ഒരു വ്യക്തിയുടെ ഇസ്‌ലാമിന്റെ തുടക്കം ശഹാദത് കലിമയിലാണ്. നബി -ﷺ- പറഞ്ഞു:

«بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةِ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ…»

“ഇസ്‌ലാം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങള്‍ക്ക് മേലാണ്. (ഒന്ന്:) ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന ശഹാദത്.” (ബുഖാരി: 8, മുസ്‌ലിം: 16)

എന്നാല്‍ എന്താണ് ശഹാദ? ‘അശ്ഹദു’ -ഞാന്‍ സാക്ഷ്യം വഹിക്കുന്നു-; എന്നു പ്രഖ്യാപിക്കുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണ്?

അറബി ഭാഷയില്‍ ‘ശഹിദ’ (شَهِدَ) എന്ന വാക്കിനോടാണ് ഈ പദം ബന്ധപ്പെട്ടു കിടക്കുന്നത്. ഈ പദങ്ങള്‍ -ഭാഷയില്‍- മൂന്ന് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവ:

1- ഒരു കാര്യത്തിന് സാക്ഷിയാകല്‍.

2- അതിനെ കുറിച്ച് അറിയല്‍.

3- അക്കാര്യം മറ്റുള്ളവരെ അറിയിക്കല്‍.

ഈ മൂന്ന് കാര്യങ്ങളും ‘അശ്ഹദു’ എന്ന വാക്ക് ഉള്‍ക്കൊള്ളുന്നു. ‘ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്:

(1) ഞാന്‍ എന്റെ മനസ്സു കൊണ്ട് സാക്ഷ്യം വഹിക്കുകയും; (2) അറിഞ്ഞു മനസ്സിലാക്കുകയും ചെയ്ത കാര്യം; (3) എന്റെ നാവ് കൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയും അറിയിക്കുകയും ചെയ്യുന്നു എന്നാണ്.

മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങളില്ലാതെ ഒരാളുടെയും ശഹാദത് ശഹാദതാവുകയില്ല. ഈ മൂന്ന് കാര്യങ്ങള്‍ ചുരുക്കി വിശദീകരിക്കാം.

ഒന്ന്: മനസ്സ് കൊണ്ട് ഈ സത്യം ബോധ്യപ്പെടണം.

‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല’ എന്നു സാക്ഷ്യം വഹിക്കുമ്പോള്‍ അക്കാര്യം ഹൃദയം കൊണ്ട് കണ്ടറിഞ്ഞതു പോലെ അതിനെ കുറിച്ചുള്ള ഉറപ്പും ദൃഡതയും ഉണ്ടായിരിക്കണം. ശഹാദതിന്റെ തുടക്കം ഈ ദൃഡവിശ്വാസത്തില്‍ നിന്നാണ്.

വേരുകള്‍ ആഴത്തിലൂന്നിയ വടവൃക്ഷം പോലെ അത് മനസ്സിന്റെ ആഴങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കണം.

أَلَمْ تَرَ كَيْفَ ضَرَبَ اللَّـهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ﴿٢٤﴾

“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു.” (ഇബ്രാഹീം: 26)

രണ്ട്: സാക്ഷ്യം വഹിക്കുന്നതിനെ കുറിച്ച് അറിവുണ്ടായിരിക്കണം.

അറിവില്ലാത്ത കാര്യം സാക്ഷ്യം വഹിക്കുക സാധ്യമല്ല. അതിനാല്‍ സാക്ഷ്യം പറയുന്ന കാര്യത്തെ കുറിച്ച് പഠിക്കുകയും അറിയുകയും വേണം. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നാണു സാക്ഷ്യം വഹിക്കുന്നതെങ്കില്‍; എന്താണ് അതിന്റെ ഉദ്ദേശം എന്ന് അറിഞ്ഞിരിക്കണം.

അല്ലാഹു -تَعَالَى- ശഹാദത് കലിമ പഠിക്കണം എന്ന് പ്രത്യേകം കല്‍പ്പിച്ചിട്ടുണ്ട്.

فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ

“നീ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പഠിക്കുക.” (മുഹമ്മദ്‌: 19)

നബി -ﷺ- പറഞ്ഞു:

مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللَّهُ دَخَلَ الجَنَّةَ

“ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അറിഞ്ഞു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (മുസ്‌ലിം: 26)

മൂന്ന്: സാക്ഷ്യ വചനം മറ്റുള്ളവരെ അറിയിക്കുകയും, ഉറക്കെ പ്രഖ്യാപിക്കുകയും വേണം.

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് അറിയുകയും പഠിക്കുകയും, അതില്‍ ദൃഡമായി വിശ്വസിക്കുകയും ചെയ്ത ശേഷം അത് ജനങ്ങള്‍ കേള്‍ക്കെ പ്രഖ്യാപിക്കുക കൂടി വേണം. എത്രയോ ഹദീസുകളില്‍ നബി -ﷺ- ശഹാദത് കലിമ പറയുന്നതിന്റെ ശ്രേഷ്ഠത എടുത്തു പറഞ്ഞിട്ടുണ്ട്.

നാവു കൊണ്ടു മാത്രമല്ല ശഹാദതിന്റെ പ്രഖ്യാപനം. മറിച്ച് പ്രവര്‍ത്തനങ്ങളിലും വിശ്വാസത്തിലും അതുണ്ടായിരിക്കണം.

അല്ലാഹു -تَعَالَى- പറഞ്ഞത് നോക്കൂ!

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣﴾

“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌?” (ഫുസ്സ്വിലത്‌: 33)

മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങള്‍ ഒരാള്‍ ശഹാദത് കലിമ പ്രഖ്യാപിക്കുമ്പോള്‍ അയാളില്‍ ഉണ്ടായിരിക്കേണ്ട അടിസ്ഥാനങ്ങളാണ്. അവയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുകയും, നമ്മുടെയെല്ലാം ഹൃദയങ്ങളില്‍ അവക്ക് എത്ര മാത്രം സ്ഥാനമുണ്ട് എന്ന് ചിന്തിക്കുകയും ചെയ്യുന്നത് നമ്മുടെ ഈമാനിനെ കുറിച്ചൊരു പുനര്‍വിചിന്തനം നടത്താന്‍ വളരെ സഹായകമായിരിക്കും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment