അല്ലാഹ് എന്ന നമ്മുടെ റബ്ബിന്റെ നാമം ഒഴിച്ചു നിര്‍ത്തിയാല്‍ മൂന്ന് വാക്കുകളാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവചനം ഉള്‍ക്കൊള്ളുന്നത്. അവയുടെ ഓരോന്നിന്റെയും വാക്കര്‍ത്ഥം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.

  1. ലാ (لَا) : ഇല്ല.
  2. ഇലാഹ (إِلَهَ) : ആരാധ്യന്‍/ആരാധിക്കപ്പെടുന്നവന്‍.
  3. ഇല്ലാ (إِلَّا) : ഒഴികെ.

ഈ വാക്കുകളില്‍ ആരാധ്യന്‍ എന്നര്‍ത്ഥം വരുന്ന ഇലാഹ് എന്ന പദത്തെ കുറിച്ച് ചിലത് വിശദീകരിക്കല്‍ അനിവാര്യമാണ്. കാരണം ഈ വാക്കിനെ കുറിച്ചുള്ള അജ്ഞത മൊത്തം ശഹാദത് കലിമ മനസ്സിലാക്കുന്നതില്‍ തന്നെ വലിയ അബദ്ധം സൃഷ്ടിക്കും.

ഇലാഹ് എന്ന പദത്തിന് ‘സൃഷ്ടാവ്, നിയന്താവ്, ഉടമസ്ഥന്‍, അധികാരി, രാജാവ്, അനുസരിക്കപ്പെടുന്നവന്‍’ എന്നൊക്കെ അര്‍ഥങ്ങള്‍ പറയുന്നവരുണ്ട്. ഇതെല്ലാം ഭാഷാപരമായും മതപരമായും യോജിക്കുന്ന അര്‍ത്ഥമല്ല.

കാരണം ഇലാഹ് എന്ന പദം അറബിയിലെ ‘മഅബൂദ്’ (المَعْبُودُ) എന്ന പദത്തിന് സമാനമാണ് എന്ന് ധാരാളം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഭാഷാപണ്ഡിതന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. [1] ‘മഅബൂദ്’ എന്ന പദമാകട്ടെ; ഇബാദതുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചുരുക്കത്തില്‍, ഇബാദത് ചെയ്യപ്പെടുന്നവന്‍ (ആരാധിക്കപ്പെടുന്നവന്‍) എന്നതാണ് ഇലാഹ് എന്ന പദത്തിന്റെ അര്‍ഥം.

ഈ അര്‍ഥം മാറ്റി പറയുക എന്നത് ശരിയല്ല. കാരണം അല്ലാഹു -تَعَالَى- അവന്റെ ഏകത്വം വിശദീകരിക്കാന്‍ സ്വീകരിച്ച പദത്തെ അതിന്റെ അര്‍ത്ഥങ്ങളില്‍ നിന്ന് മാറ്റുന്നത് വലിയ പിഴവുകളും തെറ്റുകളും സംഭവിക്കാന്‍ കാരണമാകും.

മേലെ നല്‍കിയ വാക്കുകള്‍ ചേര്‍ത്തു വെച്ചാല്‍ ‘അല്ലാഹു ഒഴികെ ആരാധ്യന്‍ ഇല്ല’ എന്നാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ വാക്കര്‍ത്ഥമായി പറയാന്‍ കഴിയുക എന്ന് മനസ്സിലാക്കാം. എന്നാല്‍ എന്താണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ആശയം? ഈ വാചകം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

അല്ലാഹുവല്ലാതെ ആകാശഭൂമികളില്‍ ഒരു വസ്തുവും ആരാധിക്കപ്പെട്ടിട്ടില്ല എന്നാണോ ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്? –വഴിപിഴച്ച ചില സ്വൂഫികള്‍ പറയുന്നത് പോലെ- അല്ലാഹുവിന് പുറമെ ഒരു വസ്തുവും ആരാധിക്കപ്പെടുകയില്ല എന്നാണോ ഈ വാക്ക് അറിയിക്കുന്നത്; എന്തിനെ ആരാധിച്ചാലും അതെല്ലാം അല്ലാഹുവിനുള്ള ആരാധനയാണ് എന്നാണോ ഈ പറഞ്ഞത്?

ഒരിക്കലുമല്ല. അല്ലാഹുവിന് പുറമെ ഭൂമിയില്‍ പലതും ആരാധിക്കപ്പെട്ടിട്ടുണ്ട് എന്നും, അവയൊക്കെ മുഷ്രിക്കുകളുടെ ആരാധ്യന്മാര്‍ ആണെന്നും, അവയെ ആരാധിക്കാന്‍ പാടില്ലെനും അല്ലാഹു തന്നെ ഖുര്‍ആനില്‍ നമ്മെ അറിയിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:

وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ ۘ

“അല്ലാഹുവോടൊപ്പം വേറെ യാതൊരു ഇലാഹുകളെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കരുത്‌.” (ഖസ്വസ്വ്: 88)

وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ آزَرَ أَتَتَّخِذُ أَصْنَامًا آلِهَةً ۖ

“ഇബ്രാഹീം തന്റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ഇലാഹുകളായി സ്വീകരിക്കുന്നത്‌?” (അന്‍ആം: 74)

ചുരുക്കത്തില്‍, അല്ലാഹുവിന് പുറമെ ഇലാഹുകള്‍ (ആരാധ്യന്മാര്‍) ഉണ്ട്. അവര്‍ ആരാധിക്കപ്പെടുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് അവരെ ഇലാഹുകള്‍ (ആരാധ്യന്മാര്‍) എന്ന് വിളിക്കുന്നത്.

മനുഷ്യര്‍ അല്ലാഹുവിന് പുറമെ മറ്റൊന്നിനെയും ആരാധിച്ചിരുന്നില്ലെങ്കില്‍ അല്ലാഹുവിന് പുറമെ മറ്റൊന്നും ഇലാഹ് എന്ന് വിളിക്കപ്പെടില്ലായിരുന്നു. എന്നാല്‍ പിശാച് മനുഷ്യരെ വഴിതെറ്റിക്കുകയും അല്ലാഹുവിനു പുറമെയുള്ളവര്‍ ആരാധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന് പുറമെയുള്ളവരും ഇലാഹ് എന്ന പേരില്‍ വിളിക്കപ്പെടുന്നുണ്ട്.

അപ്പോള്‍ ശഹാദത് കലിമയില്‍ ‘അല്ലാഹുവല്ലാതെ ആരാധ്യനായി മറ്റാരും ഇല്ല’ എന്നു പറഞ്ഞതിന്റെ അര്‍ത്ഥമോ?

പണ്ഡിതന്മാര്‍ പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല’ എന്നതാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ഉദ്ദേശവും ആശയവും. അറബിയിലാണ് പറയുന്നതെങ്കില്‍; لَا مَعْبُودَ بِحَقٍّ إِلَّا اللَّهُ എന്നു പറയാം. മുന്‍ഗാമികളും പില്‍ക്കാലക്കാരുമായ അനേകം പണ്ഡിതന്മാര്‍ ഈ അര്‍ഥം ശഹാദത് കലിമ വിശദീകരിക്കവെ പറഞ്ഞതായി കാണാം. [2]

ചുരുക്കത്തില്‍, അല്ലാഹുവിന് പുറമെ ഏറെ ആരാധ്യവസ്തുക്കളെ ജനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് അങ്ങേയറ്റത്തെ അന്യായമാണെന്നും, ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളത് അല്ലാഹു മാത്രമാണെന്നും, അവനു പുറമെയുള്ളവര്‍ക്ക് നല്‍കുന്ന ആരാധന ലോകങ്ങളുടെ സ്രഷ്ടാവിനു അവകാശപ്പെട്ടത് സൃഷ്ടികള്‍ക്ക് നല്‍കലാണ് എന്നും ശഹാദത് ബോധ്യപ്പെടുത്തുന്നു.

ഇക്കാര്യം ബോധ്യപ്പെടുത്തുന്ന അനേകം ആയത്തുകളും ഹദീസുകളും കണ്ടെത്താന്‍ കഴിയും. അതില്‍ പ്രബലമായ ഒന്നു മാത്രം ഇവിടെ പറയാം.

وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ

“ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല (ലാ ഇലാഹ ഇല്ലല്ലാഹ്); അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ: 25)

നബിമാര്‍ ജനങ്ങളോട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമയിലേക്ക് ക്ഷണിച്ച ഉടനെ അവരോട് പറഞ്ഞ വാക്ക് ശ്രദ്ധിക്കുക. അവര്‍ പറഞ്ഞു: ‘അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ ആരാധിക്കൂ’. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞവന്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കാണ് എത്തിചേരേണ്ടത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

ഇതല്ലാതെയും അനേകം തെളിവുകള്‍ ഈ പറഞ്ഞ അടിസ്ഥാനം ബോധ്യപ്പെടുത്തുന്നതായി ഖുര്‍ആനിലും ഹദീസിലും കണ്ടെത്താന്‍ കഴിയും. അവയില്‍ ചിലത് വഴിയെ സന്ദര്‍ഭം വരുമ്പോള്‍ വായിക്കാം. ഇന്‍ഷാ അല്ലാഹ്.


[1] ഇബ്‌നു ജരീര്‍ (തഫ്സീറുത്വബരി: 1/123), റാഗിബ് അല്‍-അസ്വ്-ഫഹാനി (മുഫ്റദാത്: 21), ഇബ്‌നു ഫാരിസ് (മുജ്മലുല്ലുഗ: 1/101) എന്നിവര്‍ അതില്‍ ചിലര്‍ മാത്രം.

[2] ഇമാം ത്വബരി (തഫ്സീര്‍: 12/10), ഇമാം ബഗവി (തഫ്സീര്‍: 6/157), അബൂഹയ്യാന്‍ (തഫ്സീര്‍: 1/462), ഇബ്‌നു തൈമിയ്യ (മജ്മൂഉല്‍ ഫതാവ: 14/171), ഇബ്‌നുല്‍ ഖയ്യിം (ബദാഇഉല്‍ ഫവാഇദ്: 3/962), ഇബ്‌നു കസീര്‍: (തഫ്സീര്‍: 5/314), സുയൂത്വി (ജലാലയ്നി: 67), ബയ്ദ്വാവി (തഫ്സീര്‍: 1/257),  തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment