‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്ക് ഇസ്‌ലാമിലെ പരമപ്രധാനമായ അടിസ്ഥാനമാണ്. ഒരാള്‍ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നത് തന്നെ ഈ അടിസ്ഥാനം അറിഞ്ഞും അംഗീകരിച്ചും പ്രഖ്യാപിച്ചുമാണ്. അതിനാല്‍ ഈ വാക്യത്തെ കുറിച്ച് മനസ്സിലാക്കുക എന്നത് ഓരോ മുസ്‌ലിമിന്റെയും മേല്‍ നിര്‍ബന്ധ ബാധ്യതയാണ്.

فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ

“അതിനാല്‍ നീ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരും ഇല്ല) എന്നത് അറിയുക.” (മുഹമ്മദ്‌: 19)

മേലെ നല്‍കിയ സൂറ. മുഹമ്മദിലെ ആയത്ത് അവതരിക്കുന്നത് മദീനയില്‍ വെച്ചാണ്. പതിമൂന്ന് വര്‍ഷം മക്കയില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ അനേകം പീഡനങ്ങളും ബഹിഷ്കരണങ്ങളും നേരിടുകയും, നാട്ടില്‍ നിന്ന് പുറത്താക്കപ്പെടുകയും അങ്ങനെ മദീനയില്‍ അഭയം നേടുകയും ചെയ്തതിന് ശേഷമാണ് ഈ ആയത്ത് ഇറങ്ങുന്നതെന്ന് സാരം!

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിലേക്ക് ക്ഷണിക്കാന്‍ മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയ നബി -ﷺ- യോടും സ്വഹാബികളോടും അല്ലാഹു -تَعَالَى- ഇപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മോട് നാം എന്തായിരിക്കണം പറയേണ്ടത്?! ഈ വാക്ക് കൂടുതലായി പഠിക്കാനും മനസ്സിലാക്കാനും അതില്‍ അക്ഷീണമായ പരിശ്രമത്തിലേര്‍പ്പെടാനും എന്തു മാത്രം താല്‍പര്യം നമുക്കുണ്ടായിരിക്കണം?!

എന്നാല്‍ സഹോദരങ്ങളേ! ഈ വാക്യവുമായുള്ള നമ്മുടെ പലരുടെയും ബന്ധം എന്തു മാത്രം അശക്തവും ദുര്‍ബലവുമാണ്! എത്രയധികം പേര്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന സാക്ഷ്യവചനത്തിന്റെ കേവലാര്‍ത്ഥം പോലും അറിയാതെ ‘മുസ്‌ലിം പേരില്‍’ ജീവിക്കുന്നവരായുണ്ടെന്നറിയുമോ?

ഈ മഹത്തരമായ വാക്യത്തിന്റെ ഉദ്ദേശവും, അത് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ ഉണ്ടാക്കേണ്ട സമഗ്രമായ മാറ്റവും എന്താണെന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാത്തവര്‍ അതിനെക്കാള്‍ ധാരാളമത്രെ! സ്വര്‍ഗപ്രവേശനത്തിന് അര്‍ഹനാകാന്‍ ആദ്യം വേണ്ട നിബന്ധനയാണ് ഈ വാചകമെന്നിരിക്കെ; അതിനെ കുറിച്ച് അറിയുകയോ പഠിക്കുകയോ ചെയ്യാത്തവന് എങ്ങനെ സ്വര്‍ഗം ആഗ്രഹിക്കാനും ആത്മാര്‍ഥമായി അതില്‍ പ്രതീക്ഷ വെക്കാനും കഴിയും?!

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം വളരെ വിശാലമായ ആശയം ഉള്‍ക്കൊള്ളുന്നു എന്നതിനാല്‍ ഈ വാക്യത്തെ കുറിച്ച് പഠിക്കുകയെന്നത് സമുദ്രസമാനമായ ഒരു വിഷയത്തിലേക്ക് പ്രവേശിക്കലാണ്. ഈ വിഷയങ്ങളില്‍ ചിലതിനെ കുറിച്ചെങ്കിലും വളരെ ചുരുങ്ങിയ വാക്കുകളില്‍ ഒന്നോര്‍മ്മപ്പെടുത്തുന്നത് നമ്മള്‍ പഠിക്കാനുദ്ദേശിക്കുന്ന ഈ വിഷയത്തിലേക്ക് ഒരു ചെറിയ ഉള്‍ക്കാഴ്ച നല്‍കാന്‍ ഉപകരിക്കും.

  1. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ ഉച്ചാരണം:എങ്ങനെയാണ് ഈ വാക്ക് ശരിയായി ഉച്ചരിക്കേണ്ടതെന്ന് പഠിക്കല്‍ നിര്‍ബന്ധമാണ്‌. കാരണം ഇസ്‌ലാമിലേക്കുള്ള പ്രവേശനം തന്നെ ഈ വാക്കിലൂടെയാണ്. അത് ശരിയാംവണ്ണം ഉച്ചരിക്കാന്‍ ഓരോ മുസ്‌ലിമും ശ്രദ്ധിക്കേണ്ടതുണ്ട്.
  1. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അര്‍ഥം: ഈ മഹത്തരമായ വാക്യത്തിന്റെ അര്‍ഥം മനസ്സിലാക്കുക എന്നത് ഈ വിഷയത്തെ കുറിച്ച് പഠിക്കുന്നതിന്റെ ആദ്യത്തെ പടിയാണ്.
  1. ‘ശഹാദതി’ന്റെ അര്‍ഥം: ‘അശ്ഹദു’ (ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്ന് തുടക്കത്തില്‍ പറഞ്ഞു കൊണ്ടാണല്ലോ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറയുന്നത്? അപ്പോള്‍ എന്താണ് ‘ശഹാദത്’ എന്നും അറിയണം.
  1. അല്ലാഹുവിനെ കുറിച്ച്…: ആരാധനകള്‍ സര്‍വ്വവും അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനമാണ് സാക്ഷ്യവചനം. അപ്പോള്‍ അല്ലാഹുവിനെ കുറിച്ച് നന്നായി അറിയുകയും പഠിക്കുകയും വേണം.
  1. അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളുടെ ദൗര്‍ബല്യത്തെ കുറിച്ച്: അല്ലാഹുവിനു പുറമെയുള്ള ആരാധ്യവസ്തുക്കളെ നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് സാക്ഷ്യവചനം പ്രഖ്യാപിക്കുന്നവന്‍. എന്തു കൊണ്ട് അവ ആരാധനക്ക് അര്‍ഹരല്ല എന്നത് പഠിക്കലും ഈ വാക്യം മനസ്സിലാക്കുന്നതിന്റെ ഭാഗമാണ്.
  1. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഉച്ചരിച്ചവര്‍ക്കുള്ള പ്രതിഫലം: ഈ വാക്കിനു ഇസ്‌ലാമില്‍ അനേകം ശ്രേഷ്ഠതകളും വലിയ പ്രാധാന്യവുമുണ്ട്. അവ മനസ്സിലാക്കുന്നത് ഈ വാക്യം ഉച്ചരിക്കുന്നതിലും പ്രാവര്‍ത്തികമാക്കുന്നതിലും നമ്മെ കൂടുതല്‍ ശ്രദ്ധാലുക്കളാക്കും. നമ്മുടെ നിയ്യതിനെ (ഉദ്ദേശം) കൂടുതല്‍ ശുദ്ധീകരിക്കാനും അത് സഹായിക്കും.
  1. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ സ്തംഭങ്ങള്‍: ഈ വാക്യം രണ്ട് അടിസ്ഥാന സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്. അതില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ ഈ വാക്യത്തിന്റെ പൂര്‍ണ്ണത നഷ്ടപ്പെടും.
  1. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ നിബന്ധനകള്‍: ഈ വാക്യം പ്രഖ്യാപിക്കുന്നതോടെ ജീവിതത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണങ്ങളും, അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാന്‍ ആവശ്യമായ നിബന്ധനകളും പഠിക്കണം.
  1. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിനെ തകര്‍ക്കുന്ന കാര്യങ്ങള്‍: ഇസ്‌ലാമില്‍ പ്രവേശിക്കാനുള്ള ഒരേയൊരു മാര്‍ഗമാണ് സാക്ഷ്യവചനം പ്രഖ്യാപിക്കല്‍. ഇസ്‌ലാമില്‍ പ്രവേശിച്ചതിന് ശേഷം ഓരോ മുസ്‌ലിമും അതിനെ സുരക്ഷിതമായി നിലനിര്‍ത്തേണ്ടതുണ്ട്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിനെ ഇല്ലാതാക്കുന്ന കാര്യങ്ങള്‍ പഠിക്കുന്നത് ഇതിനു വേണ്ടിയാണ്.
  1. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിനുള്ള തെളിവുകള്‍: ഈ വാക്യം ശരിയാണെന്ന് സുവ്യക്തമായി ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകള്‍ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. അവ ചക്രവാളങ്ങളിലും മനുഷ്യരുടെ സ്വശരീരങ്ങളിലും പ്രപഞ്ചത്തിന്റെ ഓരോ മുക്കിലും മൂലയിലുമുണ്ട്. അല്ലാഹു അയച്ച നബിമാരുടെ വാക്കുകളിലും, അവന്‍ അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലും ഈ തെളിവുകള്‍ കാണാന്‍ കഴിയും. ഇവ പഠിക്കുന്നത് സാക്ഷ്യവചനത്തെ കുറിച്ച് കൂടുതല്‍ ദൃഡതയും വ്യക്തതയും ഉറപ്പും നല്‍കും.

മേല്‍ പറഞ്ഞത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിനെ കുറിച്ച് പഠിക്കേണ്ട പ്രധാനപ്പെട്ട ചില മേഖലകള്‍ മാത്രമാണ്. ചിന്തിച്ചാല്‍ ദീന്‍ മുഴുവന്‍ ഈ സാക്ഷ്യവചനത്തിന്റെ പൂര്‍ത്തീകരണമാണ്. അതിനാല്‍ ദീനിന്റെ ഏതു വശങ്ങള്‍ പഠിക്കുന്നതും ഒരു നിലക്ക് ശഹാദതിനെ കുറിച്ചുള്ള പഠനം തന്നെയാണ്.

ഈ പഠനത്തിനും അറിവ് നേടുന്നതിനും നബി -ﷺ- വാഗ്ദാനം ചെയ്ത പ്രതിഫലം കൂടി ഓര്‍മ്മപ്പെടുത്തി കൊണ്ട് അവസാനിപ്പിക്കാം. നബി -ﷺ- പറഞ്ഞു:

عَنْ عُثْمَانَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللهُ، دَخَلَ الْجَنَّةَ»

“ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അറിയുന്നവനായിരിക്കെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (മുസ്‌ലിം: 43)

അല്ലാഹു അവന്റെ ദീനില്‍ കൂടുതല്‍ വിജ്ഞാനവും അവഗാഹവും നമുക്കേവര്‍ക്കും നല്‍കി അനുഗ്രഹിക്കട്ടെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment