അഖീദ

തൗഹീദിന്റെ ശ്രേഷ്ഠത

ഇസ്ലാം നിലകൊള്ളുന്ന പരമപ്രധാനമായ അടിസ്ഥാനമാണ് തൗഹീദ്. അതിന്റെ ശ്രേഷ്ടതയും മഹത്വവും എത്ര പറഞ്ഞാലും അവസാനിക്കുകയില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്ന ഏതൊരു മുസ്ലിമും തന്റെ ദീനിന്റെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധ കൊടുക്കുന്ന വിഷയം തൗഹീദായിരിക്കും എന്നതില്‍ സംശയമില്ല. തൗഹീദിന്റെ ചില ശ്രേഷ്ഠതകള്‍ നമുക്കിവിടെ വായിക്കാം.

1- തൗഹീദാണ് എല്ലാ നബിമാരും ആദ്യം തങ്ങളുടെ സമൂഹത്തോട് കല്‍പ്പിച്ചത്.

അല്ലാഹുവിന്റെ ഏറ്റവും ഇഷ്ടദാസന്മാരായ നബിമാരെല്ലാം തങ്ങളുടെ സമൂഹത്തെ ആദ്യം ക്ഷണിച്ചത് തൗഹീദിലേക്ക് ആയിരുന്നു. ഒരു നബിയും തൗഹീദ് ജനങ്ങളെ പഠിപ്പിച്ചു കൊടുക്കാതെ പോയിട്ടില്ല.

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾

“ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ: 25)

2- തൗഹീദ് കാത്തുസൂക്ഷിച്ചവന്‍ ഒരിക്കലും നരകത്തില്‍ ശാശ്വതനാവുകയില്ല.

നരകത്തില്‍ അവസാനമില്ലാതെ കിടക്കുക എന്ന അവസ്ഥയെക്കാള്‍ ഭയാനകമായ മറ്റൊരു ശിക്ഷയില്ല. തൗഹീദ് പാലിച്ചവര്‍ക്ക് ഈ ശിക്ഷയില്‍ നിന്ന് നിര്‍ഭയത്വം ഉണ്ടായിരിക്കും. അവര്‍ ഒരിക്കലും അവസാനമില്ലാതെ നരകത്തില്‍ കിടക്കുക എന്ന ശിക്ഷക്ക് വിധേയരാവുകയില്ല.

عَنْ أَبِي ذَرٍّ أَنَّ النَّبِيَّ -ﷺ- قَالَ: «مَا مِنْ عَبْدٍ قَالَ: لاَ إِلَهَ إِلَّا اللَّهُ، ثُمَّ مَاتَ عَلَى ذَلِكَ إِلَّا دَخَلَ الجَنَّةَ» قُلْتُ: وَإِنْ زَنَى وَإِنْ سَرَقَ؟ قَالَ: «وَإِنْ زَنَى وَإِنْ سَرَقَ»

നബി -ﷺ- പറഞ്ഞു: “ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറയുകയും, അതിലായിക്കൊണ്ട് മരണപ്പെടുകയും ചെയ്‌താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല.” സ്വഹാബികളില്‍ പെട്ട അബൂദര്‍റു -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: “അയാള്‍ വ്യഭിച്ചരിചാലും മോഷ്ടിച്ചാലും (സ്വര്‍ഗത്തില്‍ പോകുമെന്നോ?” നബി -ﷺ- പറഞ്ഞു: “അയാള്‍ വ്യഭിചരിച്ചാലും മോഷ്ടിച്ചാലും (സ്വര്‍ഗത്തില്‍ പോകും).” (ബുഖാരി: 5827)

തൗഹീദിനെ നശിപ്പിക്കുന്ന ശിര്‍ക് ഒഴികെ ഏതു തിന്മയും ശാശ്വതമായ ശിക്ഷക്ക് അര്‍ഹമാക്കില്ല. വ്യഭിചാരവും മോഷണവുമെല്ലാം നരകശിക്ഷ ലഭിക്കാന്‍ കാരണമാകുന്ന ഗുരുതര തിന്മകള്‍ തന്നെ; എന്നാല്‍ അവയൊന്നും സ്വര്‍ഗത്തില്‍ എന്നെങ്കിലുമൊരിക്കലെങ്കിലും പ്രവേശിക്കുന്നതില്‍ നിന്ന് തടയില്ല.

3- തൗഹീദ് ദുനിയാവിലും ആഖിറതിലും നിര്‍ഭയത്വയും സന്മാര്‍ഗവും പ്രദാനം ചെയ്യും.

തൗഹീദ് പാലിക്കുന്നവനില്‍ അത്ഭുതകരമായ നിര്‍ഭയത്വം പ്രകടമായിരിക്കും. കാരണം അവന്റെ പരിപൂര്‍ണ്ണമായ അഭയം അല്ലാഹുവിങ്കലാണ്. അവനെങ്ങനെ മറ്റുള്ളവയെ ഭയക്കും?! അല്ലാഹുവിന് പുറമെയുള്ളവരെ പേടിക്കും?

الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ ﴿٨٢﴾

“വിശ്വസിക്കുകയും, പിന്നീട് തങ്ങളുടെ വിശ്വാസത്തില്‍ ‘ദ്വുല്‍മ്’ (അതിക്രമം) കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ; അവര്‍ക്കാകുന്നു നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവരും.” (അന്‍ആം: 82)

ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ദ്വുല്‍മ്’ കൊണ്ടുള്ള ഉദ്ദേശം തൗഹീദിനെ നശിപ്പിക്കുന്ന ശിര്‍കാണ് എന്ന് നബി -ﷺ- വിശദീകരിച്ചിട്ടുണ്ട്. അപ്പോള്‍ തൗഹീദിനെ സുരക്ഷിതമായ കാത്തുരക്ഷിച്ചവര്‍ക്ക് നിര്‍ഭയത്വം ഉണ്ടായിരിക്കും എന്ന് ഈ ആയത്തില്‍ നിന്ന് മനസ്സിലാക്കാം.

ദുനിയാവില്‍ അവന് അല്ലാഹുവല്ലാത്ത ഒന്നിനെയും ഭയക്കേണ്ടതില്ല. ഖബറില്‍ ചോദ്യങ്ങള്‍ ചോദിക്കപ്പെടുമ്പോള്‍ അവന് നിര്‍ഭയത്വത്തോടെ ഉത്തരങ്ങള്‍ നല്‍കാന്‍ കഴിയും. പരലോകത്താകട്ടെ; അവന്റെ തൗഹീദിന്റെ മേന്മക്കനുസരിച്ച് നരകത്തില്‍ നിന്നുള്ള നിര്‍ഭയത്വവും അവനുണ്ടായിരിക്കും.

മേല്‍ പറഞ്ഞത് തൗഹീദിന്റെ ചില ശ്രേഷ്ഠതകളും മഹത്വങ്ങളും മാത്രമാണ്. അതല്ലെങ്കില്‍ ഈ വിഷയം വളരെ വിശാലവും പേനകള്‍ കൊണ്ടെത്ര എഴുതിയാലും അവസാനിക്കാത്തത്ര ആഴമുള്ളതുമാണ്.

About the author

അബ്ദുല്‍ മുഹ്സിന്‍ ഐദീദ്

Leave a Comment