. നിങ്ങൾ പ്രാർത്ഥിക്കുക! എല്ലാം അവന്റെ കയ്യിൽ മാത്രമാണ്.

ഈ രോഗത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ!

മനുഷ്യരിൽ ബഹുഭൂരിപക്ഷവും അവരവരുടെ വീടുകളിലാണ്; ഒരു നിലക്ക് പറഞ്ഞാൽ അതാണവരുടെ ചികിത്സാമുറി. ഡോക്ടർമാരും നഴ്സുമാരും കഴിയാവുന്നതെല്ലാം ചെയ്യുന്നു; അവർക്ക് സാധിക്കാവുന്നതിനപ്പുറം വിശ്രമമില്ലാതെ അവർ പ്രവർത്തിക്കുന്നു. ഭരണാധികാരികളും അധികാരികളും അവരവരുടെ നാടുകളിൽ ഏറ്റവും ബുദ്ധിയും തീരുമാനശേഷിയുമുള്ളവരോട് ചർച്ച ചെയ്തു തീരുമാനങ്ങളെടുക്കുന്നു; നാടു മുഴുവൻ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റൊരു വഴിയും ആർക്കും പറയാനില്ല.

എല്ലാവരും ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി പ്രാർത്ഥനയാണുള്ളത്; ആരോടാണ് പ്രാർത്ഥിക്കുക?!

മനുഷ്യർ തന്നെ നിർമ്മിച്ച വിഗ്രഹങ്ങൾക്കും രൂപങ്ങൾക്കും സഹായിക്കാൻ കഴിയുമോ?! എങ്ങനെ അവർക്കതിന് കഴിയും? മനുഷ്യരാൽ നിർമ്മിക്കപ്പെട്ട, ജീവനില്ലാത്ത, കാണുകയോ കേൾക്കുകയോ ചെയ്യാത്ത, മനുഷ്യരുടെ സഹായമില്ലാതെ ഒരടി മുന്നോട്ടു വെക്കാനോ ഒന്നു നീങ്ങുവാനോ പോലും സാധിക്കാത്ത, നിർജീവ വസതുക്കളാണ് അവയെന്നിരിക്കെ അതിനെങ്ങനെ കൊറോണയെ കുറിച്ചോ മറ്റെന്തിനെയെങ്കിലും കുറിച്ചോ അറിയാൻ കഴിയും? അതിനെതിരെ സഹായിക്കാൻ സാധിക്കും?!

ഖുർആൻ ചോദിക്കുന്നു:

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ عِبَادٌ أَمْثَالُكُمْ ۖ فَادْعُوهُمْ فَلْيَسْتَجِيبُوا لَكُمْ إِن كُنتُمْ صَادِقِينَ ﴿١٩٤﴾ أَلَهُمْ أَرْجُلٌ يَمْشُونَ بِهَا ۖ أَمْ لَهُمْ أَيْدٍ يَبْطِشُونَ بِهَا ۖ أَمْ لَهُمْ أَعْيُنٌ يُبْصِرُونَ بِهَا ۖ أَمْ لَهُمْ آذَانٌ يَسْمَعُونَ بِهَا 

“തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള അടിമകൾ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യം പറയുന്നവരാണെങ്കിൽ. അവര്‍ക്ക് നടക്കാന്‍ കാലുകളുണ്ടോ? അവര്‍ക്ക് പിടിക്കാന്‍ കൈകളുണ്ടോ? അവര്‍ക്ക് കാണാന്‍ കണ്ണുകളുണ്ടോ? അവര്‍ക്ക് കേള്‍ക്കാന്‍ കാതുകളുണ്ടോ?” (അഅ്റാഫ്: 194-195)

മനുഷ്യ ദൈവങ്ങൾക്ക് രക്ഷിക്കാൻ സാധിക്കുമോ?! തങ്ങളുടെ വാതിലുകൾ കൊട്ടിയടച്ച്, സന്ദർശകരെ തടഞ്ഞു വെച്ച്, അത്ഭുതങ്ങളോ വിസ്മയങ്ങളോ പ്രകടിപ്പിക്കാതെ തങ്ങളുടെ മാളങ്ങളിലേക്ക് അവർ ഓടിയൊളിച്ചിരിക്കുന്നു. അവർക്കൊന്നിനും സാധ്യമല്ല. വൈറസ് നമ്മെ ഉപദ്രവിക്കാവുന്നത് പോലെ, അവരെയും ഉപദ്രവിക്കാം. അവർക്ക് തന്നെ അതിൽ നിന്ന് രക്ഷയില്ലെന്നിരിക്കെ, അവരെങ്ങനെ നമ്മെ സഹായിക്കും?!

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا ﴿٣﴾

“അവന്ന് പുറമെ പല ആരാധ്യവസ്തുക്കളെയും അവര്‍ സ്വീകരിച്ചിരിക്കുന്നു. (അവരുടെ ആരാധ്യന്മാർ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.” (ഫുർഖാൻ: 3)

ജാറങ്ങൾക്കോ മഖ്‌ബറകൾക്കോ, അതിൽ കിടക്കുന്നവർക്കോ സാധിക്കുമോ?! എങ്ങനെ അവർക്ക് സാധിക്കും?! ഈ വൈറസ് ബാധിച്ചാൽ ഏതൊരു മരണം നിന്നെ പിടികൂടുമെന്നാണോ നീ ഭയക്കുന്നത്, അതേ മരണം തന്നെയല്ലേ അവരെ ആ ഇരുട്ടിലേക്ക് എത്തിച്ചത്?! ഈ വൈറസിനേക്കാൾ നിസ്സാരമായ പലതുമല്ലേ അവരെ മരിപ്പിച്ചത്?! നമ്മിൽ പലരേക്കാളും ചെറിയ പ്രായത്തിലല്ലേ അവർ മരിച്ചത്?!

وَالَّذِينَ يَدْعُونَ مِن دُونِ اللَّـهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ ﴿٢٠﴾ أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴿٢١﴾

“അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവർ; യാതൊന്നും അവർ സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌. ജീവനില്ലാതെ മരിച്ചു കിടക്കുന്നവർ! എന്നാണ് തങ്ങൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന് പോലും അവർക്കറിയില്ല.” (നഹ്‌ൽ: 20-21)

യുക്തിവാദികളുടെ ദൈവമായ ശാസ്ത്രത്തിനോ, അവർ ബുദ്ധിരാക്ഷസന്മാരായി കാണുന്ന ശാസ്ത്രജ്ഞർ മുഴുവൻ ഒത്തു ചേർന്നാലോ സാധിക്കുമോ?! അവരുടെ വാക്കുകളാണല്ലോ ഈ പ്രപഞ്ചമെല്ലാം വെറുതെ സൃഷ്ടിക്കപ്പെട്ടു എന്നതിനുള്ള തെളിവായി ഇക്കൂട്ടർ പറഞ്ഞിരുന്നത്?! ഒരാളുടെയും ഉദ്ദേശമോ തീരുമാനമോ കൂടാതെ ഈ പ്രപഞ്ചം മുഴുവൻ വെറുതെ ഉണ്ടായെങ്കിൽ എന്തേ ഒരു മരുന്ന് വെറുതെ ഉണ്ടാകുന്നില്ല? ശാസ്ത്രം എല്ലാത്തിനുമുള്ള ഉത്തരമായിരുന്നെങ്കിൽ ഒരു ഉത്തരവുമില്ലാതെ -എപ്പോൾ ഒരു ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷ പോലും നൽകാതെ- എങ്ങനെ ഇത്രയധികം മാസങ്ങൾ കടന്നു പോയി?!

إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّـهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ ﴿٧٣﴾

“അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ -അവരെല്ലാം ഒത്തുചേർന്നാൽ പോലും- ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല; തീർച്ച! ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. (ഈച്ചയുടെ) പിറകെ പോകുന്ന (ആരാധ്യനും), (പിന്തുടരപ്പെടുന്ന) ഈച്ചയും അശക്തർ തന്നെ!” (ഹജ്ജ്: 73)

ആകാശ ഭൂമികളെയും അവക്കിടയിലുള്ളതിനെയും, നിന്നെയും നിനക്ക് മുൻപുള്ളവരെയും, സർവ്വ ജീവികളെയും സൃഷ്ടിക്കുകയും, അവർക്ക് ഉപജീവനം നൽകുകയും, എല്ലാം അറിയുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹു ഒഴികെ മറ്റൊരാൾക്കും ഒന്നിനും സാധിക്കുകയില്ലെന്നും, അല്ലാഹുവിന്റെ നിയന്ത്രണത്തിന് പുറത്ത് അവർക്ക് ഒരു കഴിവുമില്ലെന്നും ഈ സംഭവങ്ങൾ നമ്മെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നു.

قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِهِ فَلَا يَمْلِكُونَ كَشْفَ الضُّرِّ عَنكُمْ وَلَا تَحْوِيلًا ﴿٥٦﴾

“(നബിയേ,) പറയുക: അല്ലാഹുവിന് പുറമെയുള്ള (ആരാധ്യരെന്ന്) നിങ്ങള്‍ ജൽപ്പിച്ചവരോട് പ്രാർത്ഥിച്ചു നോക്കൂ! നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്‌) മാറ്റം വരുത്തുവാനോ അവർക്ക് സാധിക്കുകയില്ല.” (ഇസ്റാഅ്: 56)

ഇന്നലെ വരെ നാമേവരെയും ആരോഗ്യത്തിൽ നിലനിർത്തുകയും, നമുക്ക് നിർഭയത്വം നൽകുകയും, നമ്മെ സംരക്ഷിക്കുകയും ചെയ്തവനായ അല്ലാഹുവിൽ മാത്രമാകുന്നു നമ്മുടെ അഭയമെന്ന് ഈ സംഭവം നമ്മെ പഠിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

قُلْ مَن يُنَجِّيكُم مِّن ظُلُمَاتِ الْبَرِّ وَالْبَحْرِ تَدْعُونَهُ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَانَا مِنْ هَـٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ ﴿٦٣﴾ قُلِ اللَّـهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ ﴿٦٤﴾

“(നബിയേ!) പറയുക: കരയിലെയും കടലിലെയും ഭയപ്പാടുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്നത് ആരാണ്‌? വിനയത്തോടെയും ഭയത്തോടെയും നിങ്ങൾ വിളിച്ചു തേടുന്ന, ഞങ്ങളെ ഇതിൽ നിന്ന് രക്ഷപ്പെടുത്തിയാൽ ഞങ്ങൾ നന്ദിയുള്ളവരാകുന്നതാണ് എന്ന് നിങ്ങൾ പറയുന്നവൻ (ആരാണ്?!) പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്‌. എന്നിട്ടും നിങ്ങളവനോട് പങ്കുചേര്‍ക്കുന്നുവല്ലോ?!” (അൻആം: 63-64)

✍️ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് -وَفَّقَهُ اللَّهُ-

Join alaswala.com/SOCIAL

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment