ഓരോ മുസ്‌ലിം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട നാല് പാഠങ്ങള്‍ ഉണ്ട്. അവ ഓരോ വ്യക്തിയുടെയും ജീവിത വിജയത്തിന് നിര്‍ബന്ധമായും വേണ്ട അതിപ്രധാനമായ നാല് ഗുണങ്ങളാണ്. താഴെ പറയുന്നവയാണ് അവ:

ഒന്ന്: അറിവ് നേടല്‍.

രണ്ട്: അറിഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിക്കല്‍.

മൂന്ന്: സത്യത്തിലേക്ക് ക്ഷണിക്കല്‍.

നാല്: ഈ മാര്‍ഗത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കല്‍.

ഈ നാല് കാര്യങ്ങളെ കുറിച്ചും സൂറ. അസ്വ്-റില്‍ അല്ലാഹു -تَعَالَى- അറിയിച്ചിട്ടുണ്ട്.

وَالْعَصْرِ * إِنَّ الْإِنْسَانَ لَفِي خُسْرٍ * إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ

“കാലം തന്നെയാണ് സത്യം, തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു; വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.” (അസ്വ്-ര്‍: 1-3)

മനുഷ്യരായി പിറന്നവരെല്ലാം നഷ്ടത്തിലാണ് വന്നു വീണിട്ടുള്ളതെന്ന് അല്ലാഹു -تَعَالَى- ആദ്യം അറിയിച്ചു. എന്നാല്‍ നാല് ഗുണങ്ങള്‍ ഉള്ളവര്‍ ഈ നഷ്ടത്തില്‍ നിന്ന് കരകയറിയവരാണ്.

എന്തെല്ലാമാണ് അവ?

ഒന്ന്: വിശ്വസിച്ചവര്‍. വിശ്വാസം സ്വീകരിക്കണമെങ്കില്‍ അറിവ് ഉണ്ടായിരിക്കണം. അറിയാത്ത കാര്യത്തില്‍ ഒരാള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലല്ലോ? അതില്‍ നിന്ന് നമ്മള്‍ ആദ്യം പറഞ്ഞ പാഠം -അറിവ് നേടല്‍- നിര്‍ബന്ധമാണ്‌ എന്ന് മനസ്സിലാക്കാന്‍ കഴിയും.

രണ്ട്: സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍. അറിവ് വെറുതെ നേടിയെടുക്കുന്നതില്‍ ഒരുപകാരവുമില്ല. അതു കൊണ്ട് പ്രവര്‍ത്തനം ഉണ്ടാകണം. അതിനെ കുറിച്ചാണ് നാം രണ്ടാമത് പറഞ്ഞത് -അറിഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിക്കല്‍-.

മൂന്ന്: സത്യം കൊണ്ട് പരസ്പരം ഉപദേശിക്കല്‍. അറിയുകയും സ്വയം നന്നാവുകയും ചെയ്താല്‍, താന്‍ നേടിയെടുത്ത ഈ നന്മ മറ്റുള്ളവര്‍ക്കും ലഭിക്കണമല്ലോ എന്ന് ഗുണകാംക്ഷയുള്ള ഏതൊരു മനസ്സിന്റെ ഉടമയും ആഗ്രഹിക്കും. അതാണ്‌ മൂന്നാമത്തെ പാഠം.

നാല്: പരസ്പരം ക്ഷമ കൊണ്ട് ഉപദേശിക്കല്‍. സത്യം അറിയിച്ചു കൊടുക്കുമ്പോള്‍ പലര്‍ക്കും അതു രുചികരമായി തോന്നിക്കൊള്ളണമെന്നില്ല. അവര്‍ ഉപദ്രവിച്ചേക്കാം. ഏതൊരു പ്രബോധകനും അത് മനസ്സില്‍ വെച്ചിരിക്കണം.

ഈ നാല് പാഠങ്ങള്‍ ഓരോ മുസ്‌ലിമും നന്നായി ചിന്തിക്കുകയും, ജീവിതത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്‌.

كَتَبَهُ: الاخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment