മന്‍ഹജ്

എന്താണ് വസത്വിയ്യത്?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

ചോദ്യം: ദീനില്‍ ‘വസത്വ്’ (മദ്ധ്യമം) ആയിരിക്കണമെന്നതിന്‍റെ ഉദ്ദേശം എന്താണ്?

ഉത്തരം: ദീനില്‍ മദ്ധ്യമ നിലപാട് സ്വീകരിക്കണമെന്നതിന്‍റെ ഉദ്ദേശം; അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കുകയോ, അവയില്‍ കുറവ് വരുത്തുകയോ ചെയ്യാതിരിക്കലാണ്. ദീനില്‍ മദ്ധ്യമ നിലപാട് സ്വീകരിക്കുകയെന്നാല്‍, നബി -ﷺ- യുടെ മാര്‍ഗം മുറുകെ പിടിക്കലാണ്. അതില്‍ വര്‍ദ്ധനവ് വരുത്തിയാല്‍ അത് അതിര്‍ലംഘനമാണ്. അതില്‍ കുറവ് വരുത്തിയാല്‍ അത് അലസതയുമാണ്.

ഒരുദാഹരണം പറയാം. മരിക്കുന്നത് വരെ എല്ലാ കാലവും രാത്രികളില്‍ ഉറങ്ങാതെ നിസ്കരിക്കണമെന്ന് ഒരാള്‍ ഉദ്ദേശിച്ചുവെന്ന് കരുതുക. നിസ്കാരം വളരെ ശ്രേഷ്ഠമായ ഇബാദതാണല്ലോ; അതു കൊണ്ട് രാത്രി മുഴുവന്‍ നിസ്കാരത്തിലാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് അയാളുടെ ന്യായം.

ഇയാള്‍ യഥാര്‍ഥത്തില്‍ അതിരു കവിഞ്ഞവനാണ്. നബി -ﷺ- യുടെ കാലഘട്ടത്തില്‍ ഇതിന് സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.

ചിലയാളുകള്‍ ഒരുമിച്ചു കൂടുകയും ചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു. ഒരാള്‍ പറഞ്ഞു: ഞാന്‍ രാത്രി മുഴുവന്‍ നിന്ന് നിസ്കരിക്കും; ഉറങ്ങുകയില്ല. മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ നോമ്പനുഷ്ഠിക്കും; ഒരിക്കലും നോമ്പ് ഒഴിവാക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ വിവാഹം കഴിക്കുകയില്ല.

നബി -ﷺ- ഇക്കാര്യം അറിഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു:

«مَا بَالُ أَقْوَامٍ يَقُولُونَ كَذَا وَكَذَا؟ أَنَا أَصُومُ وَأُفْطِرُ، وَأَقُومُ وَأَنَامُ، وَأَتَزَوَّجُ النِّسَاءَ، فَمَنْ رَغِبَ عَنْ سُنَّتِي فَلَيْسَ مِنِّي»

“എന്താണ് ഒരു വിഭാഗം ജനങ്ങളുടെ അവസ്ഥ?! ഇന്നയിന്ന കാര്യങ്ങളാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞാന്‍ നോമ്പെടുക്കുകയും ഒഴിവാക്കുകയും ചെയ്യാറുണ്ട്. ഉറങ്ങുകയും നിസ്കരിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ട്. എന്‍റെ സുന്നത്തിനോട് ആരെങ്കിലും വിമുഖത കാണിച്ചാല്‍ അവന്‍ എന്നില്‍ പെട്ടവനല്ല.” (ബുഖാരി: 5063, മുസ്ലിം: 1401)

ഈ വിഭാഗം ദീനില്‍ അതിരു കവിഞ്ഞവരാണ്. നബി -ﷺ- അവരില്‍ നിന്ന് ബന്ധവിഛേദനം നടത്തി. കാരണം അവര്‍ അവിടുത്തെ സുന്നത്തിനോട് വിമുഖത കാണിച്ചു എന്നത് തന്നെ. അവിടുത്തെ സുന്നത്തില്‍ നിസ്കാരവും ഉറക്കവും നോമ്പും ഭക്ഷണം കഴിക്കലും വിവാഹവുമൊക്കെയുണ്ട്.

എന്നാല്‍ ദീനില്‍ അലസത വരുത്തുകയും, കുറക്കുകയും ചെയ്തവര്‍ ആരാണ്? ദീനിലെ സുന്നത്തുകള്‍ ഒഴിവാക്കുകയും, ഫര്‍ദ്വുകള്‍ (നിര്‍ബന്ധകര്‍മ്മങ്ങള്‍) മാത്രമായി ഒതുങ്ങുകയും ചെയ്തവരാണ് അവര്‍. ചിലപ്പോള്‍ ഇത്തരക്കാര്‍ ഫര്‍ദ്വായ കാര്യങ്ങളും ചെയ്തെന്ന് വരികയില്ല.

എന്നാല്‍ ഇക്കൂട്ടത്തില്‍ നേരെ നിലകൊണ്ട വിഭാഗം; നബി -ﷺ- യുടെയും ഖുലഫാഉകളുടെയും മാര്‍ഗത്തില്‍ ചരിച്ചവര്‍ മാത്രമാണ്.

മറ്റൊരു ഉദാഹരണം നോക്കാം. മൂന്ന് പേര്‍; അതിലൊരാള്‍ തിന്മകള്‍ ധാരാളം ചെയ്യുന്ന ഫാസിഖാണ്.

അക്കൂട്ടത്തില്‍ ഒരാള്‍ പറയുന്നു: ഈ ഫാസിഖിന് ഞാന്‍ സലാം പറയുകയില്ല. ഞാന്‍ അയാളെ അകറ്റിനിര്‍ത്തും. അയാളോട് സംസാരിക്കാന്‍ പോലും ഞാന്‍ തയ്യാറല്ല.

മറ്റൊരാള്‍ പറയുന്നു: ഞാന്‍ ഈ ഫാസിഖിനോടൊപ്പം നടക്കുകയും അയാള്‍ക്ക് സലാം പറയുകയും അയാളോട് പ്രസന്നവദനനായി പെരുമാറുകയും ചെയ്യും. എന്‍റെ വീട്ടിലേക്ക് അയാളെ ക്ഷണിക്കുകയും, അയാളുടെ ക്ഷണം ഞാന്‍ സ്വീകരിക്കുകയും ചെയ്യും. ഒരു സച്ചരിതനായ വ്യക്തിയെ പോലെയല്ലാതെ ഞാന്‍ അയാളെ കാണില്ല.

മൂന്നാമന്‍ പറയുന്നു: ഇയാളൊരു ഫാസിഖാണ്. അയാളുടെ തിന്മകള്‍ കാരണത്താല്‍ അയാളെ ഞാന്‍ വെറുക്കുന്നു. അയാളുടെ ഈമാന്‍ കാരണത്താല്‍ അയാളോട് എനിക്ക് സ്നേഹവുമുണ്ട്. എന്നാല്‍ അയാള്‍ തന്‍റെ തിന്മകള്‍ വെടിഞ്ഞ് നല്ല കര്‍മ്മങ്ങളിലേക്ക് വരുന്നതിന് കാരണമാകുമെന്ന് മനസ്സിലായാലല്ലാതെ അയാളെ ഞാന്‍ അകറ്റി നിര്‍ത്തുകയില്ല. അയാളെ അകറ്റി നിര്‍ത്തുന്നത് തിന്മകള്‍ വര്‍ദ്ധിപ്പിക്കാനാണ് കാരണമാകുകയെങ്കില്‍ അപ്രകാരം ഞാന്‍ ചെയ്യുകയുമില്ല.

ഈ ഉദാഹരണത്തില്‍, ആദ്യം പറഞ്ഞ വ്യക്തി അതിരു കവിഞ്ഞവനാണ്. രണ്ടാമത് പറഞ്ഞവനാകട്ടെ, അലസതയുള്ളവനും മതത്തില്‍ കുറവ് വരുത്തിയവനുമാണ്. മൂന്നാമതുള്ളവനാണ് നേരെ നിലകൊള്ളുന്ന, മദ്ധ്യമ നിലപാട് സ്വീകരിച്ചവന്‍.

മറ്റൊരു ഉദാഹരണം കൂടി നോക്കാം.

ഒരാള്‍ തന്‍റെ ഭാര്യയുടെ അടിമയെ പോലെ ജീവിക്കുന്നു. ഭാര്യ പറയുന്നത് പോലെയല്ലാതെ അയാള്‍ ചലിക്കുകയില്ല. അവളോട് നന്മ കല്‍പ്പിക്കാനോ, തിന്മ വിലക്കാനോ അയാളില്ല. അയാളുടെ ബുദ്ധിയെ ഇവള്‍ ഉടമപ്പെടുത്തിയിരിക്കുന്നു.

മറ്റൊരാളാകട്ടെ, അഹങ്കാരിയും പരുഷതയുള്ളവനുമാണ്. തന്‍റെ ഭാര്യയെ പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാന്‍ അയാളില്ല. വേലക്കാരിയെക്കാള്‍ താഴ്ന്ന സ്ഥാനമാണ് അവള്‍ക്ക് അയാള്‍ നല്‍കിയിരിക്കുന്നത്.

മൂന്നാമതൊരാളാകട്ടെ, അയാള്‍ മദ്ധ്യമ നിലപാട് സ്വീകരിച്ചവനാണ്. അല്ലാഹു -تعالى- കല്‍പ്പിച്ചത് പോലെയാണ് അവന്‍ അവളോട് പെരുമാറുന്നത്.

وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ

“സ്ത്രീകള്‍ക്ക് (ഭര്‍ത്താക്കന്‍മാരോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌.” (ബഖറ: 228)

നബി -ﷺ- പറഞ്ഞു:

«لَا يَفْرَكْ مُؤْمِنٌ مُؤْمِنَةً، إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ» 

“ഒരു മുഅ്മിന്‍ ഈമാനുള്ള ഒരു സ്ത്രീയെ പൂര്‍ണമായി വെറുക്കുകയില്ല. അവളില്‍ ഒരു സ്വഭാവം അവന് വെറുപ്പുണ്ടാക്കിയാല്‍ മറ്റൊരു സ്വഭാവം അയാളില്‍ തൃപ്തിയുണ്ടാക്കും.” (മുസ്ലിം: 1469)

അവസാനം പറഞ്ഞവന്‍ മദ്ധ്യമ നിലപാട് സ്വീകരിച്ചവനാണ്. ആദ്യം പറഞ്ഞവന്‍ അതിരു കവിഞ്ഞവനും, രണ്ടാമതുള്ളവന്‍ അലസത കാണിച്ചവനും. ഇത് പോലെ മറ്റു ഇബാദത്തുകളും ഇടപാടുകളും നീ മനസ്സിലാക്കുക.

(ഫതാവാ അര്‍കാനില്‍ ഇസ്ലാം: 7)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

%d bloggers like this: