ചെറുകുറിപ്പുകള്‍

ദുരിതങ്ങള്‍ നമ്മുടെ അതിഥിയാകട്ടെ…!

ഇബ്നുല്‍ ജൌസി -റഹിമഹുല്ലാഹ്- പറഞ്ഞു:

“തനിക്ക് ബാധിച്ച ദുരിതങ്ങള്‍ ചെറുതായിത്തീരണമെന്നും, അവ നീങ്ങിപ്പോകണമെന്നും ആരെങ്കിലും ഉദ്ദേശിക്കുന്നെങ്കില്‍; ഇതിനേക്കാള്‍ പ്രയാസമുള്ള രൂപത്തില്‍ ആ ദുരിതം തന്നെ ബാധിക്കുന്നത് അവന്‍ മനസ്സില്‍ കാണട്ടെ; അത് അവന് ചെറുതായിത്തോന്നും.

താന്‍ അനുഭവിക്കുന്ന ദുരിതത്തിന് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തെ കുറിച്ചും, ഇതിനേക്കാള്‍ വലിയ ദുരിതം തന്നെ ബാധിക്കുന്നതിനെ കുറിച്ചും ചിന്തിച്ചാല്‍; ഇപ്പോഴുള്ള അവസ്ഥ എന്തു മാത്രം ലാഭകരമാണെന്ന് അവന് തോന്നും.

ദുരിതങ്ങള്‍ വേഗത്തില്‍ അവസാനിക്കും എന്നതിനെ കുറിച്ച് അവന്‍ ആലോചിക്കട്ടെ; ദുരിതങ്ങളിലെ പ്രയാസങ്ങളില്ലായിരുന്നെങ്കില്‍ ആശ്വാസവേളകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകളേ ഇല്ലാതാകുമായിരുന്നു..!

അതിഥികള്‍ വീട്ടില്‍ തങ്ങുന്ന സമയം പോലെ മാത്രമേ ദുരിതങ്ങള്‍ ജീവിതത്തിലും തങ്ങുകയുള്ളൂ. അവര്‍ താമസിക്കുന്ന സമയം അവരുടെ ആവശ്യങ്ങള്‍ ഓരോ നിമിഷവും നിറവേറ്റി കൊണ്ടേയിരിക്കണം. എന്നാല്‍; എത്ര വേഗമാണ് അവര്‍ നിന്നെ വിട്ടു പിരിയുന്നത്!

പിന്നീട് നിന്റെ ആതിഥേയത്തെ കുറിച്ച് സദസ്സുകളില്‍ അവര്‍ പ്രശംസകളും സന്തോഷവും അറിയിക്കുമ്പോഴുണ്ടാകുന്ന, നിന്നെ മാന്യനെന്നു വിശേഷിപ്പിക്കുമ്പോഴുണ്ടാകുന്ന സന്തോഷമെന്തു മാത്രമാണ്!

ഇപ്രകാരമായിരിക്കണം ഒരു മുഅമിന്‍!

തന്റെ സമയങ്ങളെ അവന്‍ പരിഗണിക്കണം. മനസ്സിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റി കൊണ്ടിരിക്കണം. തന്റെ അവയവങ്ങളെ അവന്‍ സൂക്ഷിക്കണം; നാവില്‍ നിന്ന് അനുയോജ്യമല്ലാത്ത ഒരു വാക്കോ, ഹൃദയത്തില്‍ നിന്ന് വെറുപ്പോ പൊട്ടിമുളക്കുന്നതില്‍ നിന്ന് അവന്‍ ജാഗരൂകനായിരിക്കണം.

ഇതാ! പ്രതിഫലത്തിന്റെ പകല്‍ പുലര്‍ന്നിരിക്കുന്നു; പ്രയാസങ്ങളുടെ രാത്രി അസ്തമിച്ചിരിക്കുന്നു! യാത്രക്കാരന്‍ ഇരുണ്ട രാത്രികള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു; പ്രതിഫലത്തിന്റെ സൂര്യന്‍ ഉദിക്കുമ്പോഴേക്ക് സമാധാനത്തിന്റെ ഭവനത്തില്‍ അവന്‍ എത്താതിരിക്കുകയില്ല!”

(സ്വയ്ദുല്‍ ഖാത്വിര്‍: 208-209)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment