ചോദ്യം: കക്ഷിത്വത്തോടൊപ്പം ഒരുമയുണ്ടാകുമോ? ഒരുമ സാധ്യമാകുന്ന മന്‍ഹജ് ഏതാണ്?


ഉത്തരം: കക്ഷിത്വത്തോടൊപ്പം ഒരുമ സാധ്യമല്ല. കാരണം കക്ഷികള്‍ എപ്പോഴും പരസ്പരം എതിരായി തന്നെ നിലകൊള്ളുന്നവരായിരിക്കും. രണ്ട് വിരുദ്ധമായ വശങ്ങള്‍ തമ്മില്‍ യോജിപ്പിക്കല്‍ സാധ്യമല്ല.

അല്ലാഹു -تَعَالَى- പറയുന്നു:

وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌.” (ആലു ഇംറാന്‍: 103)

ഭിന്നിപ്പ് അല്ലാഹു -تَعَالَى- നിരോധിച്ചതാണ്. ഒരുമിക്കണമെന്നും ഒരൊറ്റ കക്ഷിയായി നിലകൊള്ളണമെന്നുമാണ് അല്ലാഹുവിന്റെ കല്‍പ്പന. അവരാണ് അല്ലാഹുവിന്റെ കക്ഷിയാവുക.

أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ ﴿٢٢﴾

“അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.” (മുജാദില: 103)

അല്ലാഹു -تَعَالَى- പറഞ്ഞു:

  وَإِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ ﴿٥٢﴾

“തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ് നിങ്ങളുടെ റബ്ബ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍.” (മുഅ്മിനൂന്‍: 52)

കക്ഷികളും പാര്‍ട്ടികളുമൊന്നും ഇസ്‌ലാമിന്റെ വഴിയില്‍ പെട്ടതേയല്ല.

അല്ലാഹു -تَعَالَى- പറഞ്ഞു:

إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ ۚ

“തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല.” (അന്‍ആം: 159)

മുസ്‌ലിം സമൂഹം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കുമെന്ന് അറിയിച്ചപ്പോള്‍ നബി -ﷺ- യും പറഞ്ഞു:

«كُلُّهُمْ فِي النَّارِ إِلَّا وَاحِدَةً، هُمْ مَا أَنَا عَلَيْهِ اليَوْمَ وَأَصْحَابِي»

“അവരെല്ലാം നരകത്തിലാണ്; ഒരു വിഭാഗമൊഴികെ. ഞാനും എന്റെ സ്വഹാബതും ഇന്ന് ഏതൊരു മാര്‍ഗത്തിലാണോ അതില്‍ നിലകൊള്ളുന്നവരാണ് അവര്‍.”

ചുരുക്കത്തില്‍, വിജയിക്കുന്ന കക്ഷി ഒന്ന് മാത്രമാണ്. അവരുടെ മന്‍ഹജാകട്ടെ; നബി-ﷺ-യും സ്വഹാബത്തും നിലകൊണ്ട വഴിയുമാണ്. ആ മന്‍ഹജ് മാത്രമേ ഒരുമിപ്പിക്കുകയുള്ളൂ; അത് മാത്രമേ ഭിന്നിപ്പിക്കാതിരിക്കുകയുള്ളൂ.

അല്ലാഹു -تَعَالَى- പറഞ്ഞു:

فَإِنْ آمَنُوا بِمِثْلِ مَا آمَنتُم بِهِ فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا هُمْ فِي شِقَاقٍ ۖ

“നിങ്ങള്‍ ഈ വിശ്വസിച്ചത് പോലെ അവരും വിശ്വസിച്ചിരുന്നാല്‍ അവര്‍ നേര്‍മാര്‍ഗത്തിലായിക്കഴിഞ്ഞു. അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കിലോ അവരുടെ നിലപാട് കക്ഷിമാത്സര്യം മാത്രമാകുന്നു. ” (ബഖറ: 137)

ഇമാം മാലിക് -رَحِمَهُ اللَّهُ- പറഞ്ഞു: “ഈ ഉമ്മതിന്റെ ആദ്യകാലക്കാരെ നന്നാക്കിയതെന്താണോ, അതല്ലാതെ അവരിലെ അവസാന കാലക്കാരെയും നന്നാക്കുകയില്ല.”

അല്ലാഹു -تَعَالَى- പറഞ്ഞു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ

“മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ” (തൗബ: 100)

മന്‍ഹജുസ്സലഫിലല്ലാതെ ഒരുമ സാധ്യമല്ല.

(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 96)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment