ചോദ്യം: ഇക്കാലഘട്ടത്തില്‍ ധാരാളം ഇസ്‌ലാമിക പ്രബോധന സംഘടനകള്‍ നിലനില്‍ക്കുന്നു. അല്ലാഹുവിലേക്കുള്ള പ്രബോധകരും ധാരാളമുണ്ട്. പക്ഷേ അതിന്റെ ഫലം വളരെ കുറവാണ്. എന്താണ് അതിന്റെ കാരണം?

ഉത്തരം: ധാരാളം സംഘടനകളും കക്ഷികളും ഉണ്ടാക്കുന്നതിനെ നാം പ്രോത്സാഹിപ്പിക്കുന്നില്ല; അത് ദഅ്വതിലും മറ്റു കാര്യങ്ങളിലുമെല്ലാം അങ്ങനെ തന്നെയാണ്. നാം ഉദ്ദേശിക്കുന്നത് വ്യക്തമായ ദൃഢബോധ്യത്തോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന ഒരൊറ്റ സംഘടനയെ മാത്രമാണ്.

എന്നാല്‍ ധാരാളം സംഘടനകളും, അതിനനുസരിച്ച മാര്‍ഗരീതികളുമുണ്ടാകുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പരാജയത്തിനും ഭിന്നതക്കുമാണ് കാരണമാവുക.

അല്ലാഹു -تعال- പറഞ്ഞു:

وَأَطِيعُوا اللَّـهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّـهَ مَعَ الصَّابِرِينَ ﴿٤٦﴾

“അല്ലാഹുവെയും അവന്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങള്‍ ഭിന്നിച്ചു പോകരുത്‌. എങ്കില്‍ നിങ്ങള്‍ക്ക് പരാജയപ്പെടുകയും, നിങ്ങളുടെ സുഗന്ധം ഇല്ലാതാവുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു. ” (അന്‍ഫാല്‍: 46)

وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَـٰئِكَ لَهُمْ عَذَابٌ عَظِيمٌ ﴿١٠٥﴾

“വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്‌. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്‌.” (ആലു ഇംറാന്‍: 105)

وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا ۚ

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. ” (ആലു ഇംറാന്‍: 103)

നാം ഉദ്ദേശിക്കുന്നത് ഒരൊറ്റ സംഘടന മാത്രമാണ്. ശരിയായ മന്‍ഹജിലും ദഅ്വതിലും നിലകൊള്ളുന്ന ഒരൊറ്റ സംഘടന. അത് വ്യത്യസ്ത നാടുകളില്‍ പടര്‍ന്നു പന്തലിച്ചാലും അതിന്റെ അവലംബം ഒന്നായിരിക്കണം. (ഖുര്‍ആനും സുന്നത്തും സലഫിന്റെ മാര്‍ഗവുമായിരിക്കണം.) അവര്‍ പരസ്പരം കൂടിയാലോചിക്കുകയും, സഹായിക്കുകയും വേണം. ഇതാണ് ആവശ്യമായിട്ടുള്ളത്.

എന്നാല്‍ ഒരേ മന്‍ഹജില്‍ നിലകൊള്ളാത്ത വ്യത്യസ്ത സംഘടനകളാകട്ടെ; അതിന്റെയെല്ലാം പര്യവസാനം ഭിന്നതയായിരിക്കും.

രണ്ടാമത്തെ കാര്യം: പ്രബോധകന്റെ ഇഖ്ലാസിന് പ്രബോധനം സ്വീകരിക്കപ്പെടുന്നതില്‍ വലിയ പങ്കുണ്ട്. പ്രബോധകന്‍ തന്റെ പ്രബോധനത്തില്‍ ഇഖ്ലാസുള്ളവനും, ശരിയായ മന്‍ഹജില്‍ നിലകൊള്ളുന്നവനും, ഇല്മും ദൃഢബോധ്യവുമുള്ളവനുമാണെങ്കില്‍; അതിന് പ്രബോധിത സമൂഹത്തില്‍ വലിയ സ്വാധീനമുണ്ടായിരിക്കും.

എന്നാല്‍ പ്രബോധകന് ഇഖ്ലാസില്ലെങ്കില്‍, അവന്‍ സ്വന്തത്തിലേക്കാണ് ജനങ്ങളെ ക്ഷണിക്കുന്നതെങ്കില്‍, കക്ഷിത്വത്തിലേക്കും പിഴച്ച സംഘടനകളിലേക്കുമാണ് അവന്റെ ക്ഷണമെങ്കില്‍; അതിന് ഇസ്‌ലാമിന്റെ പേരുണ്ടെങ്കിലും അത് യാതൊരു ഉപകാരവും ചെയ്യില്ല. ഇസ്‌ലാമിക പ്രബോധനവുമായി അതിന് യാതൊരു ബന്ധവുമില്ല.

എന്നാല്‍ അവന്‍ ജനങ്ങളെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുകയും, അവന്‍ അത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെങ്കിലും; ജനങ്ങള്‍ അവന്റെ പ്രബോധനത്തില്‍ നിന്ന് അകന്നു പോകും. അല്ലാഹുവിന് ഹൃദയങ്ങളിലുള്ളത് അറിയാം. ഓരോ മനുഷ്യരും എവിടെയായിരുന്നാലും അവന്‍ എന്താണ് ചെയ്യുന്നതെന്നും അല്ലാഹുവിന് അറിയാം.

രഹസ്യത്തില്‍ അല്ലാഹുവിനെ ധിക്കരിക്കുകയും, പരസ്യമായി അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവനാണെങ്കില്‍ അവന്റെ പ്രബോധനത്തിന് യാതൊരു ഫലവുമുണ്ടാകില്ല. അത് അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയുമില്ല. കാരണം, അല്ലാഹു അവന്റെ പ്രബോധനത്തില്‍ ബറകത് (അനുഗ്രഹം) നിശ്ചയിക്കുകയില്ല.

ഇഖ്ലാസുള്ള പ്രബോധകന്മാരുടെ ചരിത്രം നോക്കൂ! എന്തു മാത്രം വലിയ മാറ്റമാണ് അവരുണ്ടാക്കിയത്?! അവര്‍ ഒറ്റക്കായിരുന്നു; അനേകം ശത്രുക്കള്‍ അവര്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തു.

ഉദാഹരണത്തിന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും, ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബും മറ്റുമൊക്കെ.

എന്നാല്‍ ഇന്ന് എത്ര പ്രബോധകന്മാരാണുള്ളത്?! എത്ര സംഘടനകളാണ് ഉള്ളത്?!

പക്ഷേ അവരുണ്ടാക്കുന്ന ഫലം എത്ര ചെറുതാണ്?! അവരെ കൊണ്ട് ലഭിക്കുന്ന ഉപകാരം എത്ര കുറവാണ്?!

അതിനാല്‍ ഇതില്‍ നിന്ന് നീ പാഠമുള്‍ക്കൊള്ളുക!

എത്രയുണ്ടെന്ന് എന്നതിലല്ല കാര്യം; എങ്ങനെയാണ് ചെയ്യുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. എണ്ണക്കൂടുതലിലല്ല കാര്യം; ഗുണമേന്മയിലാണ് ഫലമുള്ളത്.

(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 16)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment