‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കില്‍ അടങ്ങിയിട്ടുള്ള രണ്ട് അടിസ്ഥാന സ്തംഭങ്ങളെ കുറിച്ച് നാം മനസ്സിലാക്കുകയുണ്ടായി. ‘ലാ ഇലാഹ’ എന്ന ആദ്യ ഭാഗം അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളെ നിഷേധിക്കുകയും തള്ളിപ്പറയുകയുമാണെന്നും നാം വ്യക്തമാക്കി.

സ്വാഭാവികമായും എന്തെല്ലാമാണ് നിഷേധിക്കേണ്ടതെന്നും, അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കള്‍ എന്തെല്ലാമാണെന്നുമുള്ള ചോദ്യം അടുത്തതായി ഉയര്‍ന്നു വരും. കാരണം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവ വ്യത്യസ്ത തരങ്ങളും ഇനങ്ങളുമുണ്ട്. എല്ലാ ആരാധ്യവസ്തുക്കളും ഒരു പോലെയല്ല; എല്ലാത്തിനോടുമുള്ള ആരാധകരുടെ സമീപനവും ഒരു പോലെയല്ല.

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ ജനങ്ങളോടുള്ള അവയുടെ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ നാലായി തിരിക്കാം. ഈ നാല് കാര്യങ്ങളെയും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമ നിഷേധിക്കുന്നുണ്ട്. അവ താഴെ പറയാം:

ഒന്ന്: ആലിഹഃ (الآلِهَةُ).

‘ഇലാഹ്’ എന്നതിന്റെ ബഹുവചനമാണ് ‘ആലിഹഃ’ എന്ന അറബി പദം. ഇലാഹ് എന്നതിന്റെ അര്‍ഥം ആരാധിക്കപ്പെടുന്നവന്‍ എന്നാണെന്നും, അല്ലാഹുവിന് പുറമെ ഒരാളും ആരാധിക്കപ്പെടാന്‍ അര്‍ഹരല്ലെന്നും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യത്തിന്റെ അര്‍ത്ഥവും ആശയവും വിശദീകരിക്കവെ നാം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇവിടെ ‘ഇലാഹ്’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രത്യേകമായ ഒരു അര്‍ത്ഥമാണ്. “അല്ലാഹുവിന് പുറമെ ഗുണം പ്രതീക്ഷിച്ചു കൊണ്ടോ, ദോഷം നീക്കുന്നതിനോ ഒരാള്‍ അവലംബമാക്കുന്ന എന്തൊരു കാര്യവും” അയാളുടെ ഇലാഹാണ്.

ഒരാള്‍ തന്റെ രോഗം മാറുന്നതിനോ, അയാള്‍ക്ക് സന്താനലബ്ദി ഉണ്ടാകുന്നതിനോ, അയാളുടെ ജീവിത പ്രാരാബ്ദങ്ങള്‍ നീക്കുന്നതിനോ ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന് പുറമെ മറ്റാരെയെങ്കിലും തന്റെ അവലംബവും അവസാന ആശ്രയവുമാക്കി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് അവന്റെ ഇലാഹാണ്.

മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്കായി ഈസ നബിയോട് ചോദിക്കുകയും അദ്ദേഹത്തില്‍ പ്രതീക്ഷ വെക്കുകയും ചെയ്യുന്ന നസ്വാറാക്കളും, വിഗ്രഹങ്ങളെ അവലംബമായി കാണുന്ന വിഗ്രഹാരാധകരും, ഖബ്റുകളെയും ഔലിയാക്കളെയും സ്വീകരിച്ചിരിക്കുന്ന ചില ‘മുസ്‌ലിം നാമധാരികളും’ ഉദാഹരണം. ഇവയൊന്നും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പ്രഖ്യാപിച്ച ഒരു മുസ്‌ലിമില്‍ ഉണ്ടാകാന്‍ പാടില്ല.

അല്ലാഹുവിന് പുറമെ ഇലാഹുകള്‍ യാതൊന്നും ഇല്ലെന്ന കാര്യം സംശയലേശമന്യേ പ്രഖ്യാപിച്ചു കൊണ്ട് അല്ലാഹു -تَعَالَى- പറയുന്നു:

وَاتَّخَذُوا مِن دُونِهِ آلِهَةً لَّا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا ﴿٣﴾

“അവന്ന് പുറമെ പല ഇലാഹുകളെയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക് തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.” (ഫുര്‍ഖാന്‍: 3)

രണ്ട്: അന്‍ദാദ് (الأَنْدَادُ).

‘നിദ്ദ്’ എന്ന പദത്തിന്റെ ബഹുവചനമാണ് ‘അന്‍ദാദ്’. തുല്ല്യനും സമനുമായിട്ടുള്ളവന് അറബിയില്‍ നിദ്ദ് എന്നു പറയാം. അല്ലാഹുവിന് തുല്ല്യനോ സമനോ ആയിട്ടുള്ള ഒരാളും തന്നെയില്ല.

“അല്ലാഹുവിന്റെ ദീനില്‍ നിന്ന് നിന്നെ പിടിച്ചു വലിക്കുകയും, പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്ന എന്തും” അല്ലാഹുവിന് പുറമെയുള്ള നിദ്ദുകളാണ്. അത് ചിലപ്പോള്‍ നിന്റെ ഭാര്യയോ മക്കളോ കുടുംബമോ സമ്പത്തോ ഒക്കെയായിരിക്കാം.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിച്ച ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവനു ഏറ്റവും വലുത് അല്ലാഹുവും അവന്റെ തൃപ്തിയുമാണ്‌. അതിനു വിരുദ്ധമാകുന്ന ഒന്നും തന്നെ –അവന്‍ സ്നേഹിക്കുന്നവരോ അല്ലാത്തവരോ- കല്‍പ്പിച്ചാലും തടഞ്ഞാലും അവയെ അവന്‍ പരിഗണിക്കുകയില്ല.

അല്ലാഹുവിന് പുറമെയുള്ള എന്തിനോടുമുള്ള നിന്റെ അതിരുവിട്ട സ്നേഹം അല്ലാഹുവിന്റെ ദീനിനെ ഉപേക്ഷിക്കാനും, അതിന് പരിഗണനയും പ്രാധാന്യവും നല്‍കുന്നതില്‍ നിന്ന് നിന്നെ അകറ്റാനും കാരണമാകുന്നെങ്കില്‍ അവ അല്ലാഹുവിന് പുറമെ നീ സ്വീകരിച്ചിരിക്കുന്ന ‘അന്‍ദാദു’കളാണ്. ഇത്തരക്കാരെ കുറിച്ച് അല്ലാഹു -تَعَالَى- പറഞ്ഞു:

وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّـهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّـهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّـهِ ۗ

“അല്ലാഹുവിന് പുറമെയുള്ളവരെ ‘അന്‍ദാദുകളാ’ക്കുന്ന ചിലരുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ മുഅമിനീങ്ങള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ.” (ബഖറ: 165)

മൂന്ന്: അര്‍ബാബ് (الأَرْبَابُ).

‘റബ്ബ്’ എന്നതിന്റെ ബഹുവചനമാണ് ‘അര്‍ബാബ്’ എന്ന പദം. “അല്ലാഹുവിന്റെ വിധിക്ക് എതിരായി ആരെങ്കിലും വിധിക്കുകയും, അതില്‍ അയാളെ സത്യപ്പെടുത്തി കൊണ്ട് നീ അനുസരിക്കുകയും ചെയ്‌താല്‍” അവന്‍ നിന്റെ റബ്ബാകും.

അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യം ആരെങ്കിലും അനുവദനീയമാക്കുകയോ, അല്ലാഹു അനുവദിച്ച ഒരു കാര്യം ആരെങ്കിലും നിഷിദ്ധമാക്കുകയോ ചെയ്തെന്നു കരുതുക. അല്ലാഹുവിന്റെ വിധിക്ക് വിരുദ്ധമായ ഈ നിയമം നിര്‍മ്മിച്ച വ്യക്തിയെ സത്യപ്പെടുത്തി കൊണ്ട് ആരെങ്കിലും അതില്‍ അയാളെ അനുസരിച്ചാല്‍ അവന്‍ ഇവന്റെ റബ്ബായി തീര്‍ന്നു.

യഹൂദ-നസ്വാറാക്കള്‍ ചെയ്തത് ഉദാഹരണം. അവര്‍ അല്ലാഹുവിന്റെ വിധികള്‍ മാറ്റി മറിക്കാന്‍ തങ്ങളുടെ പുരോഹിതന്മാര്‍ക്ക് അവകാശവും അധികാരവുമുണ്ടെന്നു വിശ്വസിച്ചു കൊണ്ട് അവരെ അനുസരിച്ചു. അതിനാല്‍ ഇവര്‍ അവരുടെ റബ്ബുകളായി തീര്‍ന്നുവെന്നാണ് അല്ലാഹു -تَعَالَى- അറിയിച്ചത്.

اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِّن دُونِ اللَّـهِ

“അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും അല്ലാഹുവിന് പുറമെ അവര്‍ ‘അര്‍ബാബുകളാ’യി സ്വീകരിച്ചു.” (തൌബ: 31)

ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു:

«أَمَا إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ، وَلَكِنَّهُمْ كَانُوا إِذَا أَحَلُّوا لَهُمْ شَيْئاً اسْتَحَلُّوهُ، وَإِذَا حَرَّمُوا عَلَيْهِمْ شَيْئاً حَرَّمُوهُ، فَتِلْكَ عِبَادَتُهُمْ»

“അവര്‍ പുരോഹിതന്മാരെ ആരാധിച്ചിരുന്നില്ല. എന്നാല്‍ പുരോഹിതന്മാര്‍ അവര്‍ക്ക് (അല്ലാഹു നിഷിദ്ധമാക്കിയ) എന്തെങ്കിലും അനുവദനീയമാക്കി നല്‍കിയാല്‍ അവരും അതനുവദനീയമാക്കും. പുരോഹിതന്മാര്‍ അവര്‍ക്ക് (അല്ലാഹു അനുവദനീയമാക്കിയ) എന്തെങ്കിലും നിഷിദ്ധമാക്കിയാല്‍ അവരും അത് നിഷിദ്ധമാക്കും. അതാണ്‌ അവര്‍ക്കുള്ള ഇവരുടെ ആരാധന.” (സ്വഹീഹ: 3293)

അപ്പോള്‍ അല്ലാഹു -تَعَالَى- യുടെ നിയമങ്ങളെ മാറ്റി മറിക്കുന്നവരെ അതില്‍ സത്യപ്പെടുത്തി കൊണ്ട് അനുസരിക്കുന്നത് അല്ലാഹുവിന് പുറമെ റബ്ബുകളെ നിശ്ചയിക്കലാണ്. ത്വരീഖത്തിന്റെ ശൈഖുമാരെ അന്തമായി അനുസരിക്കുന്ന മുരീദന്മാരും, ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാണെന്ന് വ്യക്തമായ കാര്യങ്ങളില്‍ വരെ ഇമാമുമാരെ കണ്ണടച്ച് സ്വീകരിക്കുന്നവരും ഈ പറഞ്ഞതില്‍ ഉള്‍പ്പെടും എന്ന് വളരെ ഭയപ്പെടേണ്ടവരാണ്.

എന്നാല്‍ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി കല്‍പ്പിക്കുന്ന ഒരാളെ അനുസരിച്ചു എന്നത് കൊണ്ട് മാത്രം അയാള്‍ അല്ലാഹുവിന് പുറമെയുള്ള റബ്ബായി തീരണമെന്നില്ല. ഉദാഹരണത്തിനു മാതാപിതാക്കളെ അല്ലാഹുവിന്റെ തീരുമാനത്തിന് വിരുദ്ധമായി അനുസരിക്കുന്നത് തെറ്റാണെങ്കിലും അത് മാതാപിതാക്കളെ അല്ലാഹുവിന് പുറമെ റബ്ബായി നിശ്ചയിക്കലല്ല.

നാല്: ത്വവാഗീത് (الطَّوَاغِيتُ).

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന, അതില്‍ തൃപ്തിയുള്ള എല്ലാ ആരാധ്യന്മാരും ത്വാഗൂതുകളാണ്. പിശാചും ആള്‍ദൈവങ്ങളും ഉദാഹരണം. ഇവയൊക്കെ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നുണ്ട്; അതോടൊപ്പം അവര്‍ക്ക് അങ്ങനെ തങ്ങള്‍ ആരാധിക്കപ്പെടുന്നതില്‍ തൃപ്തിയുമുണ്ട്. ഇത്തരക്കാര്‍ ത്വാഗൂതുകളില്‍ ഉള്‍പ്പെടും.

ത്വാഗൂതുകളെ വെടിയണമെന്നത് എല്ലാ നബിമാരും തങ്ങളുടെ സമൂഹത്തോട് കല്‍പ്പിച്ച പ്രധാന കല്‍പ്പനകളില്‍ ഒന്നാണ്.

وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ

“നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ‘ത്വാഗൂതുകളെ’ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി) ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്‌.” (നഹ്ല്‍: 36)

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവചനം പ്രഖ്യാപിക്കുന്നതോടെ മേല്‍ പറഞ്ഞ നാലു കാര്യങ്ങളും എല്ലാ മുസ്‌ലിമിന്റെയും ജീവിതത്തില്‍ നിന്ന് തുടച്ചു മാറ്റപ്പെടണം. ശഹാദത് കലിമയുടെ ഉദ്ദേശം ഈ പറഞ്ഞ അടിസ്ഥാനങ്ങളിലാണ് നിലകൊള്ളുന്നത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment