ചെറുകുറിപ്പുകള്‍

ഐക്യവും ഒരുമയും ഇസ്ലാമിൽ മാത്രം!

ശൈഖ് അബ്ദു റസാഖ് അൽ ബദർ -حَفِظَهُ اللهُ- പറഞ്ഞു: “എപ്പോഴൊക്കെ നീ അല്ലാഹുവിന്റെ കിത്താബിലേക്കും റസൂൽ-ﷺ-യുടെ സുന്നത്തിലേക്കും ആളുകളെ ക്ഷണിക്കുന്നുവോ, അപ്പോഴൊക്കെ നീ യോജിപ്പിലേക്കും ഐക്യത്തിലേക്കും ക്ഷണിക്കുന്ന പ്രബോധകനാണ്. കാരണം കിത്താബിലേക്കും സുന്നത്തിലേക്കുമുള്ള ക്ഷണമാണ് ജനങ്ങളെ ഒരുമിപ്പിക്കുന്നത്!

അങ്ങനെ അവർ (ജനങ്ങൾ)ആ ക്ഷണം സ്വീകരിച്ചു കൊണ്ട് കിത്താബും സുന്നത്തും മനസ്സിലാക്കുകയും അത് രണ്ടും അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌താൽ; തീർച്ചയായും അവർ ഒരുമിക്കുകയും ഐക്യപ്പെടുകയും പരസ്പരം സ്നേഹ ബന്ധം പുലർത്തുകയും അന്യോന്യം സഹായിക്കുകയും അങ്ങനെ ഭിന്നിപ്പിൽ നിന്നും കക്ഷിത്ത്വത്തിൽ രക്ഷപ്പെടുകയും ചെയ്യും! (അൽ ഫവാഇദുൽ മുഖ്തസ്വറ)

ആധുനിക മുസ്ലിം സംഘടനകളിലേക്കും കക്ഷികളിലേക്കും കണ്ണോടിച്ചാല്‍ ഇന്ന് പരസ്പരമുള്ള സ്നേഹവും ഐക്യവും അവരവരുടെ സംഘടനകളുടെയും പാർട്ടികളുടെയും അടിസ്ഥാനത്തിലാണ്. എന്തിനേറെ! പരസ്പരം ചിരിക്കുന്നതും സലാം പറയുന്നതും മടക്കുന്നതും പോലും അവനവന്റെ പാർട്ടിക്കാരനാണോ എന്ന് നോക്കിയാണ്!

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ!

എന്തു മാത്രം ഖേദകരമാണ്?!

മുസ്ലിം ഉമ്മത്തിന്റെ വിജയമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ അല്ലാഹുവിന്റെ കിതാബിലേക്കും റസൂൽ-ﷺ-യുടെ സുന്നത്തിലേക്കും പരിപൂർണ്ണമായി മടങ്ങാൻ നിങ്ങൾ ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ ഈ സമൂഹത്തെ ആ രണ്ടു കാര്യങ്ങളിലേക്കായിരിക്കണം ക്ഷണിക്കേണ്ടതും, അതാണ്‌ അവരെ പഠിപ്പിക്കേണ്ടതും.

അല്ലാതെ സംഘടനകളുടെയും പാർട്ടികളുടെയും പേരിൽ നടക്കുന്ന -നടത്തിക്കൊണ്ടിരിക്കുന്ന- ആധുനിക പ്രബോധനവും കൊണ്ടാണ് ഇന്ന് കാണുന്ന സംഘടനകളുടെ നേതാകന്മാർ ഓരോരുത്തരും മുസ്ലിം ഉമ്മത്തിന്റെ വിജയം ലക്ഷ്യം വെക്കുന്നത് എങ്കിൽ ആ വിജയമെത്ര വിദൂരമാണ്!! ഈ ഭിന്നിപ്പും ചിദ്രതയും ഉണ്ടാക്കിയവരെ കാത്തിരിക്കുന്നത് വേദനാജനകമായ ശിക്ഷയാണ് എന്ന കാര്യം മറന്ന് പോവരുത്!

അല്ലാഹുവിൽ അഭയം!

അല്ലാഹു പറഞ്ഞു:

(وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِنْ بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ)

“വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്‌. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്‌.” [ആലു ഇമ്രാൻ:105]

ഈ കക്ഷി മാത്സര്യം മുസ്ലിം ഉമ്മത്തിനെ ഭിന്നിപ്പിൽ നിന്ന് ഭിന്നിപ്പിലേക്കും കക്ഷിത്ത്വത്തിൽ നിന്ന് കക്ഷിത്ത്വത്തിലേക്കുമല്ലാതെ കൊണ്ടെത്തിക്കുകയില്ല. തീർച്ച!

നബി -ﷺ- നമ്മെ വിട്ടേച്ചു പോകുമ്പോൾ ഇസ്സത്തുള്ള പ്രതാപമുള്ള അവസ്ഥയായിരുന്നു മുസ്ലിമേ നമ്മുടേത്! ആ അവസ്ഥയിലേക്കുള്ള മടക്കമാണ് ലക്ഷ്യം എങ്കിൽ അല്ലാഹുവിന്റെ കിതാബും റസൂൽ -ﷺ- യുടെ സുന്നത്തുമാവട്ടെ നമ്മുടെ അടിസ്ഥാനം. അതിലേക്കാവട്ടെ അഭിപ്രായ വ്യത്യാസമുണ്ടായാൽ നമ്മുടെ മടക്കം. അതാവട്ടെ നമ്മുടെ എല്ലാമെല്ലാം.

എങ്കിൽ ഇൻഷാ അല്ലാഹ്… മുസ്ലിമീങ്ങൾക്ക് നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന പ്രതാപവും വീര്യവും ഐക്യവും ഒരുമയും വന്നെത്താൻ കാല താമസമുണ്ടാവുകയില്ല. യാതൊരു സംശയവും അക്കാര്യത്തിൽ ഉണ്ടാവേണ്ടതില്ല. അതല്ലാതെ എന്തിന്റെ പേരിൽ ഒരുമിച്ചാലും അതിനു ആയുസ്സ് കുറയും എന്ന കാര്യത്തിൽ സംശയം ഇല്ല! ഈ പറഞ്ഞതിന് എമ്പാടും ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും!

ആകാശ ഭൂമികളുടെ റബ്ബായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ് ഐക്യത്തിന്റെ ഒന്നാമത്തെ ഘടകം. അതാവണം ആദ്യത്തെ പ്രബോധനം. എല്ലാ അംബിയാക്കളും ചെയ്തു കാണിച്ചു തന്നതും അതാണ്‌. അതിലാണ് നമുക്ക് ഏറ്റവും നല്ല മാതൃകയുള്ളതും.

അല്ലാഹുവിന് മാത്രമേ ഇബാദത്ത് പാടുള്ളൂ എന്ന് പറയൽ ഒരിക്കലും ഭിന്നപ്പോ ചിദ്രതയോ അല്ല. അങ്ങനെ ആരെങ്കിലും മനസ്സിലാക്കി എങ്കിൽ അങ്ങേ അറ്റത്തെ വഴി കേടിലാണ് അവൻ എത്തിയിട്ടുള്ളത്. മറിച്ച് ഏറ്റവും വലിയ ഐക്യവും ഒരുമയുമാണ് തൗഹീദിലേക്കുള്ള ദഅവ എന്നത്.

ഇസ്ലാമിലെ പ്രധാനപ്പെട്ട പല ഇബാദത്തുകളും പരിശോധിച്ച് നോക്കിയാൽ -അതിനെക്കുറിച്ച് ചിന്തിച്ചു നോക്കിയാൽ- വലിയ അത്ഭുതം കാണാൻ സാധിക്കും. കോടാനുകോടി മനുഷ്യർ നിസ്കരിക്കുന്നത് ഒരേ കഅബയിലേക്ക് തിരിഞ്ഞു കൊണ്ടാണ്. അവരുടെ സ്വഫ്ഫ് കെട്ടുന്നത് പോലും വർണ്ണ വിവേചനമില്ലാതെയാണ്!

തീർന്നില്ല..

ലക്ഷക്കണക്കിന് ആളുകൾ ഒരേ വേഷത്തിൽ (ഇഹ്‌റാമിൽ), ഒരേ തൽബിയത്ത് ഉരുവിട്ട് കൊണ്ടാണ് ഹജ്ജ് എന്ന മഹത്തായ ഇബാദത്തിന് വേണ്ടി ഒരുമിച്ചു കൂടുന്നത്. അവിടെ കറുത്തവനെന്നോ വെളുത്തവനെന്നോ, സമ്പന്നനെന്നോ ദരിദ്രനെന്നോ, താഴ്ന്ന ജാതിയെന്നോ ഉയർന്ന ജാതിയെന്നോ,അറബിയെന്നോ അനറബിയെന്നോ വേർതിരിവില്ല. തഖ്‌വയുടെ അടിസ്ഥാനത്തിലല്ലാതെ.

എല്ലാ ആരാധനകളും ഒരേ ഒരു റബ്ബിലേക്കാണ്.

എല്ലാ പ്രാർത്ഥനകളും ഒരേ ഒരു റബ്ബിലേക്കാണ്.

സുബ്ഹാനല്ലാഹ്!

ഇതിലും വലിയ ഒരുമയും ഐക്യവും ഏതു മതത്തിലാണ് ഉള്ളത്?!

ജാഹിലിയ്യാ കാലഘട്ടത്തിൽ ജീവിച്ച അറബികളുടെ അവസ്ഥ നമുക്ക് പരിചയമില്ലേ..?

അങ്ങേ അറ്റത്തെ അജ്ഞതയിലായിരുന്ന, പരസ്പരം തമ്മിലടിച്ച് കൊണ്ടിരുന്ന ഒരു സമൂഹത്തെ ‘അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിക്കരുത്’ എന്ന് പറഞ്ഞു കൊണ്ടാണ് -അല്ലാഹുവിന്റെ കല്പനപ്രകാരം- അവന്റെ റസൂലായ മുഹമ്മദ് -ﷺ-നീണ്ട ഇരുപത്തി മൂന്നു വർഷങ്ങൾ കൊണ്ട് ലോകത്തിലെ തന്നെ ഉത്തമ സമൂഹമമായി മാറ്റിയത്. നിഷേധിക്കാൻ സാധിക്കാത്ത വിധം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സത്യമാണ് ഇത്.

അവരോട് അല്ലാഹു പറഞ്ഞു:

(وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَىٰ شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ)

“നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക, നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ നരകത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.” (ആലു ഇമ്രാൻ:103)

നോക്കൂ… അല്ലാഹുവിന്റെ റസൂൽ അവരെ ഒരുമിപ്പിച്ചതും ശുദ്ധീകരിച്ചതും സംസ്കരിച്ചതും അല്ലാഹുവിന്റെ കിതാബിലേക്കും അവിടുത്തെ സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടും അത് പഠിപ്പിച്ചു കൊണ്ടും അത് മുറുകെ പിടിക്കാൻ കല്പിച്ച് കൊണ്ടുമാണ് എന്നത് ബുദ്ധി നശിച്ചിട്ടില്ലാത്ത ആർക്കും മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമാണ്.

ഒന്നാലോചിച്ചു നോക്കൂ..

വ്യത്യസ്തമായ ആരാധ്യ വസ്തുക്കളെ ആരാധിക്കുന്നതിലൂടെ എവിടെയാണ് ഐക്യവും ഒരുമയും ഉണ്ടാവുക?!

ഒരു കൂട്ടർ കല്ലുകളോടും മരങ്ങളോടും വിളിച്ച് പ്രാർത്ഥിക്കുമ്പോൾ മറ്റൊരു വിഭാഗം വിഗ്രഹങ്ങളോടും ആൾദൈവങ്ങളോടും പ്രാർത്ഥിക്കുന്നു. ഇനി വേറൊരു വിഭാഗം അംബിയാക്കളോടും മരണപ്പെട്ടു പോയ മഹാന്മാരോടും ജാറങ്ങളിലും മഖ്‌ബറകളിലും വരെ പോയി കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവരോട് സഹായം ചോദിക്കുന്നു പ്രാർത്ഥിക്കുന്നു.

ഇതിനേക്കാൾ വലിയ ഭിന്നതയും ചിദ്രതയും വെറെയുണ്ടോ?!

അത് കൊണ്ട് -സഹോദരങ്ങളെ!- അല്ലാഹുവിന്റെ ദീനായ ഇസ്ലാമിലേക്ക് (തൗഹീദിലേക്ക്) മുഹമ്മദുൻ റസൂലുല്ലാഹി-ﷺ-യുടെ ചര്യയിലേക്ക് (സുന്നത്തിലേക്ക്) മടങ്ങൂ. എങ്കിൽ ഈ ലോകത്തും വരാനിരിക്കുന്ന പരലോകത്തും സമാധാനം കണ്ടെത്താം. രക്ഷപ്പെടാം.

അതെ മുസ്ലിമീങ്ങളേ!

കുഫ്ഫാറുകൾക്കെതിരെയുള്ള നമ്മുടെ പോരാട്ടം അല്ലാഹുവിന്റെ കിത്താബിലേക്കും റസൂലുല്ലാഹി-ﷺ-യുടെ സുന്നത്തിലേക്കും മടങ്ങിക്കൊണ്ടും അത് മുറുകെപ്പിടിച്ചു കൊണ്ടും അതിലേക്ക് ജനങ്ങളെ ക്ഷണിച്ച് കൊണ്ടുമാവട്ടെ! എങ്കിൽ വിജയം നമ്മുടെ കാൽ ചുവട്ടിലെത്തും സംശയമില്ല.

നമ്മൾ യഥാർത്ഥ ദീനിലാണെങ്കിൽ മുസ്ലിമേ നാം തന്നെയാണ് ഉന്നതന്മാർ.

അല്ലാഹു പറഞ്ഞു:

(وَلَا تَهِنُوا وَلَا تَحْزَنُوا وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ)

“നിങ്ങള്‍ ദൌര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്‌, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍.” [ആലു ഇമ്രാൻ:139]

അത് കൊണ്ട് ആകാശ ഭൂമികളുടെ റബ്ബിനെ സാക്ഷി നിർത്തി പറയട്ടെ!

ഇസ്ലാമിലല്ലാതെ കിത്താബിലേക്കും സുന്നത്തിലേക്കും മടങ്ങിയാലല്ലാതെ വിജയവും പ്രതാപവും സമാധാനവും ലഭിക്കാൻ മറ്റൊരു മാർഗ്ഗവും ഇല്ല!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

كَتَبَهُ: الاخُ سَعِيدُ بْنُ عَبْدِ السَّلَامِ

غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: