താടി വടിച്ച ഒരു വ്യക്തിയെ ഉപദേശിക്കേണ്ട രൂപം വിശദീകരിക്കവേ ഇമാം ഇബ്‌നു ബാസ് -റഹിമഹുല്ലാഹ്- പറഞ്ഞു:

“അവന്‍ തന്റെ സഹോദരങ്ങളെ ഗുണദോഷിക്കട്ടെ; പക്ഷെ, അത് സൌമ്യതയോടെയും, നല്ല വാക്കുകള്‍ കൊണ്ടുമായിരിക്കണം.

ജനങ്ങളുടെ മേല്‍ ഇടിച്ചു കയറിക്കൊണ്ടല്ല അത് നടത്തേണ്ടത്. അവരെ അടിക്കുകയും, ചീത്ത വിളിക്കുകയും, ശപിക്കുകയും ചെയ്തു കൊണ്ടുമല്ല. മറിച്ചു നല്ല വാക്കുകളിലൂടെയും, നല്ല ശൈലിയിലൂടെയും ആയിരിക്കണം.

പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍; സൌമ്യതയുടെയും, ക്ഷമയുടെയും, ഹിക്മതിന്റെയും കാലഘട്ടമാണിത്. ഇത് പരുഷതയുടെ കാലഘട്ടമല്ല.

ജനങ്ങളില്‍ ബഹുഭൂരിപക്ഷവും, അജ്ഞതയിലാണ്. ദുനിയാവിനെ പരിഗണിക്കുകയും, (ആഖിറത്തിന്റെ കാര്യത്തില്‍) അശ്രദ്ധയിലുമാണ്.

അതിനാല്‍ ക്ഷമ അനിവാര്യമാണ്. ദഅവത്ത് എത്തുന്നതിന് വേണ്ടി സൌമ്യത കാണിക്കല്‍ നിര്‍ബന്ധമാണ്‌.”

ഇല്മിന്റെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ വാക്കുകളാണിവ. ഇന്ന് ആ വാക്കുകള്‍ക്ക് അന്നുള്ളതിനേക്കാള്‍ പ്രസക്തിയുണ്ട്.

അറിവില്ലായ്മയുടെ പേരില്‍ സംഭവിക്കുന്ന തെറ്റുകള്‍ക്കെതിരെ വാളെടുക്കുന്നവര്‍ ഒരു വശത്ത്; സലഫുകള്‍ എതിര്‍ത്ത ശിര്‍ക്കുകളെയും ബിദ്അത്തുകളെയും എതിര്‍ക്കാതെ -മേല്‍ കൊടുത്ത വാക്കുകള്‍ പോലുള്ളവ ന്യായമാക്കി- നിശബ്ദരായിരിക്കുന്നവര്‍ മറുവശത്ത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മതി മറന്നു പേരുകളില്‍ മാത്രം ഇസ്‌ലാമിനെ ബാക്കി വെച്ചവര്‍ ഒരു ഭാഗത്ത്; സംഘടനാ തല്ലുകളില്‍ സ്വയം മറന്നു ശരിയായ തൌഹീദീ പ്രബോധനത്തെ വിസ്മരിച്ചവര്‍ ഇനിയുമൊരു ഭാഗത്ത്.

അതിരു കവിച്ചിലുകള്‍ക്കും, അലസതകള്‍ക്കും ഏറെ സാധ്യതകളുള്ള ദഅവത്തിന്റെ വഴികളില്‍ കാലിടറാതെ നടക്കുക വളരെ പ്രയാസം.

ഈ കഠിന പാതകളില്‍ അല്ലാഹു മാത്രമഭയം!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment