തൗഹീദിനെ ഒരു വൃക്ഷമായി സങ്കല്‍പ്പിക്കുക. അതിന് വേരുകളും തടിയും ശാഖകളും ഇലകളുമെല്ലാമുണ്ട്. വേരുകള്‍ ശക്തമായി ആഴ്ന്നിറങ്ങിയാല്‍ മാത്രമേ ശാഖകളും ഇലകളുമെല്ലാം ഉയരങ്ങളിലേക്ക് കുതിച്ചു പൊങ്ങുകയുള്ളൂ.

എന്താണ് തൗഹീദിന്റെ അടിത്തറ?

രണ്ട് കാര്യങ്ങളാണ് തൗഹീദിന്റെ അടിത്തറ.

ഒന്ന്: അല്ലാഹുവിനെ മാത്രം ആരാധിക്കുക.

രണ്ട്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുക.

ഈ രണ്ട് അടിസ്ഥാനങ്ങള്‍ പാലിച്ചാല്‍ അയാളുടെ തൗഹീദിന്റെ വൃക്ഷം വേരുകളുള്ളതായി തീര്‍ന്നിരിക്കുന്നു. ഇസ്‌ലാമിലെ അനേകം പ്രമാണങ്ങളിലും ഇബാദതുകളിലും ഈ രണ്ട് അടിസ്ഥാനങ്ങള്‍ വിശദീകരിക്കപ്പെട്ടതായി കാണാം.

ഇസ്‌ലാം കാര്യങ്ങളിലെ ഒന്നാമത്തെ പടിയില്‍ -ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ശഹാദത് കലിമയില്‍- തുടങ്ങുന്നു ഈ രണ്ട് അടിസ്ഥാനങ്ങളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. ‘ലാ ഇലാഹ’ (ആരാധന അര്‍ഹിക്കുന്ന ഒരു ആരാധ്യനും ഇല്ല) എന്ന ആദ്യത്തെ ഭാഗം ‘അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുക’ എന്ന തൗഹീദിന്റെ രണ്ടാമത്തെ അടിസ്ഥാനത്തിലേക്ക് സൂചന നല്‍കുന്നു. ‘ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ) എന്ന രണ്ടാമത്തെ ഭാഗമാകട്ടെ, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിന്റെ ഒന്നാമത്തെ അടിസ്ഥാനത്തെയും ഓര്‍മ്മപ്പെടുത്തുന്നു.

നബിമാരെല്ലാം തങ്ങളുടെ സമൂഹത്തെ തൗഹീദിലേക്കും ഇസ്‌ലാമിലെക്കും ക്ഷണിച്ചപ്പോഴും ഈ രണ്ട് അടിസ്ഥാനങ്ങള്‍ എടുത്തു പറഞ്ഞതായി കാണാന്‍ കഴിയും.

يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ

“എന്റെ സമൂഹമേ! നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുക! നിങ്ങള്‍ അവന്‍ അല്ലാതെ മറ്റൊരു ആരാധ്യന്‍ ഇല്ല.”

നോക്കൂ! അല്ലാഹുവിനെ ആരാധിക്കൂ എന്ന് മാത്രം പറഞ്ഞു അവസാനിപ്പിച്ചില്ല നബിമാര്‍ ആരും തന്നെ. മറിച്ച് അല്ലാഹുവിന് പുറമെ ഒരു ആരാധ്യനും ഇല്ല എന്നു കൂടി അവര്‍ ഒപ്പം തന്നെ എടുത്തു പറഞ്ഞു.

ഇത് കുറച്ച് കൂടി വ്യക്തമായി മറ്റൊരു ആയത്തില്‍ കൂടി പറയപ്പെട്ടിട്ടുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“നിങ്ങള്‍ അല്ലാഹുവിനെ (മാത്രം) ആരാധിക്കുകയും, (അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന) ത്വാഗൂതുകളെ വെടിയുകയും ചെയ്യുക’ എന്ന് (പറഞ്ഞു കൊണ്ട്) എല്ലാ സമൂഹത്തിലേക്കും നാം നബിമാരെ അയച്ചിട്ടുണ്ട്.” (നഹ്ല്‍: 36)

ചുരുക്കത്തില്‍, തൗഹീദിന്റെ അടിസ്ഥാനം ഒരാള്‍ക്ക് ശരിയാക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ രണ്ട് കാര്യങ്ങളില്‍ അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ.

ഒന്ന്: അല്ലാഹുവിനെ മാത്രം ആരാധിക്കുക. ഏത് ആരാധനകളും അല്ലാഹുവിന് വേണ്ടി മാത്രം ചെയ്യുകയും, അവന്റെ മുന്നില്‍ മാത്രം സമര്‍പ്പിക്കുകയും ചെയ്യുക. അവയിലൊന്നും മഹാന്മാര്‍ക്കോ നബിമാര്‍ക്കോ ഔലിയാക്കള്‍ക്കോ വിഗ്രഹങ്ങള്‍ക്കോ സമര്‍പ്പിക്കാതിരിക്കുക.

രണ്ട്: അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളെ നിഷേധിക്കുകയും, അവയ്ക്ക് നല്‍കപ്പെടുന്ന ആരാധനങ്ങള്‍ അനര്‍ഹവും അങ്ങേയറ്റത്തെ അനീതിയുമാണെന്ന് വിശ്വസിക്കുക. ഈ തിന്മയോടും അത് ചെയ്യുന്നവരോടും ആദര്‍ശപരമായ അകല്‍ച്ചയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നവനാവുകയും ചെയ്യുക.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment