അഖീഖ

എന്താണ് അഖീഖ? അഖീഖ അറുക്കല്‍ നിര്‍ബന്ധമാണോ?

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - പ്രചരിപ്പിക്കുക:

കുട്ടി ജനിച്ചതിന്റെ ഏഴാം ദിവസം കുട്ടിയുടെ മുടി വടിക്കുന്നതോടൊപ്പം അറുക്കപ്പെടുന്നു ആടിനാണ്‌ അഖീഖ എന്നു പറയുക. പിതാവിന് കുട്ടിയോടുള്ള ബാധ്യതകളില്‍ പെട്ടതാണ് അഖീഖ അറുക്കുകയെന്നത്.

ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം അഖീഖ അറുക്കുക എന്നത് പ്രബലമായ സുന്നത്താണ്. ഇബ്നു അബ്ബാസ്‌, ഇബ്നു ഉമര്‍, ആഇഷ -رَضِيَ اللَّهُ عَنْهَا- തുടങ്ങിയവരുടെയും, താബിഈങ്ങളിലെ കര്‍മ്മശാസ്ത്ര പണ്ഡിതന്മാരുടെയും അഭിപ്രായമാണ് ഇത്.

وَعَنْ سَلْمَانَ بْنِ عَامِرٍ الضَّبِّىِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَعَ الْغُلاَمِ عَقِيقَتُهُ فَأَهْرِيقُوا عَنْهُ دَمًا وَأَمِيطُوا عَنْهُ الأَذَى»

നബി -ﷺ- പറഞ്ഞു: “കുട്ടിയോടൊപ്പം അവന്റെ അഖീഖയും ഉണ്ട്. അതിനാല്‍ അവന്റെ പേരില്‍ നിങ്ങള്‍ രക്തം ഒഴുക്കുകയും, അവന്റെ മേല്‍ നിന്ന് മ്ലേഛത നീക്കുകയും ചെയ്യുക.” (ബുഖാരി: 5471)

ഹദീസില്‍ രക്തം ഒഴുക്കുക എന്നു പറഞ്ഞതു കൊണ്ടുള്ള ഉദ്ദേശം അഖീഖ അറുക്കലും, മ്ലേഛത നീക്കുക എന്നതു കൊണ്ടുള്ള ഉദ്ദേശം മുടി കളയലുമാണ്.

عَنْ سَمُرَةَ بْنِ جُنْدُبٍ أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «كُلُّ غُلاَمٍ رَهِينَةٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُحْلَقُ وَيُسَمَّى»

മറ്റൊരു ഹദീസില്‍ നബി -ﷺ- പറഞ്ഞു: “എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ മേല്‍ പണയത്തിലാണ്. ഏഴാം ദിവസം അവന്റെ മേല്‍ അറുക്കപ്പെടുകയും, (മുടി) വടിച്ചു നീക്കപ്പെടുകയും, (കുട്ടിക്ക്) പേര് നല്‍കപ്പെടുകയും വേണം.” (അബൂ ദാവൂദ്: 2838)

കുട്ടി അഖീഖയുടെ മേല്‍ പണയത്തിലാണ് എന്നതിന്റെ ഉദ്ദേശം എന്താണെന്നതില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കുട്ടി ജനിച്ചാല്‍ അഖീഖ അറുക്കുക എന്നത് വളരെ അനിവാര്യമാണെന്നും, പണയം നല്‍കിയവന്റെ കയ്യില്‍ പണയവസ്തു ബാക്കി നില്‍ക്കുന്നത് പോലെ കുട്ടിയോടുള്ള ഈ ബാധ്യത അഖീഖ അറുക്കുന്നത് വരെ ബാക്കി നില്‍ക്കുമെന്നാണ് ഹദീസിന്റെ ഉദ്ദേശം എന്ന് ഇബ്നുല്‍ അസീര്‍ -رَحِمَهُ اللَّهُ- പറഞ്ഞിട്ടുണ്ട്.

ഇബ്നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- യുടെ വിശദീകരണവും പ്രസക്തമാണ്. അദ്ദേഹം പറഞ്ഞു: “കുട്ടിക്ക് ലഭിക്കേണ്ട ചില നന്മകള്‍ അഖീഖ അറുക്കാതിരുന്നാല്‍ ലഭിക്കാതെ പോവുകയും, ആ നന്മകള്‍ തടയപ്പെട്ട നിലയില്‍ നിലകൊള്ളും എന്നുമാണ് ഹദീസിന്റെ പ്രത്യക്ഷാര്‍ത്ഥത്തില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ പരലോകത്ത് കുട്ടി (അവന്റെ പേരില്‍ അഖീഖ അറുക്കപ്പെട്ടില്ല എന്നതിന്റെ പേരില്‍ ശിക്ഷക്കപ്പെടുകയില്ല.” (സാദുല്‍ മആദ്: 2/326)

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Reply

error:
%d bloggers like this: