അല്ലാഹുവിന് അത്യുത്തമമായ നാമങ്ങള്‍ ഉണ്ടെന്ന് ഖുര്‍ആനിലും ഹദീസിലും സ്ഥിരപ്പെട്ടിരിക്കുന്നു. ആ നാമങ്ങള്‍ പഠിക്കുകയും, അതിന്റെ സ്വാധീനങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുകയെന്നതും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്ന കാരണങ്ങളില്‍ ഏറ്റവും വലുതാണ്‌.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ

“അല്ലാഹുവിന് അസ്മാഉല്‍ ഹുസ്ന -ഏറ്റവും ഉത്തമമായ നാമങ്ങള്‍- ഉണ്ട്. അത് മുഖേന അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക.” (അഅറാഫ്: 180)

അല്ലാഹു -تَعَالَى- പറഞ്ഞു:

قُلِ ادْعُوا اللَّهَ أَوِ ادْعُوا الرَّحْمَـٰنَ ۖ أَيًّا مَّا تَدْعُوا فَلَهُ الْأَسْمَاءُ الْحُسْنَىٰ ۚ

“നിങ്ങള്‍ അല്ലാഹു എന്നോ റഹ്മാന്‍ എന്നോ വിളിച്ചു കൊള്ളുക. നിങ്ങള്‍ എന്തു വിളിച്ചാലും അവനാകുന്നു ഏറ്റവും അസ്മാഉല്‍ ഹുസ്ന ഉള്ളത്.” (ഇസ്റാഅ: 110)

അല്ലാഹു -تَعَالَى- പറഞ്ഞു:

اللَّهُ لَا إِلَـٰهَ إِلَّا هُوَ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ﴿٨

“അല്ലാഹു; അവനല്ലാതെ മറ്റൊരു ആരാധ്യന്‍ -ഇലാഹ്- ഇല്ല. അവന് അസ്മാഉല്‍ ഹുസ്നയുണ്ട്.” (ത്വാഹ: 8)

അല്ലാഹു -تَعَالَى- പറഞ്ഞു:

هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ

“അവനാണ് സൃഷ്ടാവും നിര്‍മാതാവും രൂപം നല്‍കുന്നവനുമായ അല്ലാഹു. അവന് അസ്മാഉല്‍ ഹുസ്നയുണ്ട്.” (ഹഷ്ര്‍: 24)

അല്ലാഹുവിന്റെ നാമങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക നമുക്ക് സാധ്യമല്ല. അതിനു മാത്രം നാമങ്ങള്‍ അവനുണ്ട്. അവയെല്ലാം ഉത്തമമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, വിശേഷണങ്ങള്‍ അടങ്ങിയവയുമാണെന്നതില്‍ സംശയമില്ല.

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത സുദീര്‍ഘമായ ഹദീസില്‍ നബി -ﷺ- ഇപ്രകാരം പ്രാര്‍ഥിച്ചതായി കാണാം:

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ مَرْفُوعاً: «أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوِ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ»

“നിനക്കുള്ളതായ -നീ സ്വന്തത്തിന് നല്‍കിയതായ, നിന്റെ അടിമകളില്‍ ആര്‍ക്കെങ്കിലും അറിയിച്ചു നല്‍കിയതോ, നിന്റെ കിതാബില്‍ -വേദഗ്രന്ഥത്തില്‍- അവതരിപ്പിച്ചതോ, നിന്റെ ഇല്‍മുല്‍ ഗൈബില്‍ -അദൃശ്യജ്ഞാനത്തില്‍- നീ തിരഞ്ഞെടുത്തതോ ആയ- എല്ലാ നാമങ്ങള്‍ കൊണ്ടും ഞാന്‍ ചോദിക്കുന്നു.” (അഹമദ്: 3712, അസ്സ്വഹീഹ: 198)

അല്ലാഹു -تَعَالَى- അവന്റെ അദൃശ്യജ്ഞാനത്തില്‍ നിന്ന് വെളിവാക്കിയിട്ടില്ലാത്ത, ഇതു വരെ ആര്‍ക്കും അറിയിച്ചു നല്‍കിയിട്ടില്ലാത്ത ചില നാമങ്ങള്‍ കൂടി അവനുണ്ട് എന്നതിന് ഈ ഹദീസ് തെളിവാണ്.

എന്നാല്‍ അല്ലാഹുവിന് 99 നാമങ്ങള്‍ മാത്രമാണ് ഉള്ളത് എന്ന് ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നു. അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീസാണ് പലരും തങ്ങളുടെ വാദത്തിന് തെളിവായി ഉന്നയിക്കാറുള്ളത്.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «إِنَّ لِلَّهِ تِسْعَةً وَتِسْعِينَ اسْمًا مِائَةً إِلَّا وَاحِدًا، مَنْ أَحْصَاهَا دَخَلَ الجَنَّةَ»

പ്രസ്തുത ഹദീസില്‍ നബി -ﷺ- പറഞ്ഞു: “നിശ്ചയമായും അല്ലാഹുവിന് 99 നാമങ്ങള്‍ ഉണ്ട്. നൂറ്; ഒന്നൊഴികെ. ആരെങ്കിലും അവ ‘ഇഹ്സ്വാഅ’ ചെയ്‌താല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (ബുഖാരി: 2736, മുസ്‌ലിം: 2677)

ഈ ഹദീസില്‍ അല്ലാഹുവിന് 99 നാമങ്ങള്‍ ഉണ്ടെന്നും, അത് ‘ഇഹ്സ്വാഅ’ ചെയ്യുന്നവന് സ്വര്‍ഗം ഉണ്ടെന്നും മാത്രമേ ഉള്ളൂ. ഈ പറഞ്ഞ എണ്ണത്തില്‍ കൂടുതല്‍ നാമങ്ങള്‍ അല്ലാഹുവിന് ഇല്ലെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയില്ല.

ഒരാള്‍ ‘എന്റെ കയ്യില്‍ ദാനം ചെയ്യുന്നതിനായി നൂറു രൂപ ഉണ്ടെന്നു’ പറഞ്ഞാല്‍ അതിന്റെ അര്‍ഥം ആ നൂറു രൂപയല്ലാതെ മറ്റു പണമൊന്നും അയാളുടെ പക്കല്‍ ഇല്ല എന്നല്ലല്ലോ? ഇതു പോലെ തന്നെയാണ് ഈ ഹദീസിന്റെയും ആശയം.

അല്ലാഹു അവന്റെ നാമങ്ങളില്‍ നിന്ന് ചിലത് തിരഞ്ഞെടുക്കുകയും, അത് ‘ഇഹ്സ്വാഅ’ ചെയ്യുന്നവര്‍ക്ക് സ്വര്‍ഗം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു എന്നല്ലാതെ, അവന് 99 നാമങ്ങള്‍ മാത്രമേ ഉള്ളൂ എന്ന അര്‍ഥം ഈ ഹദീസ് അറിയിക്കുന്നില്ല.

ഖുര്‍ആനിലും ഹദീസിലും പറയപ്പെട്ട അല്ലാഹുവിന്റെ നാമങ്ങള്‍ തന്നെ ഈ പറഞ്ഞ 99 എണ്ണത്തിന് മേലെയാണ് എന്നതും മേല്‍ പറഞ്ഞ അഭിപ്രായത്തെ ദുര്‍ബലപ്പെടുത്തുന്നു. (മജ്മൂഉല്‍ ഫതാവ: 22/482)

അല്ലാഹുവിന്റെ നാമങ്ങള്‍ പഠിക്കുന്നതിനുള്ള പ്രതിഫലം നബി -ﷺ- മേലെ നല്‍കിയ ഹദീസില്‍ പ്രസ്താവിച്ചത് പോലെ: സ്വര്‍ഗമാണ്. മുഅമിനിനെ സംബന്ധിച്ചിടത്തോളം എന്തു കൊണ്ടും വില പിടിപ്പുള്ള പ്രതിഫലം തന്നെയാണ് അത്.

എന്നാല്‍, ചിലര്‍ ധരിച്ചു വെച്ചിരിക്കുന്നത് പോലെ അല്ലാഹുവിന്റെ നാമങ്ങള്‍ കേവലം മനപാഠമാക്കുക എന്നതല്ല ഇതു കൊണ്ടുള്ള ഉദ്ദേശം. കേവലം മനപാഠമാക്കല്‍ കൊണ്ട് ആകാശഭൂമികളെക്കാള്‍ വിശാലതയുള്ള സ്വര്‍ഗം ഉടമപ്പെടുത്താമെന്നോ?

കേവലം എണ്ണിപഠിക്കുക എന്നത് മാത്രമാണ് അതിന്റെ ഉദ്ദേശമെങ്കില്‍ തെമ്മാടികളും അറിവില്ലാത്തവരുമായ എത്രയോ പേര്‍ക്ക് സ്വര്‍ഗപ്രവേശം ലഭിക്കുമായിരുന്നു. കാരണം കേവലം 99 നാമങ്ങള്‍ കാണാതെ പഠിക്കുക എന്നത് അവര്‍ക്കും സാധിക്കുന്ന കാര്യമാണ്. (ഫത്ഹുല്‍ ബാരി: 11/226)

അപ്പോള്‍ അല്ലാഹുവിന്റെ നാമങ്ങള്‍ പഠിക്കുക എന്നതിന്റെ ഉദ്ദേശം എന്താണ്?

മൂന്നു പടികളായാണ് അല്ലാഹുവിന്റെ നാമങ്ങള്‍ ‘ഇഹ്സ്വാഅ’ ചെയ്യേണ്ടത്. ഈ മൂന്നു പടികളും പൂര്‍ത്തീകരിച്ചാല്‍ അവന്‍ ഈമാനിന്റെ ഉയരമുള്ള സ്ഥാനങ്ങളില്‍ എത്തിച്ചേരുക തന്നെ ചെയ്യും; സംശയമില്ല!

01: അല്ലാഹുവിന്റെ 99 നാമങ്ങള്‍ മനപാഠമാക്കുക.

ഖുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിന്റെ നാമങ്ങളാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം അല്ലാഹുവിന്റെ നാമങ്ങള്‍ അവയില്‍ നിന്നല്ലാതെ ലഭിക്കുകയില്ല. നമ്മുടെ ബുദ്ധിയോ, ചിന്തയോ ഉപയോഗിച്ച് അല്ലാഹുവിന് നാമങ്ങള്‍ കണ്ടെത്തുക സാധ്യമല്ല. അല്ല! അപ്രകാരം ചെയ്യുക എന്നത് അങ്ങേയറ്റത്തെ ധിക്കാരവും, അല്ലാഹുവിനെ പരിഹസിക്കലുമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ ﴿١٨٠﴾

“അല്ലാഹുവിന് അസ്മാഉല്‍ ഹുസ്നയുണ്ട്. അവ കൊണ്ട് നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക. അവന്റെ നാമങ്ങളില്‍ ‘ഇല്‍ഹാദ്’ നടത്തുന്നവരെ നിങ്ങള്‍ വിട്ടേക്കുക. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലം അവര്‍ക്ക് നല്‍കപ്പെടുന്നതാണ്.” (അഅറാഫ്: 180)

ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ഇല്‍ഹാദു’ കൊണ്ടുള്ള ഉദ്ദേശം ഖുര്‍ആനിലോ സുന്നത്തിലോ വന്നിട്ടില്ലാത്ത പേരുകള്‍ അവന് കല്‍പ്പിച്ചു നല്‍കലാണെന്ന് അനേകം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. (തഫ്സീറുല്‍ ബഗവി: 3/357, ഫത്ഹുല്‍ ബാരി: 11/221, മുഹല്ല: 1/29)

അല്ലാഹുവിന്റെ 99 നാമങ്ങളും ഒരുമിച്ച് പറയപ്പെട്ട ഹദീസുകള്‍ ഒന്നും സ്ഥിരപ്പെട്ടിട്ടില്ലെങ്കിലും, ആഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ അവ ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും ക്രോഡീകരിച്ചിട്ടുണ്ട്. ആ നാമങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കുകയും, അവ മനപാഠമാക്കുകയും ചെയ്യുക.

02: അല്ലാഹുവിന്റെ നാമങ്ങളുടെ ആശയം മനസ്സിലാക്കുക.

അല്ലാഹുവിന്റെ ഓരോ നാമങ്ങളും വളരെ മഹത്തരമായ അര്‍ഥവും വിശേഷണവും ഉള്‍ക്കൊള്ളുന്നവയാണ്. അതിനാലാണ് അവന്റെ നാമങ്ങള്‍ അത്യുത്തമമായ നാമങ്ങള്‍ -അസ്മാഉല്‍ ഹുസ്ന- ആണെന്നു പറയുന്നത്. (മദാരിജുസ്സാലികീന്‍: 1/125, ഖവാഇദുല്‍ മുസ്ല: 6)

അല്ലാഹുവിന്റെ ഏതൊരു നാമത്തിലും അവന്റെ ഒരു ഉത്തമമായ വിശേഷണം ഉണ്ടാകുക തന്നെ ചെയ്തിരിക്കും. എന്തെങ്കിലും ഒരു വിശേഷണം ഉള്‍ക്കൊള്ളാത്ത നിര്‍ജീവമായ നാമങ്ങള്‍ അവനുണ്ടാവുകയില്ല.

ഉദാഹരണത്തിന്; അല്ലാഹുവിന്റെ നാമങ്ങളില്‍ ഒന്നാണ് ‘സമീഉ (ُالسَّمِيع)’; എല്ലാം കേള്‍ക്കുന്നവന്‍ എന്നാണു ഈ നാമത്തിന്റെ അര്‍ഥം. ‘സംഉ’ (ُالسَّمْع) -കേള്‍വി- എന്ന വിശേഷണം ഈ നാമം ഉള്‍ക്കൊള്ളുന്നു. ഇതു പോലെ തന്നെയാണ് ‘റഹ്മാന്‍ (ُالرَّحْمَن)’ എന്ന നാമം; അല്ലാഹുവിന്റെ അറ്റമില്ലാത്ത റഹ്മതിനെ (ُالرَّحْمَة) -കാരുണ്യത്തെ- ഈ നാമം അറിയിക്കുന്നു. ഇങ്ങനെ അല്ലാഹുവിന്റെ ഓരോ നാമങ്ങള്‍ക്ക് പിന്നിലുമുള്ള അര്‍ഥം മനസ്സിലാക്കുക എന്നതാണ് രണ്ടാമത്തെ പടി.

ചിലര്‍ ധരിക്കുന്നത് പോലെ കേവല അര്‍ഥം മനസ്സിലാക്കുക എന്നതല്ല ഇതു കൊണ്ടുള്ള ഉദ്ദേശ്യം. മറിച്ചു, അല്ലാഹുവിന്റെ നാമങ്ങളുടെ പിന്നിലുള്ള അര്‍ത്ഥവ്യാപ്‌തിയും, അതിന്റെ വിശാലതയും, അതിലടങ്ങിയിട്ടുള്ള മനോഹാരിതയും ഭംഗിയും നുകര്‍ന്ന് കൊണ്ടായിരിക്കണം അവന്‍ ഓരോ നാമങ്ങളും പഠിക്കേണ്ടത്. ആ ഭംഗി അവന് അനുഭവിച്ചു മാത്രമേ അറിയാന്‍ കഴിയൂ; പേനകള്‍ക്ക് അത് വരണിക്കുവാനോ, വാക്കുകള്‍ക്ക് അതിനെ ഉള്‍ക്കൊള്ളാനോ കഴിയില്ല.

03: അവ കൊണ്ട് അല്ലാഹുവിനോട് ദുആ ചെയ്യുക.

അല്ലാഹുവിന്റെ നാമങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കുകയും, അതിന്റെ അര്‍ഥം മനസ്സിലാക്കി തുടങ്ങുകയും ചെയ്‌താല്‍ അടുത്ത പടിയിലേക്ക് അവന് കടക്കാം. അല്ലാഹുവിനെ ഈ നാമങ്ങള്‍ കൊണ്ട് വിളിച്ചു പ്രാര്‍ഥിക്കുക എന്നതാണ് അത്.

അല്ലാഹു -تَعَالَى- തന്നെ അക്കാര്യം നമ്മോട് കല്‍പ്പിച്ചിരിക്കുന്നു:

وَلِلَّهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ

“അല്ലാഹുവിന് അസ്മാഉല്‍ ഹുസ്ന -ഏറ്റവും ഉത്തമമായ നാമങ്ങള്‍- ഉണ്ട്. അത് മുഖേന അവനോട് നിങ്ങള്‍ ദുആ ചെയ്യുക.” (അഅറാഫ്: 180)

എങ്ങനെയാണ് അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ട് ദുആ ചെയ്യുക. രണ്ട് കാര്യങ്ങളാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

1- അല്ലാഹുവിന്റെ നാമങ്ങള്‍ മുന്‍നിര്‍ത്തി അവനെ വിളിച്ചു പ്രാര്‍ഥിക്കുക. ഉദാഹരണത്തിന്; റഹ്മാനായ അല്ലാഹുവേ! എന്നോട് കാരുണ്യം -റഹ്മത്ത്- ചൊരിയണേ, റാസിഖായവനേ! എനിക്ക് ഉപജീവനം -രിസ്ഖ്- നല്‍കണേ- എന്നിങ്ങനെ പ്രാര്‍ഥിക്കുക.

ഈ പറഞ്ഞ കാര്യം എല്ലാവര്‍ക്കും സുപരിചിതമാണ്. നബിമാരുടെയും ഔലിയാക്കന്മാരുടെയും പ്രാര്‍ത്ഥനകളില്‍ എമ്പാടും ഈ രൂപം കാണാം. ‘അല്ലാഹുമ്മ’, ‘റബ്ബനാ’, ‘യാ ഹയ്യു യാ ഖയ്യൂം’ എന്നിങ്ങനെ തുടങ്ങുന്ന പ്രാര്‍ത്ഥനകലെല്ലാം ഈ പറഞ്ഞതിന് ഉദാഹരണമാണ്.

2- അല്ലാഹുവിന്റെ നാമങ്ങളുടെ തേട്ടമനുസരിച്ചു നീ ജീവിക്കുക. ഈ പറഞ്ഞത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അല്ലാഹുവിന്റെ നാമങ്ങള്‍ പഠിക്കുന്നതിന് പിന്നിലുള്ള ഉദ്ദേശങ്ങളില്‍ പ്രധാനം ഇതാണ്.

അല്ലാഹുവിന്റെ ഓരോ നാമങ്ങള്‍ക്കും നിന്റെ ജീവിതത്തില്‍ പ്രകടമായ സ്വാധീനം ചെലുത്താന്‍ കഴിയും. ഉദാഹരണത്തിന്; അല്ലാഹു സമീആണ് -എല്ലാം കേള്‍ക്കുന്നവന്‍- എന്നു മനസ്സിലാക്കിയവന്‍ അവന്റെ സംസാരം ശ്രദ്ധിക്കും. മോശമായ വാക്കുകളും, ആശ്ലീലങ്ങളും അവന്റെ നാവില്‍ നിന്ന് പുറത്തു വരികയില്ല. കാരണം, അവനറിയാം അല്ലാഹു എല്ലാം കേള്‍ക്കുന്നുണ്ട്.

ഇപ്രകാരം തന്നെ മറ്റു നാമങ്ങളും. അല്ലാഹു റഹ്മാനാണ്; അത് മനസ്സിലാക്കിയവന്‍ സഹജീവികളോട് റഹ്മത് കാണിക്കും. അവന്‍ അലീമാണ് -എല്ലാം അറിയുന്നവന്‍-, അതിനാല്‍ നിന്റെ രഹസ്യവും പരസ്യവും നീ നന്നാക്കുക. ഇങ്ങനെ ബാക്കിയുള്ള നാമങ്ങളും.

ഇപ്രകാരമാണ് അല്ലാഹുവിന്റെ നാമങ്ങള്‍ ‘ഇഹ്സ്വാഅ’ നടത്തേണ്ടത്. ഇങ്ങനെ അല്ലാഹുവിനെ അറിയുക എന്നത് വിജ്ഞാനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മഹത്തരമായ വിജ്ഞാനമാണ്‌.

അല്ലാഹു അതിന് നമുക്ക് തൌഫീഖ് നല്‍കട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

4 Comments

  • അസ്സലാമു അലൈക്കും
    പുതിയ വീട് എടുക്കുമ്പോൾ ആശാരി പോലെയുള്ള ആൾക്കാരെ വിളിച്ചു കുറ്റിഅടി പ്പിക്കുന്നു, അതുപോലെ കന്നിമൂല മറ്റു കാര്യങ്ങൾ നോക്കി വീട് എടുക്കുന്നുന്നു, എന്റെ നാട്ടിൽ തന്നെ ഒരു അനുഭവമുണ്ട്, അവർകന്നിമൂല അതൊന്നും നോക്കാതെ അടുക്കള കൂട്ടി എടുത്തു അതിനുശേഷം ആ വീട്ടിലെ സ്ത്രീക്ക് എപ്പോഴും അസുഖങ്ങളും മാനസിക രോഗങ്ങളും ഉണ്ടായി, പിന്നീട് അടുക്കള പൊളിച്ച് മാറ്റിയപ്പോൾ ആ സ്ത്രീയുടെ രോഗങ്ങൾ ഒക്കെ മാറി. ഇതുപോലെ പല അനുഭവങ്ങളും കേൾക്കാൻ ഇടയായിട്ടുണ്ട് ഞാൻ, എന്തിനേറെ പറയുന്നു എന്റെ വീട്ടിൽ കൂട്ടി എടുക്കുമ്പോൾ ഒക്കെ ആശാരി വന്നിട്ടാണ് തീരുമാനിക്കുന്നത്, അവര് പറയുന്നതുപോലെയാണ് എടുക്കുന്നത്. എനിക്ക് ഇതിൽ വിശ്വാസമില്ല, നമ്മുടെ നാട്ടിൽ ഒരു പണ്ഡിതൻ ഉണ്ട് അദ്ദേഹം പോലും പറയുന്നത് വീണ്ടെടുക്കുമ്പോൾ ആശാരിയെ കൂട്ടി നോക്കിപ്പിക്കണംഎന്നാണ്.
    ഇസ്ലാമിൽ അങ്ങനെ ഉണ്ടോ? ഇൻഷാ അള്ളാ മറുപടി പ്രതീക്ഷിക്കുന്നു,?

  • ജസാകുമുല്ലാഹ്.
    അസ്മാഉല്‍ ഹുസ്ന ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.
    ഇന്‍ഷാ അല്ലാഹ്.

  • Asmaul Husna due full explanation website I’ll feed cheyyumo?

    Marsha Allah full search cheytu oru vishwasi padikkendat muzuvanum it’ll undu.

    Asmaul Husna Mataram kittiyilla

    انشاء الله aduttutanne prateeshikkunnu

Leave a Comment