അഖീദ

ശഹാദത്; സ്ഥിരീകരിക്കുന്നതെന്തെല്ലാം?

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കില്‍ അടങ്ങിയിട്ടുള്ള രണ്ട് അടിസ്ഥാന സ്തംഭങ്ങളെ കുറിച്ച് നാം മനസ്സിലാക്കുകയുണ്ടായി. ‘ലാ ഇലാഹ’ എന്ന ആദ്യ ഭാഗം അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളെ നിഷേധിക്കുകയും തള്ളിപ്പറയുകയുമാണെങ്കിൽ അതിൻ്റെ രണ്ടാം ഭാഗം ‘ഇല്ലല്ലാഹ്’ എന്നത് അല്ലാഹുവിന് മാത്രമാണ് ആരാധനകൾ സർവ്വവും സമർപ്പിക്കേണ്ടതെന്ന് ഊന്നിപ്പറയുകയും സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്.

അല്ലാഹുവിന് മാത്രമേ ഞാൻ ആരാധനകൾ സർവ്വവും സമർപ്പിക്കൂ എന്ന ദൃഢപ്രതിജ്ഞയും നാല് കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. കാരണം ആരാധനകൾ അല്ലാഹുവിന് ഏകനാക്കുക എന്നത് മഹത്തരമായ അർഥവും ആശയവും ഉൾക്കൊള്ളുന്ന ഒരു തീരുമാനം തന്നെയാണ്. അതിനെ ബലപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന അനേകം വിഷയങ്ങൾ അതിന് ചുറ്റും സ്വാഭാവികമായും ഉണ്ടായിരിക്കുക തന്നെ ചെയ്യും. അവ ചുരുങ്ങിയ രൂപത്തിൽ ഇവിടെ വിശദീകരിക്കാം.

ഒന്ന്: ഇഖ്‌ലാസ് (الإِخْلَاصُ).

കളങ്കമേതുമില്ലാതെ അല്ലാഹുവിന് മാത്രം ആരാധനകൾ ഓരോന്നും സമർപ്പിക്കലാണ് ഇഖ്‌ലാസ്. വിഗ്രഹങ്ങൾക്കോ, മരിച്ചു പോയവർക്കോ, മറ്റ് ആരാധ്യവസ്തുക്കൾക്കോ ആരാധന സമർപ്പിക്കാതെ, അല്ലാഹുവിന് മാത്രം ആരാധനകളെല്ലാം സമർപ്പിക്കുക എന്ന അടിസ്ഥാനപരമായ അർഥം മാത്രമല്ല ഇവിടെയുള്ള ഉദ്ദേശം. മറിച്ച്, അല്ലാഹുവിന് വേണ്ടി ചെയ്യുന്ന ആരാധനകളിൽ കടന്നു കൂടിയേക്കാവുന്ന -സൂക്ഷ്മമായ കലർപ്പുകൾ വരെ- ഒഴിവാക്കിയും, സൂക്ഷിച്ചും ആരാധനകൾ കളങ്കമില്ലാതെയാക്കുക എന്ന അർഥം കൂടി ഇഖ്‌ലാസ് എന്ന ഈ പദം ഉൾക്കൊള്ളുന്നുണ്ട്.

രഹസ്യവും പരസ്യവുമായ അവൻ്റെ എല്ലാ ചലനങ്ങളിലും അല്ലാഹുവിൻ്റെ പ്രീതിയും, അവൻ്റെ ഇഷ്ടവും മാത്രം ആഗ്രഹിക്കുകയും അതിൽ സൃഷ്ടികളിൽ ഒരാൾക്കും ഒരു ചെറിയ പങ്ക് പോലും നൽകാതിരിക്കുകയും ചെയ്യുന്നവനാണ് യഥാർഥ ഇഖ്‌ലാസുള്ളവൻ. ജനങ്ങൾ പുകഴ്ത്തണമെന്നോ, അവർക്കിടയിൽ പ്രശസ്തിയും പരിഗണനയുമുണ്ടാകണമെന്നോ, എന്തെങ്കിലും ഐഹികനേട്ടങ്ങൾ ലഭിക്കണമെന്നോ ഒന്നും ആഗ്രഹിക്കാതെ, അല്ലാഹുവിൻ്റെ നോട്ടം ലഭിക്കണമെന്ന ഉദ്ദേശം മാത്രം ആരാധനകളിൽ ഉണ്ടായിരിക്കുക എന്ന അവസ്ഥ ഇഖ്‌ലാസാണ്.

അല്ലാഹു പറഞ്ഞു:

وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ

“ഇഖ്ലാസോടെ (നിഷ്കളങ്കമായി) അല്ലാഹുവിനെ ആരാധിക്കാനല്ലാതെ അവർ കൽപ്പിക്കപ്പെട്ടിട്ടില്ല.” (ബയ്യിനഃ: 5)

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾

“പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. ഞാന്‍ മുസ്ലിമീങ്ങളിൽ ഒന്നാമനാണ്‌.” (അൻആം: 162-163)

രണ്ട്: ഭയവും പ്രതീക്ഷയും (الخَوْفُ وَالرَّجَاءُ)

അല്ലാഹുവിനോടുള്ള ഭയവും അവനിലുള്ള പ്രതീക്ഷയും ആരാധനകളിൽ മുന്നേറാനും, തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും സഹായിക്കുന്ന ഏറ്റവും മഹത്തരമായ കാരണങ്ങളാണ്. അല്ലാഹു അവൻ്റെ സച്ചരിതരായ ദാസന്മാർക്ക് ഒരുക്കി വെച്ച സ്വർഗം എനിക്കും നേടിയെടുക്കണമെന്ന ആഗ്രഹവും പ്രതീക്ഷയും സൽകർമ്മങ്ങളിൽ മത്സരിക്കാനുള്ള കരുത്ത് അവന് നൽകും. അല്ലാഹുവിനെ ധിക്കരിക്കുന്നവർക്ക് അവൻ ഒരുക്കി വെച്ച നരകാഗ്നിയെ കുറിച്ചുള്ള ചിന്ത സമ്മാനിക്കുന്ന ഭയം തിന്മകളിൽ നിന്ന് വിട്ടു നിൽക്കാൻ അവന് ശക്തി നൽകും.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന മഹത്തരമായ സാക്ഷ്യവചനം ഉച്ചരിക്കുന്നവരിൽ ഈ രണ്ട് അടിസ്ഥാനങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കും. അത് കൊണ്ടാണല്ലോ നബിമാർ തങ്ങളുടെ സമൂഹത്തെ ഈ ദീനിലേക്ക് ക്ഷണിച്ചപ്പോഴെല്ലാം അല്ലാഹുവിനെ കുറിച്ച് പ്രതീക്ഷ നൽകുന്ന വാക്കുകളും, അവനെ ഭയപ്പെടാനുള്ള ഉപദേശങ്ങളും ഒരു പോലെ നൽകിയത്. സ്വർഗത്തെ കുറിച്ച് പറയുന്നതോടൊപ്പം നരകത്തെ കുറിച്ചും താക്കീത് നൽകിയത്. സന്തോഷവാർത്ത അറിയിക്കുന്നതോടൊപ്പം താക്കീത് നൽകുന്നവർ കൂടിയാണ് തങ്ങളെന്ന് വ്യക്തമാക്കിയത്.

നബിമാരുടെ ആരാധനകളെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ 

“തീര്‍ച്ചയായും അവര്‍ നന്മകളിൽ ധൃതികാണിക്കുകയും, പ്രതീക്ഷയോടും, ഭയത്തോടെയും നമ്മോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു.” (അമ്പിയാഅ്: 90)

അല്ലാഹുവിൻ്റെ സച്ചരിതരായ ദാസന്മാരെ കുറിച്ച് അവൻ പറഞ്ഞതു നോക്കൂ:

يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾

“ഭയത്തോടും പ്രതീക്ഷയോടും അവർ തങ്ങളുടെ റബ്ബിനെ വിളിച്ചു പ്രാർഥിക്കുന്നു.” (സജ്ദഃ:16)

മൂന്ന്: ആദരവ് (التَّعْظِيمُ)

അല്ലാഹു മാത്രമാണ് നിൻ്റെ ഇലാഹ്. അവനെ നീ ആദരിക്കണം. അവനോടുള്ള അങ്ങേയറ്റത്തെ ബഹുമാനവും പരിഗണനയും നിൻ്റെ മനസ്സിലും വാക്കിലും പ്രവൃത്തികളിലും ഉണ്ടാകേണ്ടതുണ്ട്. അവൻ്റെ പേര് ഉച്ചരിക്കുമ്പോൾ നീ ശ്രദ്ധിക്കണം; മറ്റാരുടെയും പേരുകൾ പോലെയല്ല അവൻ്റെ പേര്. അവൻ്റെ ദീനിനെ കുറിച്ച് സംസാരിക്കുമ്പോൾ നീ സൂക്ഷിക്കണം; മറ്റെന്തിനെ കുറിച്ച് സംസാരിക്കുന്നതും പോലെയല്ല ഇത്. അവനോട് ആദരവും ബഹുമാനവും ഇല്ലാത്ത ഒരു വാക്കോ പ്രവൃത്തിയോ നിന്നിൽ നിന്നുണ്ടാകരുത്.

ഒരിക്കൽ നബി (സ) മൂത്രമൊഴിച്ചു കൊണ്ടിരിക്കെ പരിസരത്ത് കൂടെ നടന്നു പോയ ഒരു സ്വഹാബി അവിടുത്തോട് സലാം പറഞ്ഞു. അവിടുന്ന് സലാം മടക്കിയില്ല. വുദുവെടുത്ത ശേഷം അദ്ദേഹത്തിൻ്റെ അടുക്കൽ വന്ന് നബി (സ) ഒഴിവുകഴിവു പറഞ്ഞു:

«إِنِّى كَرِهْتُ أَنْ أَذْكُرَ اللَّهَ عَزَّ وَجَلَّ إِلاَّ عَلَى طُهْرٍ»

“ശുദ്ധിയില്ലാതെ അല്ലാഹുവിനെ സ്മരിക്കാൻ എനിക്ക് പ്രയാസമുള്ളതു കൊണ്ടാണ്.” (അബൂദാവൂദ്: 17)

അല്ലാഹുവിനോടുള്ള ആദരവിൻ്റെ ഭാഗമാണ് നബി (സ) യുടെ ഈ പ്രവൃത്തി. ഇതിന് സമാനമായ സംഭവങ്ങൾ വേറെയും കാണാം. അല്ലാഹുവിനെ ആദരിക്കുന്നതിൻ്റെ ഭാഗം തന്നെയാണ് അല്ലാഹുവുമായി ബന്ധപ്പെട്ട എന്തൊരു കാര്യത്തെയും ബഹുമാനിക്കൽ.

അല്ലാഹുവിൻ്റെ ഖുർആനിനെ ബഹുമാനിക്കണം; അത് അവൻ്റെ സംസാരമാണ്. അത് രേഖപ്പെടുത്തിയ മുസ്വ്‌ഹഫിനെ ബഹുമാനിക്കണം. നബി (സ) യെ ബഹുമാനിക്കണം. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണ്. മസ്ജിദുകളെ ആദരിക്കണം; അത് അല്ലാഹുവിൻ്റെ ഭവനങ്ങളാണ്. മതവിധികളെ ബഹുമാനിക്കണം; അത് അല്ലാഹുവിൻ്റെ കൽപ്പനകളാണ്. ഇങ്ങനെ അല്ലാഹുവുമായി ബന്ധപ്പെട്ടവയെ എല്ലാം ആദരിക്കണം.

ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ ﴿٣٢﴾

“അത് (നിങ്ങള്‍ ഗ്രഹിക്കുക.) വല്ലവനും അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മ്മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ.” (ഹജ്ജ്: 32)

അല്ലാഹുവിനോടുള്ള ആദരവിന് കോട്ടം തട്ടിക്കുന്ന വാക്കുകളും പ്രവൃത്തികളും അവയുടെ തരവും ഗൗരവവുമനുസരിച്ച് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ വരെ കാരണമായി തീർന്നേക്കാം. ഉദാഹരണത്തിന് അല്ലാഹുവിനെയോ റസൂലിനെയോ പരിഹസിക്കുന്നത് ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകും. കാരണം പരിഹാസം ആദരവിൻ്റെ ലക്ഷണമല്ല; മറിച്ച് അനാദരവിൻ്റെയും അവിശ്വാസത്തിൻ്റെയും അടയാളമാണ്.

നബി (സ) യുടെ സ്വഹാബിമാരിൽ ചിലരെ പരിഹസിച്ചവരെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

وَلَئِن سَأَلْتَهُمْ لَيَقُولُنَّ إِنَّمَا كُنَّا نَخُوضُ وَنَلْعَبُ ۚ قُلْ أَبِاللَّـهِ وَآيَاتِهِ وَرَسُولِهِ كُنتُمْ تَسْتَهْزِئُونَ ﴿٦٥﴾ لَا تَعْتَذِرُوا قَدْ كَفَرْتُم بَعْدَ إِيمَانِكُمْ ۚ

“നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്‍റെ ദൃഷ്ടാന്തങ്ങളെയും അവന്‍റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു.” (തൗബ: 65-66)

നാല്: ശിർകിൽ നിന്നും അതിൻ്റെ വക്താക്കളിൽ നിന്നും ബന്ധവിഛേദനം നടത്തൽ. (البَرَاءَةُ مِنَ الشِّرْكِ وَأَهْلِهِ)

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിച്ചതോടെ അവൻ മുസ്ലിമായിരിക്കുന്നു. ഇനി അവൻ മുസ്ലിമീങ്ങളിൽ പെട്ടവനാണ്. അവരെല്ലാം അവൻ്റെ സഹോദരങ്ങൾ. ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത അവൻ്റെ കുടുംബാംഗങ്ങളെക്കാൾ അവന് അടുപ്പവും പ്രിയവുമുള്ളവർ. അവർക്ക് സന്തോഷമുണ്ടാക്കുന്നതെല്ലാം അവന് സന്തോഷം തന്നെ. അവർക്ക് വേദനയുണ്ടാക്കുന്നതെല്ലാം അവനും വേദന തന്നെ.

عَنْ أَبِي مُوسَى، عَنِ النَّبِيِّ -ﷺ- قَالَ: «إِنَّ المُؤْمِنَ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا» وَشَبَّكَ أَصَابِعَهُ.

നബി (സ) പറഞ്ഞതു പോലെ: “ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഒരു കെട്ടിടം പോലെയാണ്. അത് പരസ്പരം ശക്തി പകരുന്നതായിരിക്കും.” അവിടുന്ന് തൻ്റെ കൈവിരലുകൾ കൂട്ടിപ്പിണച്ചു പിടിച്ചു. (ബുഖാരി: 481, മുസ്ലിം: 2585)

عَنِ النُّعْمَانِ بْنِ بَشِيرٍ، قَالَ: قَالَ رَسُولُ اللهِ -ﷺ-: «مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ، وَتَرَاحُمِهِمْ، وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى»

അവിടുന്ന് പറഞ്ഞു: “മുഅ്മിനീങ്ങൾ പരസ്പരമുള്ള സ്നേഹത്തിലും കാരുണ്യത്തിലും ഇഷ്ടത്തിലുമെല്ലാം ഒരു ശരീരം പോലെയാണ്. അതിലൊരു അവയവത്തിന് രോഗമായാൽ ശരീരം മുഴുവൻ പനിച്ചും ഉറക്കമൊഴിച്ചും അതിൽ പങ്കു ചേരും.” (മുസ്ലിം: 2586)

ശഹാദത് കലിമ ഉച്ചരിച്ചു കഴിഞ്ഞാൽ മുസ്ലിമീങ്ങൾ പരസ്പരം ഉണ്ടാാകുന്ന ബന്ധം ഇതാണെങ്കിൽ, ഇസ്ലാമിൻ്റെ അടിസ്ഥാന വിശ്വാസത്തിനെതിരായ ബഹുദൈവാരാധനയിൽ ഏർപ്പെട്ടവരോടും, അതിനെതിരെ നിലകൊള്ളുന്നവരോടും അവന് വിദ്വേഷവും അകൽച്ചയും വിരോധവുമുണ്ടായിരിക്കും. കാരണം അവൻ ഈ സാക്ഷ്യവചനം ഉച്ചരിച്ചത് ലോകത്തിലേറ്റവും വലിയ സത്യം അതാണെന്ന ഉറപ്പോടു കൂടിയാണ്. അതിനെതിരാകുന്നതെല്ലാം അവനും അവൻ്റെ വിശ്വാസത്തിനും എതിരാണ്. അതിനോട് അകൽച്ചയും വിദ്വേഷവും കേവലം സ്വാഭാവികമായ മാനസിക പ്രക്രിയ മാത്രവും.

ഇബ്രാഹീം നബി (അ) യും മറ്റു നബിമാരെല്ലാവരും തങ്ങളുടെ സമൂഹത്തോട് പറഞ്ഞ വാക്ക് അല്ലാഹു ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّـهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّـهِ وَحْدَهُ

“നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്‌. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.” (മുംതഹനഃ: 5)

നബി (സ) യുടെ സ്വഹാബികളെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

مُّحَمَّدٌ رَّسُولُ اللَّـهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ

“മുഹമ്മദ് അല്ലാഹുവിന്‍റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു.” (ഫത്‌ഹ്: 29)

മേൽ പറഞ്ഞ നാല് കാര്യങ്ങൾ ശഹാദത് കലിമ സ്ഥിരീകരിച്ച ഓരോ മുസ്ലിമിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ട്. അവയിൽ വിട്ടുവീഴ്ച്ച ചെയ്യുക എന്നതോ, നിരാകരിക്കുക എന്നതോ ഒരു മുസ്ലിമിൽ സംഭവിക്കാൻ പാടില്ല. അല്ലാഹു നാമേവരെയും അവൻ്റെ ദീനിൽ ഉറപ്പിച്ചു നിർത്തുമാറാകട്ടെ!

 

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: