ചെറുകുറിപ്പുകള്‍

ഹിസ്ബിയ്യത്തിന്റെ (കക്ഷിത്വത്തിന്റെ) അപകടങ്ങള്‍

ഒരു പ്രത്യേക കക്ഷിയോടോ സംഘത്തോടോ പ്രത്യേകമായ ഇഷ്ടവും താല്‍പര്യവും വെച്ചു പുലര്‍ത്തലും, അവരുടെ മാര്‍ഗത്തിലുള്ളവരോട് പ്രത്യേക സ്നേഹവും, അതില്‍ ഉള്‍പ്പെടാത്തവരോട് അകല്‍ച്ചയും വിദ്വേഷവും വെച്ചു പുലര്‍ത്തലും ഒക്കെയാണല്ലോ ഹിസ്ബിയ്യത് -കക്ഷിത്വം- എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? മുസ്ലിമീങ്ങളെല്ലാം പരസ്പര സഹോദരങ്ങളെ പോലെ ജീവിക്കണമെന്നും, ഖുര്‍ആനും ഹദീസുമായിരിക്കണം അവരുടെ അടിസ്ഥാനമെന്നും, ഇസ്ലാമിനുള്ളില്‍ -അതിന് വിരുദ്ധമായ- വാദങ്ങളും പ്രത്യേക നിയമങ്ങളും നിശ്ചയിച്ചു കൊണ്ട് ഭിന്നിപ്പും കക്ഷിത്വവുമുണ്ടാക്കരുതെന്നുമുള്ള അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പ്പനക്ക് കടകവിരുദ്ധമാണ് ഹിസ്‌ബിയ്യത്ത്.

ആധുനിക മുസ്ലിം സമൂഹത്തില്‍ ഹിസ്ബിയ്യതിന്റെ അപകടം വ്യാപകമായി വളര്‍ന്നിരിക്കുന്നു. പഴയ കാല മദ്ഹബീ പക്ഷപാതിത്വങ്ങള്‍ ഇപ്പോള്‍ അവസാനിച്ചുവെങ്കിലും, അതിനേക്കാള്‍ അപകടകരവും ഇസ്ലാമിന് ദോഷകരവുമായ പുതിയ കക്ഷിത്വ ചിന്താഗതികള്‍ മുസ്ലിംകള്‍ക്കിടയില്‍ ഉടലെടുത്തു തുടങ്ങിയിരിക്കുന്നു.

സംഘടനകളുടെയും സംഘങ്ങളുടെയും വ്യക്തികളുടെയും പ്രബോധകരുടെയും രാഷ്ട്രീയ കക്ഷികളുടെയുമൊക്കെ പേരില്‍ മുസ്ലിംകള്‍ ചേരി തിരിഞ്ഞു നിലകൊള്ളുകയും, പരസ്പരം അക്രമിക്കുകയും ചെയ്യുന്ന ഈ കാഴ്ച ഏതൊരു മുസ്ലിമിന്റെയും മനസ്സിനെ സങ്കടപ്പെടുത്താതിരിക്കില്ല. ഹിസ്ബിയ്യതിന്റെ അപകടം വിശദീകരിച്ചു കൊണ്ട് ശൈഖ് അഹമദ് അന്നജ്മി -റഹിമഹുല്ലാഹ്- പറഞ്ഞ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ചുരുങ്ങിയ ചില അടിക്കുറിപ്പുകളോടെ താഴെ നല്‍കട്ടെ:

“ഹിസ്‌ബിയ്യത്തിന്റെ അപകടങ്ങള്‍ ഇവയാണ്:

1- ഇത് വിരോധിക്കപ്പെട്ട ബിദ്അത്താണ്.


വിവ: അല്ലാഹുവോ റസൂലോ മുസ്ലിംകള്‍ പരസ്പരം കക്ഷികളായി തിരിയാന്‍ അനുവദിച്ചിട്ടില്ല. മുസ്ലിമീങ്ങള്‍ക്കിടയില്‍ രാഷ്ട്രീയവും സാമൂഹികവും ദേശീയവും ഭാഷാപരവുമായ അതിര്‍വരമ്പുകള്‍ ഒന്നും അവര്‍ നിശ്ചയിചിരുന്നില്ല. മക്കക്കാരായ മുസ്ലിംകള്‍, മദീനക്കാരായ മുസ്ലിംകള്‍, യമനികളായ മുസ്ലിംകള്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഒന്നും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ഒരേ ആദര്‍ശവും ആശയവും പിന്‍പറ്റുന്നവര്‍ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്നില്ലെന്നതിന്റെ പേരിലോ മറ്റോ മുസ്ലിമീങ്ങളെ അകറ്റി നിര്‍ത്തുന്ന പ്രവണതയും അവര്‍ക്കിടയില്‍ ഇല്ലായിരുന്നു.

2- അല്ലാഹുവും നബി-ﷺ-യും, ഇസ്ലാമിനെ ശരിയായി മനസ്സിലാക്കിയ സലഫുകളും ഹിസ്‌ബിയ്യത്തിനെ ആക്ഷേപിച്ചിരിക്കുന്നു.


വിവ: ഖുര്‍ആനില്‍ ഹിസ്ബിയ്യതിനെ എതിര്‍ക്കുന്ന എത്രയോ ആയത്തുകള്‍ ഉണ്ട്. സൂറ. ആലു ഇംറാനില്‍ നൂറാമത്തെ ആയത്തിന് ശേഷം തുടര്‍ച്ചയായ ചില ആയത്തുകളില്‍ ഈ വിഷയം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നബി-ﷺ-യുടെ കാലഘട്ടത്തില്‍ മുഹാജിറുകളും അന്‍സ്വാറുകളും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ സംഭവിക്കുകയും, അവര്‍ പരസ്പരം കക്ഷികളായി തിരിയുകയും ചെയ്യുമെന്ന് ഭയപ്പെട്ടപ്പോള്‍ നബി -ﷺ- ശക്തമായി പ്രതികരിച്ചത് ഹദീസുകളില്‍ കാണാം. ‘അല്ലയോ മുഹാജിറുകളെ’, ‘അല്ലയോ അന്‍സ്വാറുകളെ’ എന്നിങ്ങനെ അവര്‍ വിളിച്ചതിനെ നബി -ﷺ- വിശേഷിപ്പിച്ചത് ‘ജാഹിലിയ്യാ പോര്‍വിളികള്‍’ എന്നായിരുന്നു.

നോക്കൂ! ഖുര്‍ആനിലും ഹദീസിലും വന്ന പദങ്ങളായ മുഹാജിറുകളും അന്‍സ്വാറുകളും എന്ന ശ്രേഷ്ടമായ പദം പോലും കക്ഷിത്വത്തിലേക്ക് നയിക്കപ്പെട്ടപ്പോള്‍ ‘ജാഹിലിയ്യത്തായി’ മാറിയെങ്കില്‍ മറ്റു പദങ്ങളുടെ അവസ്ഥ എന്തായിരിക്കും? കേരളത്തിലെ മുസ്ലിംകള്‍, ഇന്ത്യന്‍ മുസ്ലിംകള്‍, എന്നിങ്ങനെ വിഭാഗീയവല്‍ക്കരിക്കുകയും, മറ്റു മുസ്ലിംകളെ അവഗണിക്കുകയും ചെയ്യുന്നവര്‍ക്കും, കേവല സംഘടനാ-വ്യക്തി-താല്‍പര്യങ്ങളുടെ പേരില്‍ മുസ്ലിംകളെ ചിന്നഭിന്നമാക്കുന്നവര്‍ക്കും ഈ വിശേഷണം എന്തു മാത്രം അര്‍ഹമായിരിക്കും?!

3- ഹിസ്‌ബിയ്യത്തുള്ളവര്‍ തങ്ങളുടെ സംഘടനയെ/സംഘത്തെയാണ് മതപരമായ സ്നേഹത്തിനും വെറുപ്പിനുമുള്ള (വാലാഉ വല്‍ ബറാഅ) അടിസ്ഥാനമാക്കുന്നത്.


വിവ: തന്റെ കക്ഷിയില്‍ പെട്ടവനാണ് ഒരുവന്‍ എന്നറിഞ്ഞാല്‍ അവനോട് -തന്റെ കക്ഷിയില്‍ പെട്ടവനാണ് അവന്‍ എന്നതിനാല്‍ മാത്രം- ഒരു പ്രത്യേക സ്നേഹം ഉണ്ടാവുക. തന്റെ കക്ഷിയില്‍ പെടാത്തവന്‍ -എന്തു മാത്രം ഇബാദതുകള്‍ ചെയ്യുന്നവനും, എത്ര മാത്രം മതത്തില്‍ വിവരം ഉള്ളവനും, ധാരാളം ഇസ്ലാമിനെ സേവിച്ചവനുമാണെങ്കിലും- അവനോട് ചെറുതെങ്കിലും ഒരു അനിഷ്ടം ഉണ്ടാവുക. ഇതാണ് മേല്‍ പറഞ്ഞതിന്റെ ഉദ്ദേശം. ഹിസ്ബിയ്യതിന്റെ പ്രധാന അടയാളങ്ങളില്‍ ഒന്നാണിത്.

ഇത് ഇസ്ലാമികമായി അനുവദനീയമല്ല. ഇസ്ലാമില്‍ സ്നേഹിക്കാനും വെറുക്കാനുമുളള മാനദണ്ഡം അല്ലാഹുവിന്റെ പേരിലായിരിക്കണം സ്നേഹവും വെറുപ്പുമെല്ലാം എന്നതാണ്. മറ്റൊരു കാരണവും അവന്റെ ഹൃദയത്തില്‍ സ്വാധീനം ചെലുത്താന്‍ പാടില്ല.

4- ഹിസ്ബിയ്യത്തിന്റെ വക്താക്കള്‍ക്ക് ബിദ്അത്തിന്റെ വക്താക്കളെ നേതാക്കളാക്കേണ്ടത് അനിവാര്യമായി വരുന്നു; സത്യത്തിന് എതിരായാലും അവരുടെ വാക്കുകള്‍ സ്വീകരിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.


എത്രയോ സംഘടനകളിലും കക്ഷികളിലും നിനക്കിത് പ്രകടമായി കാണാന്‍ കഴിയും. ഇതില്‍ നിന്ന് മുക്തമാണെന്ന് അവകാശപ്പെടാന്‍ കഴിയുന്ന ഒരു കക്ഷിയും ഉണ്ടായി കൊള്ളണമെന്നില്ല. തനിച്ച ജാഹിലുകളും, ഒരു വേള ദീനില്‍ യാതൊരു സൂക്ഷ്മതയുമില്ലാതെ തോന്നിവാസങ്ങള്‍ പറഞ്ഞു വിടുകയും ചെയ്യുന്ന പ്രാസംഗികരെയും പ്രബോധകരെയും അവര്‍ തങ്ങളുടെ സ്റ്റേജുകളില്‍ നിലനിര്‍ത്തി കൊണ്ടേയിരിക്കും. അയാള്‍ തങ്ങളുടെ സംഘടന/കക്ഷിയോട് യോജിക്കുന്നു എന്നതല്ലാത്ത മറ്റൊരു കാരണവും ഈ അലംഭാവത്തിന് ന്യായീകരണമായി ഉണ്ടാകില്ല.ഇനി നാളെ എന്നെങ്കിലും അയാള്‍ ഈ കക്ഷിക്കെതിരെ തിരിഞ്ഞാല്‍ അതോടെ ഇന്നലെ വരെ നിശബ്ദരായിരുന്നവര്‍ സട കുടഞ്ഞെഴുന്നേല്‍ക്കുകയും, അയാളുടെ പക്കലുള്ള തിന്മകള്‍ക്കെതിരെ ഉറഞ്ഞു തുള്ളുകയും ചെയ്യുന്നത് കാണാം.

ചുരുക്കത്തില്‍, ബിദ്അത്തുകള്‍ക്കെതിരില്‍ സലഫുകള്‍ സ്വീകരിച്ചത് പോലെ, ശക്തമായ സമീപനം സ്വീകരിക്കാന്‍ ഇവര്‍ക്കൊരിക്കലും സാധിക്കില്ല. മറിച്ച്, സംഘടനാ സംവിധാനത്തിന്റെ ‘മസ്വ്ലഹത്തുകള്‍’ പറഞ്ഞു കൊണ്ട് ഇത്തരക്കാരെ നേതാക്കളും മഹാന്മാരുമായി വാഴിച്ചു കൊണ്ടേയിരിക്കും. അതിനൊരു അവസാനമുണ്ടാകണമെങ്കില്‍; ഒന്നല്ലെങ്കില്‍ സംഘടന/സംഘം പിളരണം. അല്ലെങ്കില്‍ അയാള്‍ സംഘടനക്കെതിരെ തിരിയണം!

ഇതു കൊണ്ടെല്ലാം തന്നെയാണ് മിക്ക സംഘടന പ്രവര്‍ത്തകരുടെയും പ്രധാന ‘ദഅവത്ത്’ എന്നാല്‍ ‘ഇന്ന വ്യക്തി എന്തു പറഞ്ഞു?’ ‘അതിന്റെ ഉദ്ദേശം എന്താണ്?’ ‘അതിനുള്ള ന്യായീകരണം എന്താണ്?’ എന്നിങ്ങനെയുള്ള കാര്യങ്ങളെ ചുറ്റിപ്പറ്റിയ ചര്‍ച്ചകളും തര്‍ക്കങ്ങളുമായിരിക്കും. ഒന്നവസാനിക്കുമ്പോള്‍ മറ്റൊന്ന് എന്നിങ്ങനെ അത് തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും.

5- സംഘടനയുടെ അഭിപ്രായങ്ങള്‍ക്ക് -യാതൊരു എതിര്‍പ്പും കൂടാതെ- കീഴൊതുങ്ങുക, അത് പ്രചരിപ്പിക്കുക എന്നതാണ് ഹിസ്ബിയ്യത്തിന്റെ അടിസ്ഥാനം.


സംഘടനയുടെ തീരുമാനങ്ങള്‍ ന്യായീകരിക്കുക എന്നതിനുള്ള ന്യായീകരണ തൊഴിലാളികള്‍ ഇല്ലാത്ത കക്ഷികളേ ഉണ്ടാകില്ല. അവരുടെ ന്യായീകരണം കേട്ടാല്‍ തോന്നുക; ഒരിക്കല്‍ പോലും സംഘടനക്ക് തെറ്റ് പറ്റിയിട്ടില്ലെന്നാണ്. കാരണം, തെറ്റുകള്‍ പറ്റുകയും അത് തിരുത്തുകയും ചെയ്യുക എന്നത് സംഘടനയുടെ ‘പൊതു സമൂഹത്തിന് മുന്‍പിലുള്ള’ ചിത്രം വികൃതമാക്കും. അതാകട്ടെ; പൊറുക്കാപ്പെടാത്ത ‘സംഘടനാ അപരാധവുമാണ്’.

6- ഹിസ്‌ബിയ്യത്ത്‌ ഭിന്നിപ്പിനും, ഭിന്നിപ്പ് മുസ്ലിം ഉമ്മത്തിന്റെ അനൈക്യത്തിനും കാരണമാകുന്നു. വിവിധങ്ങളായ കക്ഷികളുടെ രൂപീകരണം വ്യത്യസ്ത ചിന്താധാരകള്‍ ഉടലെടുക്കുന്നതിനും, അത് ഇത്തരം കക്ഷികളുടെ സ്ഥിരതയില്ലായ്മക്കും കാരണമാകുന്നു.


വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണ് മേല്‍ പറഞ്ഞത്. മുസ്ലിം ഉമ്മത്തിനെ തകര്‍ക്കുന്നതില്‍ ഈ ഭിന്നിപ്പുകള്‍ക്കുള്ള സ്വാധീനം ചെറുതല്ല എന്ന് കണ്‍ തുറന്നു നോക്കുന്ന ആര്‍ക്കും ബോധ്യപ്പെടാതിരിക്കില്ല.

7- ഇസ്ലാമിക വിധിവിലക്കുകള്‍ പാലിക്കേണ്ടതുണ്ട് എന്നത് ഒരു മതപരമായ ബാധ്യത എന്നതില്‍ നിന്ന് സംഘടനാബാധ്യതയായി മാറുന്നു. ഇത് ഇഖ്ലാസിനെ പൂര്‍ണമായല്ലെങ്കിലും -ഒരു പരിധി വരെ- തകര്‍ക്കുന്നു.


പ്രബോധന സംഘടനകളെ സംബന്ധിച്ചിടത്തോളം മാസത്തില്‍ ഇന്നയിന്ന പരിപാടികളെല്ലാം സംഘടിപ്പിക്കണം എന്ന സംഘടനാ ഓര്‍ഡറുണ്ട്. അവര്‍ക്ക് താല്‍പര്യമില്ലെങ്കിലും -അത് ചെയ്യുക എന്നത് സംഘടനയില്‍ മെമ്പര്‍ഷിപ്പ് എടുത്ത ‘ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകന്റെ’- ബാധ്യതയാണ്. എങ്ങനെയാണ് ഈ ദഅവതില്‍ ഇഖ്ലാസ് ഉണ്ടാവുക?

രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ കാര്യം ഇതിനേക്കാള്‍ കഷ്ടമാണ്. ജനങ്ങളെ സഹായിച്ചില്ലെങ്കില്‍, അവര്‍ക്ക് വീടും കൂടും നിര്‍മ്മിച്ചു നല്‍കിയില്ലെങ്കില്‍ ജനങ്ങളുടെ വോട്ടും പത്രങ്ങളുടെ നോട്ടവും കുറയും എന്നവര്‍ക്കറിയാം. അതിനാല്‍, പരമാവധി ജനങ്ങളെ കാണിച്ചും, അറിയാത്തവരെ അറിയിച്ചുമെല്ലാമാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇതിലെവിടെ ഇഖ്ലാസും ഇഹ്സാനുമെല്ലാം?!

8- ഏതെങ്കിലും സുന്നത്തായ ഒരു കാര്യം കക്ഷിയുടെ നേതാവ്‌ ഊന്നിപ്പറയുകയും, ശക്തമായ പ്രേരണ നല്‍കുകയും ചെയ്‌താല്‍ അനുയായികള്‍ അതിരുകവിയുകയും അത് ഒരു വാജിബാണെന്ന നിലക്ക് പ്രാവര്‍ത്തികമാക്കുകയും ചെയ്യും.


‘നിങ്ങള്‍ ഇന്നയിന്നതെല്ലാം ഈ മാസം ചെയ്യണം’ എന്ന കല്‍പ്പന നേതാവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ അത് പ്രാവര്‍ത്തികമാക്കാതെ നിവൃത്തിയില്ല. ഇസ്ലാമില്‍ ചിലപ്പോള്‍ ശക്തമായ നിര്‍ബന്ധമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണെങ്കിലും ‘നേതാവിന്റെ തിട്ടൂരം’ വന്നതോടെ അത് ‘നിര്‍ബന്ധങ്ങളില്‍ നിര്‍ബന്ധമായി’ മാറിക്കഴിഞ്ഞിരിക്കുന്നു.

ഉദാഹരണം പറയാം: ഇസ്ലാമികമായി നിര്‍ബന്ധമായ കാര്യങ്ങളില്‍ ഒന്നാണ് മതപഠനം. ഓരോരുത്തരും അവനവന്റെ ജീവിതത്തില്‍ നിര്‍ബന്ധമായി അറിയേണ്ട അനിവാര്യ വിജ്ഞാനങ്ങള്‍ പലതുണ്ട്. എന്നാല്‍, ഇസ്ലാമില്‍ പ്രാധാന്യമുള്ള -എന്നാല്‍ ഓരോ വ്യക്തിയുടെയും മേല്‍ പ്രത്യേകം നിര്‍ബന്ധമില്ലാത്ത കാര്യങ്ങളില്‍ ഒന്നാണ് ദഅവത് അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുക എന്നത്-. പ്രബോധന സംഘടനകളില്‍ പലപ്പോഴും ഉള്ളത് പ്രബോധനം മാത്രമാണ്; അതിന്റെ വക്താക്കള്‍ നിര്‍ബന്ധമായ മതപഠനത്തെയാകട്ടെ; കാതങ്ങള്‍ അകലേക്ക് അകറ്റി നിര്‍ത്തിയിരിക്കുന്നു.

ഇത് മേല്‍ പറഞ്ഞ കാര്യത്തിനു ഒരുദാഹരണം മാത്രമാണ്. നിര്‍ബന്ധമായത് ഒഴിവാക്കി സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സുന്നത്തുകള്‍ക്ക് പിറകെ പാഴുന്നത് മഹാ വിഡ്ഢിത്തമല്ലാതെ മറ്റെന്താണ്?!

9- ഒരു കക്ഷി തന്നെ അനേകം കക്ഷികളായി പിരിയുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നു.”


കേരളത്തിലെ സാഹചര്യത്തില്‍ ഇത് പ്രത്യേകം വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല! ഫല്ലാഹുല്‍ മുസ്തആന്‍!

(അല്‍ മൌരിദുല്‍ അസ്ബ് : 117-128 ചുരുക്കരൂപം)


മേല്‍ പറഞ്ഞതൊന്നും ഏതെങ്കിലും പ്രത്യേക സംഘടനകള്‍ക്ക് മാത്രം ബാധകമല്ല. വ്യക്തികളുടെയും സ്ഥലങ്ങളുടെയും ഭാഷയുടെയും ദേശത്തിന്റെയും പേരിലെല്ലാം അകന്നും പിരിഞ്ഞും നില്‍ക്കുന്ന ഏവര്‍ക്കും ഇത് ബാധകമാണ്. അതില്‍ രാഷ്ട്രീയ സംഘടനകള്‍ പെടും. മത സംഘടനകളും സംഘങ്ങളും കക്ഷികളും പെടും. ഇസ്ലാമിന്റെ പേരില്‍ അല്ലാത്ത എല്ലാ കക്ഷിത്വവും ഈ പറഞ്ഞതില്‍ ഉള്‍പ്പെടുക തന്നെ ചെയ്യും.

അല്ലാഹു -تَعَالَى- എല്ലാ ഭിന്നതകളില്‍ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

تَرْجَمَهُ وَعَلَّقَ عَلَيْهِ: الأَخُ عَبْدُ المُحْسِن بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

Leave a Comment